ശ്രീകണ്ഠപുരം: കാണാതായ വയോധികെൻറ മൃതദേഹം തോട്ടിൻകരയിൽ കണ്ടെത്തിയത് കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ഏരുവേശി അരീക്കാമലയിലെ കാട്ടുനിലത്തിൽ കുര്യാക്കോസിനെ (78^അപ്പച്ചൻ) കൊലപ്പെടുത്തിയ കേസിലാണ് വലിയരീക്കാമല ചാത്തമലയിലെ പിണക്കാട്ട് ബിനോയിയെ (42) തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാർ അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച കാണാതായ കുര്യാക്കോസിനെ നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ രാത്രിയോടെ അരീക്കാമല പാറക്കടവ് തോടിനു സമീപം മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്ന സംശയമുയർന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ മരിച്ചയാളുടെ കഴുത്തിൽ പിടിമുറുക്കിയതിെൻറ ലക്ഷണങ്ങളുണ്ടെന്നും തെളിഞ്ഞു. തുടർന്നുള്ള അന്വേഷണത്തിലാണ് ബിനോയിയെ പിടികൂടിയത്.
ഇരുവരും റബർ തോട്ടത്തിനടുത്തു െവച്ച് മദ്യപിച്ച ശേഷം വാക്കുതർക്കമുണ്ടാവുകയും ബിനോയി കുര്യാക്കോസിനെ ഞെക്കിക്കൊല്ലുകയുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. മരണം ഉറപ്പിച്ചതോടെ വീണുമരിച്ചതാണെന്ന് കരുതാനായി കുര്യാക്കോസിനെയെടുത്ത് പാറക്കടവ് തോടിനരികിൽ കിടത്തിയ ശേഷം ബിനോയ് വീട്ടിലേക്ക് പോയി. പിന്നീട് നാട്ടുകാർ തിരച്ചിൽ നടത്തുമ്പോഴും മൃതദേഹം സംസ്കരിക്കുമ്പോഴും പ്രതി സ്ഥലത്തെത്തിയില്ല. കുര്യാക്കോസുമായി നിരന്തര ബന്ധമുണ്ടായ പ്രതി ഇവിടങ്ങളിൽ വരാത്തത് പ്രദേശവാസികളിൽ സംശയമുണർത്തി.
പൊലീസ് ചോദ്യംചെയ്തപ്പോഴാണ് ബിനോയി കുറ്റം സമ്മതിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
കുര്യാക്കോസിെൻറ ഭാര്യ: ഏലമ്മ (ചന്ദനക്കാംപാറ മുളക്കൽ കുടുംബാംഗം). മക്കൾ: സോജൻ, സജി, സിജു (ഖത്തർ), പ്രിയങ്ക (കൊൽക്കത്ത). മരുമക്കൾ: റിജി, റിൻസി (എറണാകുളം), ഷീന (ഖത്തർ), സിബു (കൊൽക്കത്ത).