കണ്ണൂര്‍ മെഡി. കോളജ് ഹൗസ് സര്ജന്മാരുടെ സമരം ഒമ്പതാം ദിവസത്തിലേക്ക്; പി.ജി ഡോക്ടര്‍മാർ നാളെ പണിമുടക്കും
text_fieldsപയ്യന്നൂർ: എട്ടുദിവസമായി പണിമുടക്ക് നടത്തുന്ന കണ്ണൂര്‍ ഗവ. മെഡി. കോളജിലെ ഹൗസ് സര്ജന്മാരോട് അനുഭാവം രേഖപ്പെടുത്തി പി.ജി ഡോക്ടര്‍മാര്‍ ബുധനാഴ്ച സൂചന പണിമുടക്ക് നടത്തും. സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഒരു നടപടികളും ഉണ്ടാകാത്ത സാഹചര്യത്തിലാണ് കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് യൂനിറ്റും അനുഭാവ സൂചകമായി പണിമുടക്കുന്നതെന്ന് അസോസിയേഷന് പ്രസിഡന്റ് ഡോ. കെ.ആര്. ഉമാദേവി അറിയിച്ചു.
പണിമുടക്കുന്നതായി കാണിച്ച് സംഘടന മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് കത്ത് നല്‍കിയിട്ടുണ്ട്. ഞായറാഴ്ച രാത്രി എം. വിജിന് എം.എല്‍.എ പണിമുടക്കുന്ന ഹൗസ് സര്ജന്മാരുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയിലെ തീരുമാനപ്രകാരം ചൊവ്വാഴ്ച ഹൗസ് സര്‍ജന്‍സ് അസോസിയേഷന് പ്രതിനിധികള്‍ ധന മന്ത്രിയുടെ പേഴ്സനല്‍ സെക്രട്ടറിയുമായി ചര്‍ച്ച നടത്തുന്നുണ്ട്. ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് തീരുമാനം. പണിമുടക്കുന്നതോടെ കാഷ്വാലിറ്റി ഉള്‍പ്പെടെയുള്ള വിഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കും.

