കണ്ണൂർ സർവകലാശാല സംഘർഷം: നേതാക്കളടക്കം 220 പേർക്കെതിരെ കേസ്
text_fieldsകണ്ണൂർ: കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പിനിടെയുണ്ടായ വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് കേസ്. അക്രമം തടയാൻ ശ്രമിച്ച പൊലീസ് സംഘത്തെ ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ് സംസ്ഥാന നേതാക്കൾ ഉൾപ്പെടെ 220 പേർക്കെതിരെയാണ് ടൗൺ പൊലീസ് കേസെടുത്തത്.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്, എം.എസ്.എഫ് സംസ്ഥാന ജന. സെക്രട്ടറി സി.കെ. നജാഫ്, കെ.എസ്.യു സംസ്ഥാന ജന. സെക്രട്ടറി ഫർഹാൻ മുണ്ടേരി എന്നിവർക്കെതിരെയും മട്ടന്നൂർ പെരിഞ്ചേരിയിലെ അശ്വന്ത് (22), ഏച്ചൂർ മിൽ റോഡിലെ സനത്ത് കുമാർ (22), പള്ളിക്കുന്നിലെ വൈഷ്ണവ് (26), കാഞ്ഞിലേരിയിലെ ടി. ആഷിഷ് (22), പാനൂരിലെ വൈഷ്ണവ് കാമ്പ്രത്ത് (23), ചേലേരിയിലെ സി.വി. അതുൽ (21), പയ്യന്നൂർ കണ്ടങ്കാളിയിലെ പുതിയടവൻ ഹൗസിൽ എം.പി. വൈഷ്ണവ്, പെരിങ്ങോത്തെ പി.വി. അഭിഷേക്, ശരത് രവീന്ദ്രൻ, ഏരുവേശിയിലെ ജോയൽ, അതുൽ, ഷബീർ എടയന്നൂർ, കാസർകോട്ടെ സിറാജ്, ഷാനിഫ്, അറഫാത്ത്, റിസ്വാൻ, മുഫ്സീർ, കണ്ണൂർ സിറ്റിയിലെ നജാബ് എന്നിവർക്കും കണ്ടാലറിയാവുന്ന 200 പേർക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. അതേ സമയം പൊതുമുതൽ നശിപ്പിച്ചതിന് കേസെടുക്കാത്തത് വലിയ വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്. സർവകലാശാലയുടെ പൂച്ചെട്ടികൾ നശിപ്പിക്കുകയും വാഹനങ്ങൾക്കുനേരെ അക്രമം കാട്ടുകയും ചെയ്തിട്ടും പൊതുമുതൽ നശിപ്പിച്ച വകുപ്പ് ചേർക്കാത്തതാണ് വലിയ ചർച്ചയായത്.
ബുധനാഴ്ച പരസ്പരം ഏറ്റുമുട്ടിയ ഇരു വിഭാഗത്തെയും ലാത്തിവീശിയാണ് പൊലീസ് വിരട്ടിയോടിച്ചത്. രാവിലെ 10 മണിക്കാരംഭിച്ച സംഘർഷം ഉച്ചയോടെയാണ് അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

