‘ഇത് കേരളത്തിലെ ആദ്യ ഹർത്താലല്ല, നിർബന്ധമായും കടതുറക്കുമെന്ന് പറയുന്നതിന്റെ യുക്തിയെന്ത്? ആരെയാണിവർ വെല്ലുവിളിക്കുന്നത്?’ -സണ്ണി എം. കപിക്കാട്
text_fieldsകോട്ടയം: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻരാജിന്റെ ദുരൂഹ മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദലിത് ആദിവാസി സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിനെതിരെയുള്ള പ്രചാരണങ്ങളിൽ പ്രതികരണവുമായി ദലിത് ആക്ടിവിസ്റ്റ് സണ്ണി എം. കപിക്കാട്. ഇത് കേരളത്തിൽ ആദ്യമായി നടക്കുന്ന ഹർത്താൽ അല്ലെന്നും സാധാരണ ഹർത്താലുകളിൽ നടന്നാൽ ആൾക്കാർ പുറത്തിറങ്ങാതെ സഹകരിക്കാറുണ്ടെന്നും നിതിൻ രാജ് ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ കൂടിയായ അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഏറ്റവും സുപ്രധാന കാര്യത്തിനു വേണ്ടി കേരളത്തിലെ ദലിത് ആദിവാസി സംഘടനകൾ ഒരു ഹർത്താൽ പ്രഖ്യാപിക്കുമ്പോൾ നിർബന്ധമായും കടതുറക്കും എന്ന് പറയുന്നതിന്റെ യുക്തി എന്താണ്? ഇവർ ആരെയാണ് വെല്ലുവിളിക്കുന്നത്?’ -അദ്ദേഹം ചോദിച്ചു.
‘സംയുക്ത സമരസമിതി വാഹനങ്ങൾ തടയില്ലെന്നോ കടകൾ അടപ്പിക്കില്ലെന്നോ ഒന്നും പറഞ്ഞിട്ടില്ല. ഞങ്ങൾ പറഞ്ഞത് തികച്ചും സമാധാനപരമായ ഹർത്താൽ ആയിരിക്കും ഇത് എന്നാണ്. വ്യാപാരി വ്യവസായി സമൂഹവും ബസ് ഉടമകളും ഞങ്ങളോട് സഹകരിക്കണം എന്നാണ് പറഞ്ഞത്. കഴിഞ്ഞ പത്തിരുപത് ദിവസമായി കേരളം ചർച്ച ചെയ്യുന്ന, ഒരു കുട്ടി ദുരൂഹമായി മരിച്ചതിന്റെ കാരണം തേടിയാണ് ഞങ്ങൾ ഈ ഹർത്താലിന് ആഹ്വാനം ചെയ്തത്. ഇതിനോട് സഹകരിക്കാൻ വ്യാപാരി വ്യവസായി സമൂഹത്തിന് കത്തു കൊടുക്കുകയും അവർക്ക് നോട്ടീസ് കൊടുക്കുകയും ചെയ്തിട്ടുണ്ട്.
കോട്ടയത്തെ വ്യാപാരി സമൂഹം ഞങ്ങളോട് പൂർണമായും സഹകരിക്കുന്നുണ്ട്. പ്രൈവറ്റ് ബസുകൾ എല്ലാവരും ഞങ്ങളോട് സഹകരിക്കുന്നുണ്ട്. ഇത് എല്ലാ സ്ഥലത്തും ചെയ്യാവുന്ന കാര്യമേയുള്ളൂ. തടഞ്ഞ വാഹനങ്ങളെ 10 മിനിറ്റ് കഴിയുമ്പോൾ വിട്ടയക്കുന്നുണ്ട്. ദീർഘദൂര ബസുകൾ ഓടുന്നുണ്ട്. ഒരു ചെറുപ്പക്കാരൻ കൊല്ലപ്പെട്ട സാഹചര്യത്തെ കുറിച്ച് അന്വേഷിച്ച് കണ്ടുപിടിക്കണമെന്ന് പറയുന്ന ഒരു സമരത്തോട് സഹകരിക്കാൻ സമൂഹത്തിന് ഉത്തരവാദിത്വമുണ്ട്. സമരത്തെ സംഘർഷത്തിലേക്ക് കൊണ്ടുപോകരുത്. ഇത് സമരസമിതിയുടെ മാത്രം പ്രശ്നമല്ല. കേരളത്തിൽ ജീവിക്കുന്ന മുഴുവൻ മനുഷ്യരുടെയും മനസാക്ഷിയുടെ പ്രശ്നമാണ്.
ജോലിക്കും ശസ്ത്രക്രിയക്കും പരീക്ഷക്കും ഒക്കെ പോകുന്നവരെ തടയരുതെന്നാണ് ഞങ്ങൾ കൊടുത്ത നിർദേശം. അങ്ങനെയല്ലാതെ നടക്കുന്നുണ്ടെങ്കിൽ ഞങ്ങളെ അറിയിച്ചാൽ തീർച്ചയായും അതിൽ ഇടപെടും. ഞങ്ങൾ സമാധാനപരമായ ഹർത്താൽ തന്നെയാണ് ആഗ്രഹിക്കുന്നത്. ഏതെങ്കിലും പ്രവർത്തകരുടെ പക്ഷത്തുനിന്ന് തെറ്റായ പ്രവണത ഉണ്ടായിട്ടുണ്ടെങ്കിൽ അടിയന്തിരമായി ഇടപെട്ട് ഞങ്ങൾ തിരുത്തുമെന്നാണ് പറയാനുള്ളത്.
ഹർത്താൽ ആരാണ് നടത്തുന്നത് എന്ന് അറിയില്ല എന്നൊക്കെ പൊലീസ് പറയുന്നത് നുണയാണ്. സി.എസ്.ഡി.എസിന്റെ അധ്യക്ഷൻ കെ.കെ. സുരേഷ് ആണ് ആക്ഷൻ കൗൺസിലിന്റെ ചെയർമാൻ. ഞാൻ അതിന്റെ ജനറൽ കൺവീനർ ആണ്. കേരളത്തിൽ അറിയപ്പെടാത്ത ആൾക്കാരൊന്നും അല്ലല്ലോ ഇവർ. ആളുകളുടെ ജീവിതം ബുദ്ധിമുട്ടിലാക്കുക എന്നതിനോട് യോജിക്കുന്നില്ല. അങ്ങനെ ചെയ്യരുത് എന്ന് പ്രത്യേകം നിർദേശം കൊടുത്തിട്ടുണ്ട്’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

