Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഡോ. റാം ഒരു ഗുണ്ട,...

‘ഡോ. റാം ഒരു ഗുണ്ട, നോമ്പെടുക്കുന്ന കുട്ടികളെ വെള്ളംകുടിപ്പിക്കും, മുസ്‍ലിംകുട്ടികളോട് ശത്രുതയാണ്’ -നിതിൻ രാജിന്റെ സഹോദരി നികിത

text_fields
bookmark_border
‘ഡോ. റാം ഒരു ഗുണ്ട, നോമ്പെടുക്കുന്ന കുട്ടികളെ വെള്ളംകുടിപ്പിക്കും, മുസ്‍ലിംകുട്ടികളോട് ശത്രുതയാണ്’ -നിതിൻ രാജിന്റെ സഹോദരി നികിത
cancel

കണ്ണൂര്‍: നിതിന്‍രാജിന്റെ ദുരൂഹമരണത്തില്‍ ആരോപണ വിധേയരായ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാമിനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരി നികിത. റാം എന്നയാൾ ഒരു ഗുണ്ടയാണെന്നും മുസ്‍ലിം കുട്ടികളോട് അയാൾക്ക് വലിയ ശത്രുതയുണ്ടെന്ന് തനിക്കറിയാമെന്നും അവർ ചാനൽ ചർച്ചയിൽ പറഞ്ഞു.

‘നിതിൻ റാഗിങ് നേരിട്ടിരുന്നു. ഡോ. റാം നിറത്തിന്റെ പേരിൽ അപമാനിക്കും. ഉത്തരപേപ്പർ സ്റ്റാഫ് റൂമിൽനിന്ന് കൊണ്ടുവന്ന് ഓരോവാക്കും ഉറക്കെ വായിച്ച് പരിഹസിക്കും. ബാക്കിയുള്ള കുട്ടികളെ കൊണ്ട് ചിരിപ്പിക്കും. ചിരിക്കാത്തവരെ അടിക്കും. റാം തോൽപിക്കുമെന്ന് എല്ലാവർക്കും പേടി ഉണ്ട്. നീ ട്രാൻസ് ജെൻഡർ ആണോ എന്ന് അവനോട് ഈ ഡോക്ടർ ചോദിച്ചിട്ടുണ്ട്. പേപ്പട്ടിക്കും തെരുവുപട്ടിക്കും നിന്നെക്കാൾ യോഗ്യതയുണ്ടെന്നും പറഞ്ഞു. പുതിയ പ്രിൻസിപ്പൽ വന്നപ്പോൾ നിതിന് ആശ്വാസം ഉണ്ടായിരുന്നു. എന്നാൽ, അദ്ദേഹം വന്ന ശേഷവും ഇത് തന്നെ തുടർന്നു’ -നികിത പറഞ്ഞു.

‘അനാട്ടമി പരീക്ഷ കഴിഞ്ഞപ്പോൾ നല്ല സന്തോഷമായിരുന്നു. നല്ല എളുപ്പമായിരുന്നുവെന്നും 10അഡീഷനൽ ഷീറ്റ് അടക്കം 50 പേപ്പറിൽ എഴുതിയെന്ന് അവൻ വിളിച്ചു പറഞ്ഞു. രാവിലെ ഫുഡ് കഴിച്ചതെന്ത് എന്ന് മുതൽ രാത്രി വരെ ഉള്ള എല്ലാ കാര്യങ്ങളും അവൻ ഫോൺ വിളിച്ച് പറയുമായിരുന്നു. ദിവസവും രണ്ട് മണിക്കൂർ വരെ ഫോൺ വിളിക്കും. ആദ്യഘട്ടത്തിൽ അവിടെ നിൽക്കാൻ പ്രയാസമുള്ളതായി പറഞ്ഞിരുന്നു. അപ്പോൾ സർട്ടിഫിക്കറ്റൊന്നും തിരിച്ച് കിട്ടില്ലെന്ന് പേടിച്ച് അവിടെ തുടരുകയായിരുന്നു. ഡോ. റാം വേണമെങ്കിൽ ആ സർട്ടിഫിക്കറ്റുകൾ കീറിക്കളയും. എന്നിട്ട് ഇങ്ങനെ ഒരു സർട്ടിഫിക്കറ്റ് ഒന്നും തന്നില്ല എന്ന് പറയുകയും ചെയ്യും. അത്തരക്കാരനാണ് ഈ ഡോക്ടർ.

ഡോ. റാം എന്നയാൾ ഒരു ഗുണ്ടയാണ്. മുസ്‍ലിം കുട്ടികളോട് അയാൾക്ക് വലിയ ശത്രുതയുണ്ടെന്ന് എനിക്കറിയാമായിരുന്നു. ‘നീ എന്തിനാ നോമ്പെടുക്കുന്നത്? വെള്ളം കുടിയെടാ’ എന്ന് നോമ്പ് നോക്കുന്ന കുട്ടികളോട് ഈ ഡോക്ടർ പറയുമായിരുന്നു. നോമ്പ് നോക്കുന്ന കുട്ടികൾക്ക് വെള്ളം കൊടുക്കുക എന്നതാണ് അയാളുടെ പ്രധാന വിനോദം. അവർക്ക് മറ്റുകുട്ടികളെ കൊണ്ട് വെള്ളം കൊടുപ്പിക്കും. മറ്റ് കുട്ടികളെ കൊണ്ട് കുട്ടികളെ തല്ലിക്കും. പതുക്കെ തല്ലിയാൽ ശക്തിയിൽ തല്ലാൻ ആവശ്യപ്പെടും. അങ്ങനെ തല്ലിയിട്ട് എന്തെങ്കിലും സംഭവിച്ചാൽ എന്തു ചെയ്യും? കറുത്ത വ്യക്തിയെ കളിയാക്കാറാണ് പതിവ്.

