കണ്ണൂർ സർവകലാശാല: സിൻഡിക്കേറ്റ് അറിയാത്ത കോളജിന് സർക്കാർ അനുമതി
text_fieldsതിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ സിൻഡിക്കേറ്റ് അറിയാതെ വൈസ് ചാൻസലർ അനുവദിച്ച സ്വകാര്യ സ്വാശ്രയ കോളജിന് ഭരണാനുമതി നൽകി സർക്കാർ ഉത്തരവ്. വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ പടന്ന ടി.കെ.സി എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിക്ക് അനുവദിച്ച വിങ്സ് ആർട്സ് ആൻഡ് സയൻസ് കോളജിനാണ് സർക്കാർ അനുമതി നൽകിയത്.
രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങി, സർവകലാശാല ചട്ടങ്ങൾ അവഗണിച്ച് ഈ വർഷംതന്നെ അഫിലിയേഷൻ നൽകാനുള്ള തീരുമാനത്തിന് സർക്കാറിന്റെ അനുമതി തേടി സർവകലാശാല കത്തയച്ചിരുന്നു.
പുതിയ കോളജ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഏപ്രിൽ മാസത്തിൽ പൂർത്തിയാക്കണമെന്നും പുതിയ അക്കാദമിക വർഷം ആരംഭിക്കുന്നതിന് മുമ്പുതന്നെ അഫിലിയേഷൻ നൽകിയിരിക്കണമെന്നുമാണ് സർവകലാശാല ചട്ടത്തിലെ വ്യവസ്ഥ.
ഈ വ്യവസ്ഥ അവഗണിച്ചാണ് സർക്കാർ ഉത്തരവ്. പുതിയ കോളജ് അനുവദിക്കാനുള്ള അധികാരം സർവകലാശാല സിഡിക്കേറ്റിലാണ് നിക്ഷിപ്തമായിട്ടുള്ളത്. എന്നാൽ, സിൻഡിക്കേറ്റിന്റെ പരിഗണനക്ക് വെക്കാതെ വൈസ് ചാൻസലർ നേരിട്ട് രണ്ട് സിൻഡിക്കേറ്റ് അംഗങ്ങളെ പരിശോധനക്കായി ചുമതലപ്പെടുത്തിയിരുന്നു. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോളജ് അനുവദിക്കാൻ ജൂണിൽ സർക്കാറിന്റെ എൻ.ഒ.സിക്കായി വി.സി കത്തുനൽകുകയായിരുന്നു.
സർവകലാശാല ചട്ടപ്രകാരം ആർട്സ് ആൻഡ് സയൻസ് കോളജിന് അഞ്ച് ഏക്കർ ഭൂമി സ്വന്തമായി ഉണ്ടായിരിക്കണം. എന്നാൽ, കോളജ് അനുവദിച്ച സൊസൈറ്റിക്ക് ഭൂമിയുടെ കുറവുള്ളതും സ്ഥിരം കെട്ടിടം നിർമിക്കുന്നതിന് അനുമതിയുള്ള കരഭൂമിയില്ലെന്നുമുള്ള രേഖകൾ മറച്ചുവെച്ചാണ് സർവകലാശാല ശിപാർശ ചെയ്തതെന്നും ആരോപണമുയർന്നിരുന്നു.
ബി.കോം, ബി.ബി.എ, ബി.എസ്സി സ്ട്രീമിൽ അഞ്ച് കോഴ്സുകൾ ഈ വർഷം തന്നെ ആരംഭിക്കാനാണ് സർക്കാർ അനുമതി. മൊത്തം 185 സീറ്റുകളോടെയാണ് കോഴ്സുകൾ അനുവദിച്ചത്.
കണ്ണൂർ ജില്ലയിൽനിന്നുള്ള മന്ത്രിയുടെയും സിൻഡിക്കേറ്റ് അംഗമായിരുന്ന പ്രൈവറ്റ് സെക്രട്ടറിയുടെയും സമ്മർദത്തിന് വഴങ്ങിയാണ് വൈസ് ചാൻസലർ, സിൻഡിക്കേറ്റിനെ മറികടന്ന് കോളജിന് ശിപാർശ ചെയ്തതെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

