Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ദലിത് ഹർത്താലിനെ...

‘ദലിത് ഹർത്താലിനെ വിമർശിച്ചവർ, ശബരിമല ഹർത്താലിൽ നാളികേരം എറിഞ്ഞ് തല തകർത്താലും കുഴപ്പമില്ല എന്ന പക്ഷക്കാരായിരുന്നു’

text_fields
bookmark_border
‘ദലിത് ഹർത്താലിനെ വിമർശിച്ചവർ, ശബരിമല ഹർത്താലിൽ നാളികേരം എറിഞ്ഞ് തല തകർത്താലും കുഴപ്പമില്ല എന്ന പക്ഷക്കാരായിരുന്നു’
cancel

കൊച്ചി: നിതിൻ രാജിന്റെ മരണത്തിൽ നീതിതേടി ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ മാധ്യമങ്ങളും പൊലീസും കോടതിയും സമൂഹമാധ്യമങ്ങളും സ്വീകരിച്ച നിലപാടിനെ ചോദ്യംചെയ്ത് സാമൂഹികപ്രവർത്തകർ. ദലിത് ഹർത്താലിനെതിരെ നിലകൊണ്ടവർ മുമ്പ് നടന്ന ശബരിമല ഹർത്താലിൽ മൗന ഗുഹയിലായിരുന്നുവെന്ന് ആക്ടിവിസ്റ്റ് ടി.എസ്. ശ്യാംകുമാർ ചൂണ്ടിക്കാട്ടി.

‘ഹിന്ദുത്വവാദികളും കർമ സമിതി എന്ന പേരിൽ മറ്റ് ചിലരും ശബരിമല സ്ത്രീ പ്രവേശന വിധിയെ തുടർന്ന് ഹർത്താൽ എന്ന പേരിൽ കേരളത്തിൽ വ്യാപകമായ അക്രമമാണ് അഴിച്ചു വിട്ടത്. ഈ അക്രമത്തിൽ നിരവധി വാഹനങ്ങൾ നശിപ്പിച്ചു, വ്യാപാര സ്ഥാപനങ്ങൾ ആക്രമിച്ചു, ഏറെപ്പേർക്ക് പരിക്കേറ്റു. ഇങ്ങനെ പരക്കെ ആക്രമണം അഴിച്ചുവിട്ട കലാപത്തെ ആചാരസംരക്ഷണത്തിന്റെ പേരിലാണ് ന്യായീകരിച്ചത്. അന്ന് ഹിന്ദുത്വവാദികളുടെ പേ റോളിലുള്ള ആസ്ഥാന സംഘനിരീക്ഷകർ മൗന ഗുഹയിലായിരുന്നു.

ദലിതർ സമരം നടത്തിയപ്പോൾ സഞ്ചാര സ്വാതന്ത്ര്യ പ്രമേയം പാസാക്കുന്ന ചില "പുരോഗമന മാധ്യമ" സംഘങ്ങൾ അന്ന് ഹിന്ദുത്വ സേവകരായിരുന്നു. അന്നവർ ആചാരവാദികളായി അക്രമത്തിന് മുൻപിൽ മൗനം ഭജിച്ചു. അന്നാരും സഞ്ചാരസ്വാതന്ത്ര്യത്തെ കുറിച്ച് മിണ്ടിയതേയില്ല. ആചാരസംരക്ഷണത്തിന് വേണ്ടി നാളികേരം എറിഞ്ഞ് തല തകർത്താലും കുഴപ്പമില്ല എന്ന പക്ഷക്കാരായിരുന്നു അന്നവർ’ -ശ്യാംകുമാർ പറഞ്ഞു.


ഹർത്താലിനെതിരെ സെലക്ടീവ് പ്രതിഷേധം വേണ്ടെന്നും ഇന്നലെ നടന്ന ഹർത്താൽ മാത്രം മോശം എന്ന് പറയുന്നത് വളരെ മോശമാണെന്നും ഡോ. മരിയ ലിസ മാത്യു അഭിപ്രായ​പ്പെട്ടു. ‘ഹർത്താൽ ഒക്കെ നമ്മൾ എത്ര കണ്ടതാ. നാനാ ജാതി ഹർത്താലുകൾ. ആരു ഹർത്താൽ പ്രഖ്യാപിച്ചാലും ജനം ഹർത്താലിന് വേണ്ടി ഒരുങ്ങും. വീട്ടിലിരിക്കും. ഹർത്താലിൽ വഴിതടയും, കട അടപ്പിക്കും. ചിലപ്പോൾ അക്രമ സംഭവങ്ങളും ഉണ്ടാകും. എല്ലാ ഹർത്താലും മോശമാണ്. ഇന്നലെ നടന്ന ഹർത്താൽ മാത്രം മോശം എന്ന് പറയുന്നത് വളരെ മോശം. ജനാധിപത്യ രാജ്യമല്ലേ പ്രതിഷേധങ്ങളും സമരങ്ങളും ഉണ്ടാകട്ടെ. ഹർത്താലിനെതിരെ സെലക്ടീവ് പ്രതിഷേധം വേണ്ട’ -അവർ ചൂണ്ടിക്കാട്ടി.

