രണ്ട് സി.പി.എമ്മുകാരെ കൊന്നു, പേര് മാറ്റി വിവാഹം കഴിച്ച് സുഖജീവിതം; ആർ.എസ്.എസ്സുകാരൻ പിടിയിലായത് 22 വർഷത്തിന് ശേഷം
text_fieldsരാഗേഷ്
കണ്ണൂർ : സി.പി.എം പ്രവർത്തകരായ രണ്ടുപേരെ കൊലപ്പെടുത്തുകയും മറ്റൊരാളെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയായ മുൻ ആർ.എസ്.എസ് പ്രവർത്തകൻ 22 വർഷത്തിനുശേഷം പിടിയിൽ. ജാമ്യത്തിലിറങ്ങി മുങ്ങി ബംഗളൂരുവിൽ വ്യാജപേരിൽ കുടുംബസമേതം ഒളിവിൽ കഴിയുകയായിരുന്ന കണ്ണൂർ താവക്കര വലിയവളപ്പ് കാവിനടുത്ത് താമസിച്ചിരുന്ന രാഗേഷാണ് (49) പിടിയിലായത്. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ വിജയ ഭരത് റെഡ്ഡിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.
സി.പി.എം നേതാവായിരുന്ന കക്കട്ടിൽ കെ.പി. രവീന്ദ്രനെയും സി.പി.എം അനുഭാവി കൊമ്പ്ര പ്രദീപനെയും കൊലപ്പെടുത്തിയ കേസിലും കണ്ണൂർ സ്വദേശി യോഗാനന്ദനെ വധിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണിയാൾ.
2004ൽ കണ്ണൂർ സെൻട്രൽ ജയിലിൽ നടന്ന സംഘർഷത്തിലാണ് രവീന്ദ്രൻ കൊല്ലപ്പെട്ടത്. കേസിൽ 11ാം പ്രതിയാണ് രാഗേഷ്. 2001ൽ കൊമ്പ്ര പ്രദീപനെ കണ്ണൂർ എ.കെ.ജി ആശുപത്രി വളപ്പിലാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസുകളില്‍ ജാമ്യത്തിലിറങ്ങിയാണ് ഒളിവിൽപോയത്. ബംഗളൂരുവിൽ സാബു എന്ന പേരിൽ തൃശൂർ സ്വദേശിനിയെ വിവാഹം കഴിച്ച് താമസിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്.
പ്രതിയുടെ നാട്ടിൽ നടത്തിയ അന്വേഷണത്തിലാണ് ബംഗളൂരുവിൽ ജോലി ചെയ്യുന്ന വിവരം ലഭിച്ചത്. ബംഗളൂരുവിനടുത്തുള്ള തർബനഹള്ളി പ്രദേശത്ത് മറ്റൊരുപേരിൽ പ്രതി താമസിക്കുന്ന വിവരം കിട്ടി. കാറ്ററിങ് ജോലിയാണ് ചെയ്തിരുന്നത്. ജോലി കഴിഞ്ഞാൽ അധികസമയവും വീട്ടിൽ തന്നെ കഴിയുന്നതിനാൽ നാട്ടുകാർക്ക് ഇയാളെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു.
തർബനഹള്ളി കേന്ദ്രീകരിച്ച് ഒരാഴ്ചയോളം നടത്തിയ അന്വേഷണത്തിലാണ് രാഗേഷ് താമസിച്ചിരുന്ന വീട് തിരിച്ചറിഞ്ഞത്. തിങ്കളാഴ്ച അർധരാത്രിയോടെ പ്രത്യേക അന്വേഷണ സംഘം വീട് വളഞ്ഞു പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കണ്ണൂർ സിറ്റി നർകോട്ടിക് സെൽ എ.സി.പി വി.വി. മനോജിന്റെയും കണ്ണൂർ എ.സി.പി ആസാദിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

