Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലക്കാട് ഡിവിഷൻ വിഭജനം: ഗാർഡ് ക്രൂ, ലോക്കോ പൈലറ്റ് ഡിപ്പോകൾ കണ്ണൂരിൽ പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
പാലക്കാട് ഡിവിഷൻ വിഭജനം: ഗാർഡ് ക്രൂ, ലോക്കോ പൈലറ്റ് ഡിപ്പോകൾ കണ്ണൂരിൽ പ്രവർത്തനമാരംഭിച്ചു
cancel

കണ്ണൂർ: പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗളൂരു മേഖല വേർപെട്ടതോടെ ഗാർഡ് ക്രൂ, ലോക്കോ പൈലറ്റ് ഡിപ്പോകൾ കണ്ണൂരിൽ പ്രവർത്തനമാരംഭിച്ചു. മുമ്പ്, കണ്ണൂരിൽ ക്രൂ ഡിപ്പോ പ്രവർത്തിച്ചിരുന്നു. ഇത് പിന്നീട് മംഗളൂരുവിലേക്കും കോഴിക്കോട്ടേക്കും മാറ്റുകയായിരുന്നു. മംഗളൂരു ജങ്ഷനിൽനിന്ന് പത്തുവീതം ഗുഡ്സ് ലോക്കോ പൈലറ്റുമാരെയും അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരെയും കണ്ണൂരിലേക്ക് മാറ്റിയിട്ടുണ്ട്. 28 വീതം ഗുഡ്സ് ലോക്കോ പൈലറ്റുമാരെയും അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരെയും കോഴിക്കോട്ടേക്കും മാറ്റി. മംഗളൂരു ജങ്ഷനിൽനിന്ന് 10 ട്രെയിൻ മാനേജർമാരുടെ തസ്തിക കണ്ണൂർ ഡിപ്പോയിലേക്കും ഒൻപതെണ്ണം കോഴിക്കോട്ടേക്കും മാറ്റിയിട്ടുണ്ട്.

നിലവിൽ സർവിസ് നടത്തിക്കഴിഞ്ഞ തീവണ്ടികൾ താൽക്കാലികമായി നിർത്തിയിടുന്ന സ്ഥലം, അടുത്ത സർവിസിനായി ട്രെയിൻ തയാറാക്കാൻ കോച്ചുകളുടെ പരിശോധന (സ്റ്റേബ്ലിങ് ലൈൻ), കോച്ചിന്റെ തകരാറുകൾ പരിശോധിക്കൽ, ചെറിയ അറ്റകുറ്റപ്പണികൾ (സിക്ക് ലൈൻ), ലോക്കോ പൈലറ്റുമാർക്കും മറ്റും വിശ്രമിക്കാനും ഉറങ്ങാനും ഭക്ഷണം കഴിക്കാനുമുള്ള സ്ഥലം (ലോക്കോ റണ്ണിങ് റൂം), ട്രെയിനിന്റെ ഓട്ടത്തിനിടെ ക്രൂവിനെ മാറ്റി മറ്റൊരു ക്രൂവിനെ ഏൽപിക്കുന്നു (ക്രൂ ചേഞ്ച്), വാട്ടറിങ് സൗകര്യം എന്നിവ കണ്ണൂരിലുണ്ട്.

ട്രെയിനിന്റെ അറ്റകുറ്റപ്പണിക്കുള്ള പിറ്റ്‌ലൈനും കോച്ചിങ് മെയ്ന്റനൻസ് ഷെഡും വരുന്നതോടെ കണ്ണൂർ സ്റ്റേഷൻ കൂടുതൽ വികസിക്കും. ട്രെയിൻ യാത്ര ആരംഭിക്കുന്നതിന് മുമ്പ് സർവിസിന് സജ്ജമാണെന്ന് ഉറപ്പാക്കി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത് കോച്ചിങ് ഡിപ്പോ ഓഫിസറാണ്. കണ്ണൂരിൽ റെയിൽവേക്ക് 20 ഏക്കർ സ്ഥലമുണ്ട്. ഇതിൽ 6.5 ഏക്കർ സ്വകാര്യ ഏജൻസിക്കു പാട്ടത്തിന് നൽകിയിരിക്കുകയാണ്.

മംഗളൂരു റെയിൽവേ മേഖല മൈസൂരു ഡിവിഷനിലേക്ക് മാറുന്നതിന്റെ ഭാഗമായി മൈസൂരു ഡിവിഷനിലെ ഉദ്യോഗസ്ഥർ മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തി. ഇവിടെയുള്ള പാലക്കാട് ഡിവിഷനെന്ന ബോർഡുകൾ പ്ലാറ്റ്ഫോമിൽ നിന്നും മാറ്റിത്തുടങ്ങി. ഓഫിസ് രേഖകളിലെ മാറ്റങ്ങളും ഇന്നുമുതൽ തുടങ്ങും. സൗത്ത് വെസ്റ്റേൺ റെയിൽവേയെന്ന് രേഖപ്പെടുത്തിയ ടിക്കറ്റുകൾ മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. ഇത് മെഷീനുകളിൽ സ്ഥാപിക്കുന്നതിനും മറ്റു സാങ്കേതിക മാറ്റങ്ങൾക്കുമായി ഇന്നലെ രാത്രി 12 മുതൽ ഇന്നു പുലർച്ചെ 4 വരെ റെയിൽവേ സ്റ്റേഷനിലെ സോഫ്റ്റ് വെയർ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. കേരളത്തിലേക്കുള്ള ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റങ്ങളുണ്ടാകുമെന്ന് സൂചനയുണ്ടെങ്കിലും ഇതുവരെ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.

കാസർകോട് ഭാഗത്തേക്ക് ഉള്ളാൾ റെയിൽവേ സ്റ്റേഷൻവരെ മൈസൂരു ഡിവിഷനിലേക്ക് മാറുമ്പോൾ പാലക്കാട് ഡിവിഷന്റെയും മൈസൂരു ഡിവിഷന്റെയും ഇന്റർചേഞ്ചിങ് പോയിന്റായി ഉള്ളാൾ റെയിൽവേ സ്റ്റേഷൻ മാറും. ഇതുവരെ പടീൽ സ്റ്റേഷനായിരുന്നു ഇരുഡിവിഷനുകളുടെയും ഇന്റർ ചേഞ്ചിങ് പോയിന്റ്. ദക്ഷിണ കന്നഡ ജില്ലയിലെ തോക്കൂർ റെയിൽവേ സ്റ്റേഷൻ കൊങ്കൺ റെയിൽവേയുടെ ഭാഗമായി നിലനിൽക്കുകയും കൊങ്കൺ-ദക്ഷിണ പശ്ചിമ റെയിൽവേയുടെ ഇന്റർചേഞ്ചിങ് പോയിന്റായി തുടരുകയും ചെയ്യും. പാലക്കാട് ഡിവിഷന്റെ പ്രധാന വരുമാനസ്രോതസ്സായ പനമ്പൂർ റെയിൽവേ യാഡ് ഇന്നുമുതൽ മൈസൂരു ഡിവിഷനു കീഴിൽവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kannur Guard, Loco Pilot Depots Start Functioning
Next Story