മേയർ തെരഞ്ഞെടുപ്പ് തുടങ്ങി; കടുത്ത അതൃപ്തിയിൽ ശ്രീലേഖ, പൊട്ടിത്തെറിച്ച് ലാലി ജെയിംസ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ആറ് കോർപറേഷനുകളിലെയും മേയർ, ഡപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്കും മുനിസിപ്പാലിറ്റി ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങി. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളിലും നഗരസഭകളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
രാവിലെ മേയർ തെരഞ്ഞെടുപ്പും ഉച്ച കഴിഞ്ഞ് 2.30ഓടെ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പും നടക്കും. കണ്ണൂർ, തൃശൂർ, കൊച്ചി എന്നിവിടങ്ങളിൽ മേയർ സ്ഥാനം വനിതാസംവരണമാണ്.
ബിജെപിക്ക് ഭൂരിപക്ഷമുള്ള തിരുവനന്തപുരത്ത് പാർട്ടി സംസ്ഥാന സെക്രട്ടറിയും കൊടുങ്ങാനൂർ കൗൺസിലറുമായ വി.വി. രാജേഷ് മേയറായും, കരുമം വാർഡിൽ നിന്നും വിജയിച്ച ആശാനാഥ് ഡെപ്യൂട്ടി മേയറായും മത്സരിക്കും.
യു.ഡി.എഫിന്റെ സ്ഥാനാർഥിയായി കെ.എസ്. ശബരീനാഥൻ മത്സരിക്കും. ആർ.പി. ശിവജിയാണ് എൽ.ഡി.എഫിന്റെ മേയർ സ്ഥാനാർഥി. നിലവിലെ കൗൺസിലർമാരിൽ 50 അംഗങ്ങളും ഒരുസ്വതന്ത്രന്റെ പിന്തുണയുമാണ് ബി.ജെ.പിക്കുള്ളത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ ബി.ജെ.പിക്ക് മേയർ സ്ഥാനത്തേക്ക് വിജയവും ഉറപ്പാണ്.
അതിനിടെ, കോർപറേഷൻ മേയർ സ്ഥാനം അവസാന നിമിഷം കൈവിട്ടുപോയതിൽ കടുത്ത അതൃപ്തിയിലാണ് മുൻ ഡി.ജി.പി ആർ. ശ്രീലേഖ. ശ്രീലേഖയെ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതൽ തന്നെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് പ്രചരിച്ചിരുന്നു. അവസാന നിമിഷം വരെയും മേയറായേക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഇന്നലെ നാടകീയമായാണ് വിവി രാജേഷിനെ മേയറാക്കാൻ പാർട്ടി തീരുമാനിച്ചത്. ഇതോടെ ശ്രീലേഖ കടുത്ത പ്രതിഷേധത്തിലാണ്. ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെട്ട് അനുനയിപ്പിക്കാനാണ് ശ്രമം.
കൊല്ലം കോര്‍പറേഷനില്‍ മേയര്‍ സ്ഥാനത്തേക്ക് കോൺഗ്രസിലെ എ.കെ ഹഫീസും ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ഡോ. ഉദയാ സുകുമാരനും മത്സരിക്കുക.
കൊച്ചിയിൽ മേയറാവുമെന്ന പ്രതീക്ഷ വാനോളമുണ്ടായിരുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെ തഴഞ്ഞ് വി.കെ. മിനിമോൾക്കും ഷൈനി മാത്യുവിനും മേയർ പദവി വീതംവെക്കുാനാണ് കോൺഗ്രസ് തീരുമാനിച്ചത്. ആദ്യം പൊട്ടിത്തെറി പ്രതീക്ഷിച്ചെങ്കിലും ദീപ്തി മേരി വർഗീസ് സംയമനം പാലിച്ചതോടെ പ്രശ്നങ്ങൾ താൽക്കാലികമായി കെട്ടടങ്ങി.
അതേസമയം, തൃശൂർ കോർപറേഷൻ മേയർ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ലാലി ജെയിംസ് ഇടഞ്ഞത് പാർട്ടിയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. സീനിയറായ തന്നെ പരിഗണിക്കാതെ മുൻ പരിചയം ഇല്ലാത്ത ഡോ.നിജി ജസ്റ്റിനെ മേയർ സ്ഥാനാർഥിയാക്കിയെന്നാണ് ലാലി പറയുന്നത്. മേയർ -ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിനുള്ള വിപ്പ് ലാലി ജെയിംസ് കൈപറ്റിയിട്ടില്ല. പാർട്ടി നേതൃത്വം പണം വാങ്ങി തൃശൂർ മേയർ പദവി വിറ്റെന്ന ഗുരുതര ആരോപണവും ലാലി ജെയിംസ് ഉന്നയിച്ചു.
കണ്ണൂർ കോർപറേഷനിൽ കോൺഗ്രസിലെ അഡ്വ. പി. ഇന്ദിര മേയറാകും. മേയർ സ്ഥാനം കോൺഗ്രസ്സും മുസ്ലിം ലീഗും രണ്ടര വർഷം വീതം പങ്കിടാനാണ് തീരുമാനം. മുസ്ലീം ലീഗിലെ കെ പി താഹിറാണ് ഡപ്യൂട്ടി മേയർ സ്ഥാനാർത്ഥി. എൽഡിഎഫി ലെ വികെ പ്രകാശിനി മേയർ സ്ഥാനത്തേക്കും എം പി അനിൽകുമാർ ഡപ്യൂട്ടി മേയർ സ്ഥാനത്തേക്കും മത്സരിക്കും.
കോഴിക്കോട് തടമ്പാട്ടു താഴം ഡിവിഷനിൽനിന്ന് വിജയിച്ച ഒ. സദാശിവൻ കോഴിക്കോട് കോർപറേഷൻ മേയറാകും. നിലവിലെ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷയും കോട്ടൂളി ഡിവിഷനിൽ നിന്ന് വിജയിക്കുകയും ചെയ്ത ഡോ. എസ്. ജയശ്രീ ഡെപ്യൂട്ടി മേയറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

