ഡോ. റാമിന്റെ അറസ്റ്റ്: ഹരജി ഇന്ന് പരിഗണിക്കും
text_fieldsകണ്ണൂർ: അഞ്ചരക്കണ്ടി കണ്ണൂർ ഡെന്റല്‍ കോളജ് വിദ്യാര്‍ഥി ആർ.എൽ. നിതിന്‍രാജ് ജീവനൊടുക്കിയ കേസില്‍ ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റുചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹരജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യാഴാഴ്ച പരിഗണിക്കും.
നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റുചെയ്തതെന്ന് ചൂണ്ടിക്കാട്ടി ഡോ. റാമിനെ തിങ്കളാഴ്ച കോടതി വിട്ടയച്ചതിനെ തുടർന്നാണ് വീണ്ടും അറസ്റ്റുചെയ്യണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്. കോടതി തീരുമാനത്തിനുശേഷം തുടർനടപടിയെടുക്കുമെന്ന് പുതുതായി അന്വേഷണ ചുമതലയേറ്റെടുത്ത ക്രൈംബ്രാഞ്ച് മലപ്പുറം എസ്.പി എം.പി. മോഹനചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂർ ക്രൈംബ്രാഞ്ചിലെ ഡിവൈ.എസ്.പി ജീവൻ ജോർജാണ് കേസ് അന്വേഷിക്കുക. ആവശ്യമെങ്കിൽ നിതിൻരാജിന്റെ കുടുംബത്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഡോ. റാമിനെ അറസ്റ്റുചെയ്ത സാഹചര്യം പരാമർശിച്ചില്ലെന്നു പറഞ്ഞാണ് കോടതി വിട്ടയച്ചത്. അറസ്റ്റ് സാഹചര്യം വ്യക്തമാക്കിയാണ് ഇപ്പോൾ ഹരജി നൽകിയത്. പ്രതിയെ കോടതി വിട്ടയച്ച സാഹചര്യം വ്യക്തമാക്കി ക്രൈംബ്രാഞ്ച് മേധാവിക്ക് വിശദീകരണം നേരത്തേ നൽകിയിട്ടുണ്ടെന്നും ചോദ്യങ്ങൾക്കു മറുപടിയായി അദ്ദേഹം പ്രതികരിച്ചു.
അറസ്റ്റുചെയ്ത ഡോ. റാമിനെ കോടതി വെറുതെ വിട്ടത് വിവാദമായ സാഹചര്യത്തിലാണ് കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ ആഭ്യന്തരവകുപ്പ് കഴിഞ്ഞദിവസം നീക്കിയത്. കേസന്വേഷിച്ച കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി കെ.വി. വേണുഗോപാലിൽനിന്ന് മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി എം.പി. മോഹന ചന്ദ്രൻ ഫയലുകൾ ഏറ്റെടുത്തു. അറസ്റ്റുസംബന്ധിച്ച് തലശ്ശേരി സെഷൻസ് കോടതി തീരുമാനത്തിനുശേഷം ചോദ്യം ചെയ്യലുൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

