ഇസ്രായേൽ പൊലീസിന് യൂനിഫോം നല്‍കുന്നത് കണ്ണൂരിലെ വസ്ത്രനിര്‍മാണ കമ്പനി നിർത്തി
text_fieldsRepresentational Image
കണ്ണൂർ: ഫലസ്തീനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതു വരെ ഇസ്രായേൽ പൊലീസിന് യൂനിഫോം നൽകേണ്ടെന്ന് കണ്ണൂരിലെ വസ്ത്ര നിർമാണകമ്പനി തീരുമാനിച്ചു. കണ്ണൂർ കൂത്തുപറമ്പിലെ വസ്ത്രനിർമാണ കമ്പനിയായ മരിയൻ അപ്പാരൽസ് ആണ് ഇത്തരമൊരു തീരുമാനമെടുത്തത്. ഫലസ്തീനിലെ ആശുപത്രികളിൽ വരെ ബോംബ് വർഷിച്ച് ആയിരങ്ങളെ കൊന്നൊടുക്കുന്ന സമീപനത്തോട് വിയോജിപ്പുള്ളതിനാലാണ് തീരുമാനമെന്ന് സ്ഥാപന അധികൃതര്‍ അറിയിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു.
2015 മുതല്‍ മരിയൻ അപ്പാരൽസ് ഇസ്രായേല്‍ പൊലീസിന് യൂനിഫോം നല്‍കുന്നുണ്ടായിരുന്നു. ഇതിന് പുറമേ ഫിലിപ്പീന്‍ ആര്‍മി, ഖത്തര്‍ എയര്‍ഫോഴ്‌സ്, ഖത്തർ പൊലീസ്, ബ്രിട്ടീഷ്-അമേരിക്കൻ സെക്യൂരിറ്റി കമ്പനികൾ, ആശുപത്രികൾ തുടങ്ങിയവക്കും യൂനിഫോമുകൾ തയാറാക്കുന്നതിൽ ഈ വസ്ത്രനിര്‍മാണ കമ്പനിയുടെ സാന്നിധ്യമുണ്ട്.
മലയാളിയായ തോമസ് ഓലിക്കല്‍ നേതൃത്വം നൽകുന്ന കമ്പനി 2008 മുതല്‍ കൂത്തുപറമ്പിലെ നിര്‍മാണ യൂനിറ്റിലാണ് യൂനിഫോമുകളെല്ലാം നിര്‍മിക്കുന്നതും പായ്ക്ക് ചെയ്യുന്നതും. മിഡില്‍ ഈസ്റ്റിലെ പല സ്‌കൂളുകള്‍ക്കും യൂനിഫോമുകള്‍, ആശുപത്രികളിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്‍റുകളിലേക്കുള്ള യൂനിഫോമുകള്‍, വിദേശ രാജ്യങ്ങളിലേക്കുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വസ്ത്രങ്ങള്‍, കോട്ടുകള്‍ തുടങ്ങിയവയും ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

