3.15 മണിക്കൂറിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരെത്താം, ബജറ്റിൽ പ്രഖ്യാപനം; അതിവേഗ റെയിലുമായി ഇ.ശ്രീധരൻ
text_fieldsതിരുവനന്തപുരം: സിൽവർ ലൈനിന് ബദലായി അതിവേഗ റെയിൽപാതയുടെ വിവരങ്ങൾ പുറത്തുവിട്ട് ഇ.ശ്രീധരൻ. തിരുവനന്തപുരം മുതൽ കണ്ണുർ വരെയുള്ള പാതയിൽ 22 സ്റ്റേഷനുകളാവും ഉണ്ടാവുക. റെയിൽവേ സാന്നിധ്യമില്ലാത്ത മലപ്പുറം, കൊട്ടാരക്കര എന്നിവിടങ്ങളിലൂടെ അതിവേഗ റെയിൽപാത കടന്നുപോകും. 3.15 മണിക്കൂറിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരെത്താൻ സാധിക്കും.
രണ്ടര മണിക്കൂറിനുള്ളിൽ കോഴിക്കോടും ട്രെയിനുപയോഗിച്ച് എത്താം. ഓരോ അഞ്ച് മിനിറ്റിലും ട്രെയിനുണ്ടാവും. ഒരു ലക്ഷം കോടി രൂപ ചെലവ് വരുമെന്നും ഇ.ശ്രീധരൻ മലപ്പുറത്ത് പറഞ്ഞു.
എട്ട് കോച്ചിൽ 560 പേർക്ക് യാത്ര ചെയ്യാമെന്നും 200 കിലോ മീറ്റർ ആയിരിക്കും പരമാവധി വേഗമെന്നും ശ്രീധരൻ പറഞ്ഞു. ബിസിനസ്, ഫസ്റ്റ് ക്ലാസ്, ജനറൽ കോച്ചുകൾ ട്രെയിനിലുണ്ടാവും. നാല് വർഷത്തിനകം പദ്ധതി തീർക്കാനാവുമെന്നും മലപ്പുറം, കൊട്ടാരക്കര പോലെ റെയിൽവേ ഇല്ലാത്തിടത്തും പദ്ധതി എത്തുമെന്നും ഇ.ശ്രീധരൻ പറഞ്ഞു.
തിരുവനന്തപുരം സെൻട്രൽ, എയർപോർട്ട്, വർക്കല, കൊല്ലം, കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, കോട്ടയം, വൈക്കം, എറണാകുളം, ആലുവ, നെടുമ്പാശേരി, തൃശൂർ, കുന്നംകുളം, എടപ്പാൾ, തിരൂർ, മലപ്പുറം, കരിപ്പൂർ, കോഴിക്കോട്, തലശേരി, കണ്ണൂർ എന്നിവിടങ്ങളിലാവും സ്റ്റേഷനുകൾ ഉണ്ടാവുക. ഏഴുപത് ശതമാനവും ഉയരപ്പാതയായത് കൊണ്ട് സ്ഥലമേറ്റെടുപ്പ് കുറവായിരിക്കും. 20 ശതമാനം ടണലായിരിക്കുമെന്നും ഇ.ശ്രീധരൻ അറിയിച്ചു. കേന്ദ്രബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