‘ദലിത് പാർട്ടകളല്ലേ.. അവര് എന്ത് ചെയ്യാനാ’ എന്ന നിലയിൽ ചിലരെങ്കിലും ഹർത്താലിനെ കണ്ടതായി നടി മാലാ പാർവതി ചൂണ്ടിക്കാട്ടി. സമരത്തിനും അയിത്തം കല്പിച്ച് പല ജാതി കോമരങ്ങളുടെയും പ്രതികരണം കണ്ടതായും അവർ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

‘ഹർത്താൽ ഒരു സമരമാർഗമായി ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ എക്കാലത്തും സ്വീകരിച്ചിട്ടുണ്ട്. സാധാരണ ഹർത്താൽ പ്രഖ്യാ‌പനം വന്നാൽ, മുൻ കരുതലുകൾ എടുക്കാറുണ്ട്. എന്താ ചെയ്യേണ്ടത് എന്ന് എല്ലാവർക്കും അറിയുകയും ചെയ്യാം. അങ്ങനെ ഒന്നും ഇവിടെ ഉണ്ടാകാത്തത് എന്ത് കൊണ്ടായിരിക്കും? നിധിൻ രാജിന്റെ മരണം ചിലരുടെ മാത്രം ദു:ഖമാണ് എന്ന് തെളിയിക്കുന്ന പ്രതികരണമാണ് പലരിലും കണ്ടത്. സമരത്തിനും അയിത്തം കല്പിച്ച്.. പല ജാതി കോമരങ്ങളുടെയും പ്രതികരണം കണ്ടു.

സമരം ഒരു പ്രതിഷേധ മുറയാണ്. അത് കേരളത്തിൽ നടന്ന ആദ്യ സംഭവം എന്ന നിലയ്ക്കുള്ള വിചാരണകളോട് യോജിപ്പില്ല. നിതിന്റെ മരണം ഒരു ഗൗരവമായ പ്രശ്നമാണ്. ഇൻസ്റ്റിറ്റ്യൂഷനുകളിലും, മറ്റ് പല ഇടങ്ങളിൽ, ഇക്കാലത്തും വംശീയ അധിക്ഷേപം നടക്കുന്നുണ്ട് എന്നതും ഉറക്കെ പറയേണ്ട കാര്യമാണ്! നിതിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്തിട്ടില്ല എന്നത് ആർക്കും ഒരു പ്രശ്നമല്ലാത്തത് പോലെ! വംശീയതയുടെ വിഷയം ചർച്ച ചെയ്യുമ്പോൾ, കേരളം മുന്നോട്ടാണ് പോകുന്നത് എന്ന് തോന്നുന്നില്ല. ഈ ഹർത്താൽ അവശ്യമായിരുന്നു എന്ന് തോന്നാൻ കാരണവുമതാണ്’ -അവർ വ്യക്തമാക്കി.


രാഷ്ട്രീയ നേട്ടങ്ങൾക്ക് മാത്രമായി നിരവധി പാർട്ടികൾ റോഡ് തടയലും മണിക്കൂറുകളോളം ജനജീവിതം സ്തംഭിപ്പിക്കുന്നതും സ്വാഭാവികമായി കാണുന്ന ഒരു ജനത, നീതിക്ക് വേണ്ടിയുള്ള ഈ ഹർത്താലിനോട് പ്രതികരിക്കുന്ന രീതി തന്നെയാണ് കേരളത്തിൻ്റെ പൊതു വരേണ്യതയുടെ മാനദണ്ഡമെന്ന് രശ്മി കേളു പറഞ്ഞു.

