കണ്ണൂര്‍ സ്‌ഫോടനം: പ്രതി അനൂപിന് കോണ്‍ഗ്രസ് ബന്ധമെന്ന് സി.പി.എം
text_fieldsകെ.കെ. രാഗേഷ്, അനൂപ്
കണ്ണൂര്‍: കണ്ണപുരം സ്‌ഫോടന കേസ് പ്രതി അനൂപ് മാലിക് കോണ്‍ഗ്രസ് ബന്ധമുള്ളയാളാണെന്ന ആരോപണവുമായി സി.പി.എം രംഗത്ത്. ഉത്സവ സമയം അല്ലാതിരുന്നിട്ടും സ്‌ഫോടക വസ്തുക്കള്‍ നിര്‍മിച്ചത് എന്തിനെന്ന് കണ്ടെത്തണമെന്നും ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് പറഞ്ഞു. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. നടന്നത് ബോംബ് നിര്‍മാണമാണെന്നും പിന്നില്‍ രാഷ്ട്രീയം ഉണ്ടോ എന്ന് പരിശോധിക്കണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.
സ്ഫോടനത്തിൽ തകർന്ന വീടിനു സമീപം താമസിക്കുന്നയാൾ നൽകിയ പരാതിയിൽ എക്‌സ്‌പ്ലോസിവ് സബ്സ്റ്റന്‍സ് ആക്ട് പ്രകാരമാണ് പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തത്. വീട് വാടകക്കെടുത്ത അനൂപ് മാലിക് എന്ന കണ്ണൂർ അലവിൽ സ്വദേശി അനൂപാണ് പ്രതി. ഉത്സവങ്ങൾക്കുൾപ്പെടെ പടക്കമെത്തിക്കുന്നയാളാണ് അനൂപ്. സ്ഫോടനത്തിൽ ഇയാളുടെ തൊഴിലാളി ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് മരിച്ചത്.
2016ലെ പൊടിക്കുണ്ട് സ്ഫോടനക്കേസ് ഉൾപ്പെടെ പല കേസുകളിലും പ്രതിയായ ആളാണ് അനൂപ്. മുമ്പത്തെ കേസുകളിൽ നിസാര വകുപ്പുകൾ ചേർത്ത് പൊലീസ് ഇയാളെ രക്ഷിക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കീഴറയിലെ വീട്ടിൽ ഉഗ്രസ്ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ വീടിന്റെ ഒരു ഭാഗം തകര്‍ന്നു. ചിന്നിച്ചിതറിയ നിലയിൽ മൃതദേഹ ഭാഗങ്ങളും കണ്ടെത്തി. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം എന്നായിരുന്നു ആദ്യം പുറത്തുവന്ന സൂചന. എന്നാൽ പടക്ക നിർമാണ വസ്തുക്കൾ പൊട്ടിത്തെറിച്ചതാകാമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
സംഭവത്തിൽ പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണപുരം പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തു. സ്ഫോടനത്തിന്‍റെ ആഘാതത്തിൽ സമീപത്തെ വീടുകളുടെ വാതിലുകൾ തകരുകയും ചുമരുകളിൽ വിള്ളലേൽക്കുകയും ചെയ്തു. ഗോവിന്ദന്‍ എന്നയാളുടെ വീടാണ് അനൂപ് വാടകയ്ക്ക് എടുത്തിരുന്നത്. 2016ലെ കേസിന് പുറമെ അനധികൃത പടക്കം സൂക്ഷിച്ചതിന് 2009ലും 2013ലും വളപട്ടണം പൊലീസ് ഇയാളെ പിടികൂടിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

