പുല്ല് നടാൻ മണ്ണ് തേടി പൊലീസ്; ഡിവൈ.എസ്.പിമാർക്ക് കമീഷണറുടെ സർക്കുലർ
text_fieldsകണ്ണൂർ: കാലിത്തീറ്റയിൽ പൊലീസുകാരന് എന്താ കാര്യം ?.. ചോദിക്കാൻ വരട്ടെ, കാര്യമുണ്ട്. കണ്ണൂർ ജില്ലയെ കാലിത്തീറ്റ സ്വയം പര്യപ്തമാക്കാൻ തീറ്റപ്പുൽ കൃഷിക്ക് അനുയോജ്യമായ ഭൂമി കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാൻ സബ് ഡിവിഷനൽ ഓഫിസർമാരോട് നിർദേശിച്ചിരിക്കയാണ് കണ്ണൂർ സിറ്റി പൊലീസ് കമീഷണർ. സിറ്റി പൊലീസ് കമ്മീഷണർക്കു വേണ്ടി അഡീഷനൽ സൂപ്രണ്ട് ആണ് വിചിത്ര സർക്കുലർ അയച്ചത്.
കണ്ണൂർ ജില്ലയെ കാലിത്തീറ്റ ലഭ്യതയിൽ സ്വയം പര്യാപ്തമാക്കുന്നതിനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി സബ് ഡിവിഷനു കീഴിൽ തീറ്റപ്പുൽ കൃഷിക്ക് അനുയോജ്യമായ ഭൂമിയുടെ ലഭ്യത റിപ്പോർട്ട് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് സർക്കുലറിലെ നിർദേശം. ആഗസ്റ്റ് 30ന് കണ്ണൂർ ജില്ല വികസന സമിതി യോഗത്തിലെ നടപടിപ്രകാരമാണ് നിർദേശമെന്നും സർക്കുലറിലുണ്ട്.
സെപ്റ്റംബർ 23നാണ് ഇതുസംബന്ധിച്ച് കമീഷണറുടെ ജില്ലയിലെ അസി. കമീഷണർമാർ/ഡിവൈ.എസ്.പിമാർ എന്നിവർക്ക് സർക്കുലർ അയച്ചത്. സർക്കുലറിനെതിരെ സേനക്കുള്ളിൽ തന്നെ പരിഹാസം ഉയരുകയാണ്. ഭൂമി കണ്ടെത്താൻ ബ്രോക്കർ പണിയും പൊലീസുകാർ എടുക്കണോ എന്നാണ് അടക്കം പറച്ചിൽ.
അതേസമയം, സർക്കുലർ ചർച്ചയായതോടെ വിശദീകരണക്കുറിപ്പുമായി പൊലീസ് രംഗത്തെത്തി. തീറ്റപ്പുൽ കൃഷി ചെയ്യുന്നതിനായി ജില്ലയിലെ വിവിധ വകുപ്പുകളുടെ കീഴിൽ ഒഴിവുള്ള ലഭ്യമായ സ്ഥലങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുന്നതിനുള്ള കണ്ണൂർ ജില്ലാ കലക്ടറുടെ യോഗത്തിലെ തീരുമാന പ്രകാരമാണ് സർക്കുലർ എന്നാണ് കുറിപ്പിൽ പറയുന്നത്. പൊലീസ് വകുപ്പിന്റെ കീഴിൽ സ്ഥലങ്ങളുണ്ടോ എന്ന അറിയിപ്പ് തെറ്റായ രീതിയിൽ അനുമാനം നടത്തി ചില വാർത്തകൾ വരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അത്തരത്തിൽ തെറ്റിദ്ധാരണ വരുന്ന രീതിയിലുള്ള വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്നെും കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

