റസീനയുടെ ആത്മഹത്യകുറിപ്പിൽ ആൺസുഹൃത്തിന്റെ പങ്കിനെകുറിച്ച് പരാമർശമില്ലെന്ന് പൊലീസ്; മാതാവിന്റെ ആരോപണം അന്വേഷിക്കും, ഒളിവിലുള്ള സുഹൃത്തിനെ കണ്ടെത്തി ചോദ്യംചെയ്യും
text_fieldsജീവനൊടുക്കിയ റസീന, കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിധിൻ രാജ്
കണ്ണൂർ: മമ്പറം കായലോട്ടെ റസീനയുടെ ആത്മഹത്യയിൽ ആൺസുഹൃത്തിന് പങ്കുണ്ടെന്ന യുവതിയുടെ മാതാവ് ഫാത്തിമയുടെ ആരോപണം അന്വേഷിക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിധിൻ രാജ്. ‘റസീനയുടെ സുഹൃത്താണ് മരണത്തിന് പിന്നിലെന്നും പണവും സ്വർണവും കാണാനില്ലെന്നുമുള്ള മാതാവിന്റെ ആരോപണം പൊലീസ് പരിശോധിക്കും. ആത്മഹത്യ കുറിപ്പിൽ ഇത്തരത്തിൽ ഒരു പരാമർശം കണ്ടിട്ടില്ല. സാമ്പത്തികപരമായ എന്തെങ്കിലും ആരോപണങ്ങൾ കുടുംബത്തിന് ഉണ്ടെങ്കിൽ പൊലീസ് അന്വേഷിക്കും. ഇതുവരെ അത്തരത്തിലുള്ള കാര്യങ്ങൾ പൊലീസ് കണ്ടെത്തിയിട്ടില്ല’ -അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
‘ഞായറാഴ്ച വൈകീട്ട് പിണറായി പൊലീസ് സ്റ്റേഷൻ പരിധിയിൽ കായലോടാണ് സംഭവം. മരപ്പെട്ട സ്ത്രീയും സുഹൃത്തും സംസാരിച്ചുകൊണ്ടിരിക്കെ മൂന്ന് ബൈക്കുകളിൽ ആൾക്കാർ വരികയും അവർ ഇവരോട് മോശമായ രീതിയിൽ സംസാരിക്കുകയും മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം രാത്രിയോ ചൊവ്വാഴ്ച പുലർച്ചെയോ ആണ് റസീനയെ വീട്ടിൽ തൂങ്ങിമരിച്ചത്. അവരുടെ ശരീരത്തിൽ നിന്ന് തന്നെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിരുന്നു. സംഭവത്തിന് കാരണമായ സാഹചര്യങ്ങളെ കുറിച്ച് ഇതിൽ കൃത്യമായിട്ട് വിവരിക്കുന്നുണ്ട്. അവരും സുഹൃത്തും സംസാരിക്കുന്നതിനിടെ കുറേപ്പേർ വരികയും ഭീഷണിപ്പെടുത്തുകയും മോശമായ രീതിയിൽ ചിത്രീകരിക്കുകയും സുഹൃത്തിന്റെ ഫോൺ തട്ടിപ്പറിക്കുകയും ചെയ്തുവെന്ന് കുറിപ്പിൽ പറയുന്നു. തങ്ങളെ ജീവിക്കാൻ അനുവദിക്കില്ലെന്ന സാഹചര്യത്തിലാണ് ആത്മഹത്യചെയ്യുന്നതെന്നും കുറിപ്പിൽ പറയുന്നു. അറസ്റ്റിലായ മൂന്നുപേരിൽനിന്ന് ഇവരുടെ മൊബൈൽ അടക്കമുള്ളവ പിടികൂടിയിട്ടുണ്ട്. കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കും. ഇതിനായി സ്ത്രീയുടെ ആൺസുഹൃത്ത് മയ്യിൽ സ്വദേശി റഹീസിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. അയാൾ സംഭവത്തിന് ശേഷം ഒളിവിലാണ്. മരണത്തിൽ സുഹൃത്തിന് പങ്കുള്ളതായി ആത്മഹത്യ കുറിപ്പിൽ പറയുന്നില്ല’ -പൊലീസ് കമ്മീഷണർ നിധിൻ രാജ് പറഞ്ഞു.