ഇതൊക്കെ അറിഞ്ഞപ്പോൾ മന്ത്രി വീണ ജോർജിനെ അറിയിക്കാമെന്നും പരിശോധന നടക്കുന്നെങ്കിൽ നടക്കട്ടെ എന്നും ഞാൻ നിതിനോട് പറഞ്ഞിരുന്നു. എന്നാൽ, അവൻ പേടിച്ച് സമ്മതിച്ചില്ല. ഡോ. റാം അറിഞ്ഞാൽ പിന്നെ എന്നെ വെച്ചിരിക്കില്ല എന്നാണ് അവൻ പറഞ്ഞത്. എന്നിട്ടും അവൻ നമ്മുടെ കൂടെ ഇല്ലാതായി. എന്താണ് അവിടെ സംഭവിച്ചതെന്ന് അറിയാൻ അവന്റെ മരണ ശേഷം നമ്മൾ എല്ലാ സ്റ്റുഡന്റ്സിനെയും വിളിച്ചുനോക്കി. ആരും ഒന്നും പറയുന്നില്ല. ’ -നികിത പറഞ്ഞു.

അതിനിടെ, കേസിൽ പ്രതികളായ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാമും അസോ. പ്രഫസര്‍ ഡോ. കെ.ടി. സംഗീത നമ്പ്യാരും ഒളിവില്‍പോയെന്നും ഫോണ്‍ സ്വിച്ച്ഓഫാണെന്നും പൊലീസ് സ്ഥിരീകരിച്ചു. ആത്മഹത്യപ്രേരണക്കുറ്റവും പട്ടികജാതി-പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തി ഇരുവര്‍ക്കുമെതിരേ ജാമ്യമില്ലാ കേസ് രജിസ്റ്റര്‍ ചെയ്തയുടന്‍ അറസ്റ്റ് ഭയന്ന് ഒളിവിലായതായാണ് സൂചന.

കര്‍ണാടക സ്വദേശിയായ ഡോ. റാം 15 വര്‍ഷമായി കോളജില്‍ അധ്യാപകനാണ്. കണ്ണൂര്‍ ഏഴോം സ്വദേശിനിയായ ഡോ. സംഗീത വിദ്യർഥികളുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം സസ്‌പെന്‍ഷന്‍ നേരിട്ടിരുന്നു. ജാതിയുടെയും നിറത്തിന്റെയും ശരീരപ്രകൃതിയുടെയും പേരില്‍ ഡോ. റാം തങ്ങളെ നിരന്തരം അധിക്ഷേപിച്ചിരുന്നതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. ബ്ലാക്കി, വൈറ്റി, കോക്രോച്ച്, സ്‌കിന്നി എന്നിങ്ങനെ ആക്ഷേപിക്കുന്നത് പതിവായിരുന്നു. ക്രിസ്ത്യന്‍ വിദ്യാര്‍ഥിയാണെന്ന് അറിഞ്ഞാല്‍ ബൈബിള്‍ ചോദ്യങ്ങള്‍ ചോദിച്ച് അപമാനിക്കുന്ന ശൈലിയും ഉണ്ടായിരുന്നതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.

നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആക്ഷേപങ്ങളും പരാതികളും അന്വേഷിക്കുന്നതിന് സബ് കലക്ടറും തഹസിൽദാറും കോളജിലെത്തി പരിശോധന നടത്തി. തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രാഹ്, കണ്ണൂർ തഹസിൽദാർ കെ. രാഘവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച രാവിലെ 11ഓടെ ഡെന്റൽ കോളജിൽ എത്തിയത്.

പ്രിൻസിപ്പൽ വിനോദ്, വിദ്യാർഥികൾ എന്നിവരുമായി സബ് കലക്ടർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. കുട്ടികളിൽനിന്ന് വിശദമായി തെളിവുകൾ ശേഖരിക്കുമെന്നും റിപ്പോർട്ട് സർക്കാറിനും അന്വേഷണ ഉദ്യോഗസ്ഥർക്കും കൈമാറുമെന്നും സബ് കലക്ടർ അറിയിച്ചു.

നിതിൻരാജിന്റെ മരണത്തിൽ സംസ്ഥാന യുവജന കമീഷൻ ചെയർപേഴ്സൺ എം. ഷാജറിന്റെ നേതൃത്വത്തിൽ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെത്തി സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയെടുത്തു. യുവജന കമീഷൻ അംഗം പി.പി. രൺദീപ്, സംസ്ഥാന കോഓഡിനേറ്റർ അഡ്വ. രാഹുൽ രാജ്, ജില്ല കോഓഡിനേറ്റർ വൈഷ്ണവ് മഹേന്ദ്രൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Student Deathcaste discriminationkannur medical collegeKannur Dental College Student Death
News Summary - Kannur Dental College Student Death
Next Story