വി.സിയെ അയോഗ്യനാക്കിയ ദിവസം ചെയർമാനെ മാറ്റി ഇൻറർവ്യൂ; കണ്ണൂർ സർവകലാശാലയിലെ നിയമനം റദ്ദാക്കി
text_fieldsകൊച്ചി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറെ സുപ്രീംകോടതി അയോഗ്യനാക്കിയ ദിവസം നടത്തിയ രണ്ട് അസി. പ്രഫസർമാരുടെ നിയമനം ഹൈകോടതി റദ്ദാക്കി. 2023 നവംബർ 29, 30 തീയതികളിൽ ഭൂമിശാസ്ത്ര വകുപ്പിൽ അസി. പ്രഫസർ നിയമനത്തിന് നടത്തിയ ഇൻറർവ്യൂവിെൻറ അടിസ്ഥാനത്തിലുള്ള പട്ടിക ഡിസംബർ 12ന് സിൻഡിക്കേറ്റ് അംഗീകരിക്കുകയും 19ന് താൽക്കാലിക പട്ടിക പ്രസിദ്ധീകരിക്കുകയുമായിരുന്നു. ഈ നടപടികളാണ് ജസ്റ്റിസ് എൻ. നഗരേഷ് റദ്ദാക്കിയത്. മുൻ വിജ്ഞാപന പ്രകാരം പുതുതായി സെലക്ഷൻ കമ്മിറ്റി ചേർന്ന് വീണ്ടും നിയമനം നടത്താനും നിർദേശിച്ചു.
സെലക്ഷൻ കമ്മിറ്റി ചെയർമാനെ ഇന്റർവ്യൂ ആരംഭിച്ചശേഷം മാറ്റിയതും കമ്മിറ്റിയിലെ ഒരു വിദഗ്ധ അംഗം നിയമന പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥിയുടെ ഗവേഷണ സഹായിയുമായിരുന്നുവെന്നുമടക്കം പരാതികളാണ് ഹരജിക്കാർ ഉന്നയിച്ചത്. ഇന്റർവ്യൂവിെൻറ രണ്ടാംദിവസം 2023 നവംബർ 30നാണ് വൈസ് ചാൻസലറായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം സുപ്രീംകോടതി റദ്ദാക്കിയത്.
ഇതിന് പിന്നാലെയാണ് സെലക്ഷൻ കമ്മിറ്റി ചെയർമാനായിരുന്ന വി.സി പിന്മാറി മറ്റൊരു പ്രഫസറെ അധ്യക്ഷനായി നിയമിച്ച് ഇന്റർവ്യൂ പൂർത്തിയാക്കിയത്. ഇത് ചൂണ്ടിക്കാട്ടി ഇൻറർവ്യൂവിൽ പങ്കെടുത്ത ഡോ.കെ.പി. ബിന്ദു, ഡോ.പി.പി. ജിൻസി എന്നിവരാണ് ഹരജി നൽകിയത്. ഇന്റർവ്യൂ ആരംഭിച്ചശേഷം സെലക്ഷൻ കമ്മിറ്റി ചെയർമാനെ മാറ്റിയത് നിയമവിരുദ്ധമാണെന്ന് വിലയിരുത്തിയാണ് നിയമന നടപടികൾ റദ്ദാക്കിയത്.
സെലക്ഷൻ കമ്മിറ്റി ഒന്നാം റാങ്ക് നൽകിയ ഉദ്യോഗാർഥിയുടെ ഗവേഷണ സഹായിയായ ജെ.എൻ.യുവിലെ അധ്യാപകനെ ഇൻറർവ്യൂവിന് വിഷയ വിദഗ്ധനായി നിയമിച്ചത് ഹരജിക്കാർ അപാകതയായി ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

