കണ്ണൂർ: ജില്ല പഞ്ചായത്ത് തില്ലേങ്കരി ഡിവിഷനിൽ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 64.45 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. യു.ഡി.എഫ് സ്ഥാനാർഥി ജോർജ് കുട്ടിയുടെ മരണത്തെ തുടർന്നായിരുന്നു ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
യു.ഡി.എഫിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ലിൻഡ ജെയിംസ്, എൽ.ഡി.എഫിൽ സി.പി.എമ്മിലെ ബിനോയ് കുര്യൻ, ബി.ജെ.പിയുടെ കെ. ജയപ്രകാശ് എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ. മൈക്കിൾ തോമസ് (ജെ.എസ്.എസ്), നാരായണ കുമാർ, ലിൻഡ, എം. ലിൻഡ എന്നിവരും സ്വതന്ത്രരായി മത്സരരംഗത്തുണ്ട്.
ആറളം, തില്ലേങ്കരി പഞ്ചായത്ത് വാർഡുകൾ പൂർണമായും അയ്യങ്കുന്ന് പഞ്ചായത്തില മൂന്ന് വാർഡുകളും പായം പഞ്ചായത്തിലെ രണ്ടു വാർഡും മുഴക്കുന്ന് പഞ്ചായത്തിലെ ഏഴ് വാർഡുകളും ചേർന്നതാണ് തില്ലേങ്കരി ഡിവിഷൻ.
വാർഡ് അടിസ്ഥാനത്തിലും ആകെ വോട്ടിലും എൽ.ഡി.എഫിന് മേൽക്കൈ ഉണ്ടെങ്കിലും കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന് യു.ഡി.എഫാണ് തില്ലേങ്കരി ഡിവിഷനിൽ വിജയിച്ചത്. വോെട്ടണ്ണൽ വെള്ളിയാഴ്ച നടക്കും. കണ്ണൂർ റൂറൽ എസ്.പി ഡോ. നവനീത് ശർമയുടെ നേതൃത്വത്തിൽ കനത്ത പൊലീസ് സന്നാഹത്തിെൻറ കാവലിലാണ് വോട്ടെടുപ്പ് നടന്നത്.