മാടായി കോളജ് കോഴ ആരോപണം: എം.കെ. രാഘവനെതിരെ കണ്ണൂർ ഡി.സി.സി
text_fieldsകണ്ണൂർ: പയ്യന്നൂർ കോ- ഓപ് സൊസൈറ്റിയുടെ കീഴിലുള്ള മാടായി കോളജിൽ കോഴ വാങ്ങി നിയമനം നടത്തിയെന്ന ആരോപണത്തെ തുടർന്ന് എം.കെ. രാഘവൻ എം.പിക്കെതിരെ തുറന്ന പോരിന് കണ്ണൂർ ഡി.സി.സി. കോഴ വാങ്ങി എം.കെ. രാഘവന്റെ ബന്ധുവും സി.പി.എം പ്രവർത്തകരും ഉൾപ്പെടെയുള്ളവർക്ക് നിയമനം നൽകിയെന്ന കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ പരാതിക്ക് പിന്നാലെ കോളജിന്റെ ഡയറക്ടർമാരെ കണ്ണൂർ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് സസ്പെൻഡ് ചെയ്തതോടെയാണ് തുറന്ന പോരിലേക്ക് കടന്നത്.
എം.കെ. രാഘവന്റെ ബന്ധു എം.കെ. ബാലകൃഷ്ണൻ, പയ്യന്നൂർ, മാടായി സംഘടനാ ബ്ലോക്ക് പരിധിയിലുള്ള കെ.കെ. ഫൽഗുനൻ, എം. പ്രദീപ് കുമാർ, ടി. കരുണാകരൻ, പി.ടി. പ്രതീഷ് എന്നിവരെയാണ് പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻസ് ചെയ്തത്.
രാഘവനെ തടഞ്ഞ പ്രവർത്തകരെയും കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പി.എസ്.സി മാർഗനിർദേശം അനുസരിച്ചാണ് നിയമനം നടത്തിയതെന്നും എം.കെ. രാഘവൻ ചൊവ്വാഴ്ച വാർത്തസമ്മേളനത്തിൽ പ്രതികരിച്ചതിന് പിന്നാലെ ഇന്റർവ്യൂവിന് 10 ലക്ഷം രൂപയും ജോലികിട്ടിയശേഷം അഞ്ചുലക്ഷം രൂപയും വാങ്ങിയാണ് നിയമനം നടന്നതെന്നാരോപിച്ച് ഉദ്യോഗാർഥി രംഗത്തെത്തി. വിഷയത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ കടുത്ത പ്രതിഷേധമുണ്ട്.
രാഘവന്റെ കോലം കത്തിക്കൽ അടക്കമുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതിനുപിന്നാലെ കൂട്ട രാജി ഭീഷണിയും പ്രാദേശിക നേതൃത്വം മുഴക്കിയിട്ടുണ്ട്. ഡി.സി.സി ഭാരവാഹി അടക്കം രാജിക്കൊരുങ്ങിയതായാണ് വിവരം. രാഘവന്റെ നാടായ കുഞ്ഞിമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജിവെച്ചിരുന്നു. കോഴവാങ്ങി നിയമനം നടത്തിയതിൽ ജില്ല നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. നേതാക്കളുടെ മൗനസമ്മതത്തിലാണ് രാഘവന്റെ കോലം കത്തിക്കലടക്കം നടന്നതെന്ന് വിവരമുണ്ട്.
സി.പി.എം പ്രവർത്തകരെ നിയമിക്കാൻ നീക്കം നടക്കുന്നതായി കാണിച്ച് പരാതി ലഭിച്ചിരുന്നുവെന്നും ഇക്കാര്യം കോളജ് ചെയർമാനായ എം.കെ. രാഘവനുമായി സംസാരിച്ചിരുന്നെന്നും കെ.പി.സി.സിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും കണ്ണൂർ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

