കണ്ണൂരിലേതും ആൾക്കൂട്ട മർദനം; ‘കരുതലോ’ടെ പൊലീസ്, എഫ്.ഐ.ആറിൽ ആൾക്കൂട്ട ആക്രമണം പരാമർശിച്ചില്ല
text_fieldsകണ്ണൂർ: ശ്രീകണ്ഠപുരത്ത് യു.പി സ്വദേശി ബാർബർ നയീം സല്‍മാനിയുടെ (49) മരണത്തിലേക്ക് നയിച്ചത് ആൾക്കൂട്ട മർദനമായിട്ടും ഹൃദയാഘാതമെന്ന പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിന്റെ പഴുതുപിടിച്ച് പൊലീസ്. മരിക്കുന്നതിന്റെ തലേന്ന് ഇദ്ദേഹത്തിന് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് പരാതി ലഭിച്ചിട്ടും ആൾക്കൂട്ട ആക്രമണം മൂലം മരിച്ചാൽ ചുമത്തുന്ന ബി.എൻ.എസ് 103 (1) വകുപ്പ് ചുമത്തിയിട്ടില്ല. ചത്തിസ്ഗഢ് സ്വദേശി പാലക്കാട്ട് ആൾക്കൂട്ട ആക്രമണത്തിൽ മരിച്ചതിന്റെ ഞെട്ടൽ മാറും മുമ്പേയുള്ള സംഭവമായതിനാൽ കണ്ണൂരിലേത് ഒതുക്കിത്തീർക്കുന്നുവെന്നാണ് വിമർശനം.
നയീമിന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തത്. സംഘം ചേർന്ന് മർദിച്ചതിന് ഏഴുപേർക്കെതിരെ പിന്നീട് കേസെടുത്തു. അതേസമയം, ആൾക്കൂട്ടക്കൊലപാതകമെന്ന നിലക്ക് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന് യു.പി. മുസ്തഫ കായക്കൂൽ എന്നയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
11വർഷമായി ശ്രീകണ്ഠപുരം ചേപ്പറമ്പിലെ ബാര്‍ബര്‍ ഷോപ്പിലെ ജീവനക്കാരനാണ് നയിം സല്‍മാനി. കഴിഞ്ഞ ക്രിസ്മസ് ദിവസം വൈകീട്ടാണ് ജിസ് വർഗീസ് എന്നയാൾ മുടിവെട്ടാനായി കടയിലെത്തിയതും കൂലിയെ ചൊല്ലി നയീമുമായി വാക് തർക്കമുണ്ടായതെന്നും കടയുടമ ജോണി സെബാസ്റ്റ്യൻ പറഞ്ഞു. ഫേഷ്യലിനും കട്ടിങ്ങിനുമായി 300 രൂപക്കുപകരം 250 രൂപയാണ് നൽകിയത്. ബാക്കി തുക ചോദിച്ചതാണ് പ്രകോപന കാരണം. ബാർബർ ഷോപ്പിലെ മർദനത്തിനുശേഷം താമസസ്ഥലത്ത് ജിസിന്റെ നേതൃത്വത്തിൽ ഏഴംഗ സംഘം എത്തി. പിതാവിനെ മർദിക്കുന്നത് തടയാനെത്തിയ 18കാരനായ മകൻ സഫാക്കത്തിനും മർദനമേറ്റു. പിറ്റേന്ന് രാവിലെ എട്ടരക്കാണ് നയിം സൽമാനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണകാരണം ഹൃദയാഘാതമാവാമെങ്കിലും നയീം അനുഭവിച്ച മാനസിക സംഘർഷം സമാനതകളില്ലാത്തതാണെന്ന് കടയുടമ ജോണി സെബാസ്റ്റ്യൻ ‘മാധ്യമ’ത്തോട് പറഞ്ഞു. 50 രൂപയുടെ പേരിലാണ് പാവപ്പെട്ട കുടുംബത്തിന്റെ അത്താണി ഇല്ലാതായത്. കടയിലെ ആക്രമണത്തിനുശേഷം താമസ സ്ഥലത്ത് അക്രമികൾ എത്തുന്നത് മുൻകൂട്ടിക്കണ്ട് അവരെ മറ്റൊരു റൂമിലേക്ക് മാറ്റിയിരുന്നു. നയീമിനെ കാണാത്തതിനാലാണ് ബൈക്ക് തകർത്തത്. അക്രമം നടന്നയുടൻ പൊലീസ് എത്തിയെങ്കിലും അക്രമിയെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിൽ നയീം ഇത്ര മാനസിക സംഘർഷം അനുഭവിക്കില്ലായിരുന്നു-ജോണി പറഞ്ഞു.
ഇതുസംബന്ധിച്ച് വിശദമായ പരാതി നൽകിയെങ്കിലും ജിസ്, അജയ്, ജിബിൻ എന്നിവരുൾപ്പെടെ ഏഴുപേർക്കെതിരെ കാര്യമായ വകുപ്പുകൾ ചേർക്കാതെയാണ് കേസെടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നയീമിന്റേത് ആൾക്കൂട്ടക്കൊലപാതകമാണെന്നും ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമീഷൻ ഉൾപ്പെടെയുള്ള ഏജൻസികൾക്ക് പരാതി നൽകുമെന്നും അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി സി.എ. നൗഷാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