‘ഹർത്താലിനും ജാതിയുണ്ട്. ​ഹർത്താൽ ഒരു പ്രതിഷേധ മാർഗമായി വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും അവലംബിച്ചു പോരുന്ന ഒന്നാണ്. എന്നാൽ, ഈ ഹർത്താൽ പ്രഖ്യാപിച്ചപ്പോൾ തന്നെ വ്യാപാര വ്യവസായി ഏകോപന സമിതികൾ സ്വീകരിച്ച നിലപാട് തന്നെയാണ്, കേരളത്തിൻ്റെ പൊതുവായ ദലിത് വിരുദ്ധതയുടെ ആദ്യ തെളിവ് എന്ന് പറയാം. മിന്നൽ ഹർത്താൽ ഒന്നുമായിരുന്നില്ലല്ലോ. രണ്ടാഴ്ച മുൻപ് പ്രഖ്യാപിച്ച ഒരു ഹർത്താലിന് മുൻകരുതൽ എടുക്കണമായിരുന്നു. ഹർത്താൽ വിരുദ്ധ പോസ്റ്റുകൾക്ക് അടിയിലെ കമൻറ് ഛർദ്ദിലുകൾ വായിക്കണം; മലയാളിയുടെ പുഴുത്ത ജാതിബോധത്തിൻ്റെ പുണ്ണ് തുറന്നിരിക്കുന്നത് കാണാം!

കേസിലെ മുഖ്യപ്രതി അധ്യാപകൻ റാമിൻറെ മുൻകൂർ ജാമ്യം നിഷേധിച്ച കോടതി വിധിയാണ് ഇപ്പോഴത്തെ പ്രതികരണ ആയുധം. കോടതി SC/ST ആക്ട് പ്രകാരം കേസ് എടുത്തില്ല എന്ന ഭാഗം ചൂണ്ടിക്കാട്ടിയാണ് നിതിൻ രാജ് എന്ന മിടുക്കനായ കുട്ടിയോട് കാണിച്ച വിവേചനത്തെയും അവഗണനയേയും ന്യായീകരിക്കുന്നത്. നിതിൻ രാജിന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്തിട്ടില്ല എന്നത് ഒരു വിഷയമേ ആകുന്നില്ല! ചെയ്യാത്ത തെറ്റിന് മാല മോഷ്ടിച്ചു എന്ന് ആരോപിച്ച് അറസ്റ്റിലായ ബിന്ദു എന്ന സ്ത്രീയെ പോലീസ് പരിഗണിച്ച രീതിയും ഉണ്ണികൃഷ്ണൻ പോറ്റിയെ പോലീസ് എഴുന്നള്ളിച്ചു കൊണ്ടുപോകുന്ന രീതിയും കണ്ടതാണ് ഹേ... ഉപ്പും ചോറും തന്നെയാണ് തിന്നുന്നത്. അതുകൊണ്ട് അധ്യാപക വരേണ്യ വർഗ്ഗം (അധികാരം വരേണ്യതയാണ്) ഒരു ദലിത് വിദ്യാർഥിയോട് എങ്ങനെ പെരുമാറും എന്നതിന് വേറെ ട്യൂഷൻ ഒന്നും വേണ്ട. അതിന്റെ പേരാണ് ജാതി വിവേചനം. ഈ കേസിനോട് പൊലീസും ഭരണകൂടവും സമീപിക്കുന്ന രീതിയാണ് ജാതി വിവേചനം. നീതിക്ക് വേണ്ടിയുള്ള ഈ ഹർത്താലിനോടുള്ള പൊതുബോധത്തിന്റെ നോട്ടത്തിന്റെ പേരാണ് ജാതി വിവേചനം. ഒറ്റപ്പെട്ട സംഭവങ്ങൾ പർവതീകരിച്ച് ഈ ഹർത്താലിന്റെ ആസൂത്രകരെ പ്രതിസ്ഥാനത്ത് നിർത്തുന്ന മാധ്യമങ്ങളുടെ രീതിയുടെ പേരാണ് ജാതിവിവേചനം... ഈ സമരം ഒരു നിതിൻ രാജിന് വേണ്ടി മാത്രം ഉള്ളതായിരുന്നില്ല. ഒരു കോളേജിൽ മാത്രം ഉദിച്ച വിവേചനവും അല്ല. ഈ സമരം ഒരു അത്യാവശ്യമായിരുന്നു!’ -അവർ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dalit hartalnithin deathdalitKannur Dental College Student Death
News Summary - kannur dental college student nithin raj dalit hartal
Next Story