സംഭവസ്ഥലത്ത് ആരൊക്കെ വന്നിട്ടുണ്ട് എന്ന് അന്വേഷിക്കും. അറസ്റ്റിലായവരിൽ യുവതിയുടെ ബന്ധുക്കളും അവരുടെ സുഹൃത്തുക്കളുമാണുള്ളത്. അറസ്റ്റിലായ പ്രതികളുടെ രാഷ്ട്രീയബന്ധവും രാഷ്ട്രീയ പാർട്ടിയുടെ ഓഫിസിൽ കൊണ്ടുപോയി എന്നതും അന്വേഷിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ആത്മഹത്യക്ക് കാരണം സദാചാര പൊലീസിങ് അല്ലെന്നാണ് യുവതിയുടെ മാതാവ് പറയുന്നത്. മരണത്തിന് പിന്നിൽ മയ്യിൽ സ്വദേശിയായ ആൺസുഹൃത്താണെന്നും അയാൾ റസീനയുടെ 40 പവൻ സ്വർണവും പണവും തട്ടിയെടുത്തുവെന്നും റസീനയുടെ മാതാവ് ഫാത്തിമ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്തവർ നിരപരാധികളാണെന്നും അവർ പറഞ്ഞു. ‘ഇയാളുമായി കൂട്ടുകെട്ട് തുടങ്ങിയ ശേഷം നമ്മളെ കണ്ടുകൂടാത്ത രീതിയിലായിരുന്നു പെരുമാറ്റം. ഇവൻ അവിടെ വരുന്ന വിവരം രണ്ടുദിവസം മുമ്പാണ് അറിഞ്ഞത്. എന്റെ മോൾക്ക് നീതി കിട്ടണം. ഇഷ്ടംപോലെ സ്വർണം ഉണ്ടായിരുന്നു. 40 പവനോളം നൽകിയാണ് വിവാഹം കഴിപ്പിച്ചത്. ഇപ്പോൾ സ്വർണം ഒന്നുമില്ല, കുറേ പേരോട് കടവും വാങ്ങിയിട്ടുണ്ട്. മരണശേഷമാണ് ഓരോരുത്തർ വന്ന് തങ്ങളോട് കടം വാങ്ങിയതിന്റെ കണക്ക് പറയുന്നത്. അവൻ മോളെ ചൂഷണം ചെയ്തിട്ടുണ്ട് എന്നാണ് തോന്നുന്നത്. ഒന്നുരണ്ടു തവണ കാറിൽ കയറി പോകുന്നത് ചിലർ കണ്ടിരുന്നു. ഇപ്പോൾ അറസ്റ്റിലയാവർ പാവങ്ങളാണ്. എന്റെ ചേച്ചിയുടെ മക്കളാണ്. അവർ നല്ലതിന് വേണ്ടിയാണ് ചെയ്തത്. അവർ കാറിൽനിന്ന് ഇറക്കി സ്കൂട്ടറിൽ വീട്ടിൽ കൊണ്ടുവിടുകയാണ് ചെയ്തത്. വേറെ ഒന്നും അവർ ചെയ്തിട്ടില്ല’ -മാതാവ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് റസീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സദാചാര ആക്രമണമെന്നരോപിച്ച് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് അറസ്റ്റ് ചെയ്തവരെല്ലാം യുവതിയുടെ ബന്ധുക്കളാണ്. പറമ്പായി സ്വദേശികളായ വി.സി. മുബഷിർ, കെ.എ. ഫൈസൽ, വി.കെ. റഫ്നാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആൺസുഹൃത്തുമായി കാറിൽ ഒരുമിച്ച് കണ്ടതിന്റെ പേരിൽ പരസ്യ വിചാരണ നടത്തിയ മനോവിഷമത്തിലാണ് പറമ്പായി സ്വദേശി റസീന ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
കണ്ണൂർ മയ്യിൽ സ്വദേശിയായ യുവാവിനൊപ്പം അച്ചങ്കര പള്ളിക്ക് സമീപം കാറിൽ സംസാരിച്ചിരിക്കുകയായിരുന്നു റസീന. നിലവിൽ അറസ്റ്റിലായ യുവാക്കൾ ഇരുവരെയും ചോദ്യം ചെയ്തു. തുടർന്ന് യുവാവിനെ സമീപത്തെ മൈതാനത്ത് എത്തിച്ച് ക്രൂരമായി മർദിച്ചെന്നും മൊബൈൽ ഫോണും ടാബും പ്രതികൾ കൈക്കലാക്കിയെന്നും പരാതിയുണ്ട്. പിന്നാലെയാണ് റസീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ പിണറായി പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

