കണ്ണൂർ കലക്ടർക്ക് പരിശീലനത്തിൽ പങ്കെടുക്കാൻ അനുമതി
text_fieldsതിരുവനന്തപുരം: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽപെട്ട കണ്ണൂർ കലക്ടർ അരുൺ കെ. വിജയന് പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയുടെ അനുമതി. കേന്ദ്ര പേഴ്സനൽ ആൻഡ് ട്രെയിനിങ് മന്ത്രാലയം നടത്തുന്ന ‘മിഡ് കരിയർ’ പരിശീലന പരിപാടിയിലേക്കാണ് അരുൺ പോകുന്നത്. അരുണിനൊപ്പം അനുമതി തേടിയ കാസർകോട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, കൊല്ലം കലക്ടർമാർക്ക് മുഖ്യമന്ത്രി അനുമതി നൽകിയില്ല. ഡിസംബർ രണ്ടിന് തുടങ്ങുന്ന പരിശീലനത്തിനായി പോയാൽ ഒരുമാസം കഴിഞ്ഞേ അരുൺ മടങ്ങിയെത്തുകയുള്ളൂ. എ.ഡി.എമ്മിന്‍റെ മരണത്തെ തുടർന്ന് തുടരുന്ന പ്രതിഷേധം അരുണിന്‍റെ അസാന്നിധ്യത്തിൽ തണുക്കാനാണ് അദ്ദേഹത്തിന് അനുമതി നൽകിയതെന്ന് വിമർശനമുയരുന്നുണ്ട്.
പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയുടെ എൻ.ഒ.സി ആവശ്യമാണ്. ഇതാവശ്യപ്പെട്ട മറ്റ് കലക്ടർമാർക്കുള്ള എൻ.ഒ.സി നിഷേധിക്കപ്പെട്ടിടത്താണ് കലക്ടർമാരിൽ അരുണിന് മാത്രം അനുമതി. ഓഫിസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി (ഫിനാൻഷ്യൽ റിസോഴ്സ്) ശ്രീറാം വെങ്കിട്ടരാമൻ, വനിത ശിശു വികസന ഡയറക്ടർ ഹരിത വി. കുമാർ, അഡീഷനൽ സെക്രട്ടറി (റവന്യൂ) ഷീബ ജോർജ്, ഡയറക്ടർ (എസ്.ടി വികസനം) രേണുരാജ് ഉൾപ്പെടെ 20 ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് പങ്കെടുക്കാനുള്ള ക്ലിയറൻസ് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.