അർജുൻ ആയങ്കിയെ ജയിലിലേക്കയച്ചത് സ്വന്തം അഭിഭാഷകൻ
text_fieldsഅർജുൻ ആയങ്കിയെ ഞായറാഴ്ച പുലർച്ച 2.45ന് പിടികൂടി കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ
കണ്ണൂർ: അർജുൻ ആയങ്കിക്ക് ജയിലിലേക്ക് വഴിയൊരുക്കിയത് സ്വന്തം അഭിഭാഷകൻതന്നെ. അറസ്റ്റിലായാൽ ഈ വഴി തിരഞ്ഞെടുക്കാമെന്ന ധാരണയിൽ തന്നെയാണ് ആയങ്കിയും അഭിഭാഷകനും എത്തിയിരുന്നതെന്ന് സാരം. കണ്ണൂർ കോടതി മജിസ്ട്രേറ്റ് അവധിയായതിനാലാണ് പൊലീസ് കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുന്നിൽ ആയങ്കിയെ ഹാജരാക്കിയത്.
അന്വേഷണ സംഘവും കോതമംഗലത്തുനിന്ന് അർജുനെ കസ്റ്റഡിയിലെടുക്കാൻ വന്ന പൊലീസ് സംഘവുമെല്ലാം വിചാരിച്ചത് താരതമ്യേന കുറഞ്ഞ വകുപ്പ് ചുമത്തിയ കണ്ണൂരിലെ കേസിന് അർജുൻ ആയങ്കിക്ക് ജാമ്യം ലഭിക്കുമെന്നായിരുന്നു. എന്നാൽ, അർജുൻ ആയങ്കിയുടെ വക്കീൽ എം.കെ. ഹസ്സൻ ഒരുമുഴം മുമ്പേ എറിയുകയായിരുന്നു. ജാമ്യാപേക്ഷ കൊടുത്തില്ലെന്ന് മാത്രമല്ല, ആയങ്കിക്കുമേൽ എല്ലാ കേസും ചുമത്താമെന്ന പൊലീസ് ധാരണ പൊളിക്കുകയും ചെയ്തു.
നിയമ സാധുതകൾ പരിശോധിച്ച് മറ്റ് കേസുകളിൽ കൂടി ജാമ്യം ലഭിച്ചശേഷം പുറത്തിറങ്ങാമെന്ന് വക്കീൽ മാധ്യമങ്ങളോട് പറഞ്ഞു. എറണാകുളം ഊന്നുകൽ പൊലീസ് സംഘം രാവിലെതന്നെ എത്തി അർജുൻ ആയങ്കിയുമായി മടങ്ങാമെന്ന ധാരണയിലായിരുന്നു വന്നത്. എന്നാൽ, വക്കീലും ആയങ്കിയും അതിസമർഥമായി പൊലീസിനെ പറ്റിച്ചു.
ആദ്യം കുടുക്കിയത് സുഹൃത്തുക്കളെ, പിന്നെ ആയങ്കിയും
കണ്ണൂർ: സംസ്ഥാനത്തുടനീളമുള്ള വ്യാപക തിരച്ചിലിൽ ആദ്യം പൊലീസ് കുടുക്കിയത് ആയങ്കിയുടെ സുഹൃത്തുക്കളെയാണ്. സുഹൃത്തുക്കളേയും സഹോദരന്മാരെയും കുടുക്കിയതിലൂടെ അർജുന്റെ ആത്മവിശ്വാസം കെടുത്തുക എന്നതായിരുന്നു പൊലീസിന്റെ ലക്ഷ്യം.
സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽനിന്നായി ഏഴോളം പേരെ കഴിഞ്ഞ ദിവസങ്ങളിലായി പൊലീസിന്റെ പ്രത്യേക ടീം പിടിച്ചിരുന്നു. അർജുന്റെ അടുത്ത സുഹൃത്തുക്കളായ ജിതിൻ, സുഭാഷ് എന്നിവരെ വളപട്ടണം പൊലീസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിൽ ജിതിന്റെ കാറാണ് അർജുൻ ഉപയോഗിച്ചിരുന്നത്. അർജുനെ കണ്ണൂരിൽ താളികാവിലെത്തിച്ച കാർ ഡ്രൈവറെയും പൊലീസ് പിടിച്ചതായും പറയുന്നു.
വെള്ളിയാഴ്ച പാലിയേക്കര ടോൾ പ്ലാസയിൽ അർജുൻ സഞ്ചരിച്ച കാർ കാമറയിൽപെട്ടിരുന്നു. എന്നാൽ, സുഹൃത്തിനോടൊപ്പം ആദ്യം യാത്ര ചെയ്തിരുന്ന ആയങ്കി പിന്നീട് ഒറ്റക്കായി യാത്ര. ഇത് പൊലീസിനെ വഴിതെറ്റിക്കാൻ മനഃപൂർവം ചെയ്തതായിരുന്നു. എടപ്പാളിൽ ഒരു മണിക്കൂറോളം ചെലവിട്ടതായി പൊലീസ് സ്പെഷൽ ബ്രാഞ്ചും കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. കണ്ണൂർ ഭാഗത്തേക്കാണ് അർജുൻ കടന്നിരുന്നതെന്ന് പൊലീസിന് ഏതാണ്ടുറപ്പായിരുന്നു.
കൂടാതെ, അർജുൻ ആയങ്കി ഒളിവിൽ പോകാനുപയോഗിച്ച കാർ ശനിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കണ്ണൂർ പുതിയ തെരുവിനടുത്തെ പനങ്കാവിലാണ് കാർ ഉപേക്ഷിച്ചനിലയിൽ കണ്ടത്. അർജുന്റെ ഭാര്യയുടെ പേരിലുള്ളതാണ് വാഹനം. അതേസമയം, പൊലീസിന്റെ ഓരോ നീക്കവും അപ്പപ്പോൾ ആയങ്കി മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഞായറാഴ്ച പുലർച്ചയുള്ള പൊലീസിന്റെ നീക്കം അന്വേഷണ സംഘത്തിലുള്ളവരല്ലാതെ മറ്റാരും അറിഞ്ഞതുമില്ല.
പെട്ടെന്ന് ഊരിപ്പോരാൻപറ്റുമോ എന്നത് കണ്ടറിയണം
ആയങ്കി ഒരു പരിധി വിട്ട് വളർന്നുവെന്ന് അയാൾക്ക് തോന്നലുണ്ടെന്ന് മനസ്സിലായപ്പോൾ തന്നെ അയാളെ നിയമപരമായി പൂട്ടാനുള്ള എല്ലാ നടപടികളും പൊലീസ് സ്വീകരിച്ചിരുന്നുവെന്ന് എ.ഡി.ജി.പി പി. വിജയൻ. കാപ്പ ഉൾപ്പെടെ ചുമത്തുന്ന കാര്യം പരിഗണിക്കും.
ജാമ്യമില്ലാത്ത വകുപ്പുള്ള കേസുകളും ആയങ്കിയുടെ പേരിലുണ്ട്. അത്ര പെട്ടെന്ന് ഊരിപ്പോരാൻ പറ്റുമോ എന്നത് കണ്ടറിയണം. ലൊക്കേഷനുകൾ വേഗത്തിൽ മാറിയാണ് സഞ്ചരിച്ചിരുന്നത്. പക്ഷേ അയാൾ പോകുന്നയിടങ്ങളിലൊക്കെ പൊലീസ് ഉണ്ടായിരുന്നുവെന്നും വിജയൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

