ഓടിയോടി കണ്ണൂരിന്‍റെ ഹൃദയം കവർന്ന് യു.എ.ഇ സാമ്പത്തിക മന്ത്രി
text_fieldsയു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി ഡോ. ഷംഷീർ വയലിനും മറ്റു ഫിറ്റ്നസ് പ്രേമികൾക്കുമൊപ്പം അഞ്ചു കിലോമീറ്റർ ഇയർ ഓഫ് കമ്മ്യൂണിറ്റി റണ്ണിൽ ഓടുന്നു
കണ്ണൂർ: സാമൂഹിക സേവനത്തിനും കൂട്ടായ്മകൾക്കും പ്രോത്സാഹനമേകിയുള്ള യു.എ.ഇയുടെ കമ്യൂണിറ്റി വർഷത്തിൽ ‘ഇയർ ഓഫ് കമ്യൂണിറ്റി റണ്ണി’ന് ആതിഥ്യമരുളി കണ്ണൂർ. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം കായിക കൂട്ടായ്‌മയിലൂടെ ഊഷ്മളമാക്കുന്ന വേദിയായി കണ്ണൂർ പയ്യാമ്പലം ബീച്ച്. യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി, മുൻനിര അത്‌ലറ്റുകൾക്കും ഫിറ്റ്‌നസ് പ്രേമികൾക്കുമൊപ്പം കമ്യൂണിറ്റി റണ്ണിൽ തകർത്തോടി കണ്ണൂരിന്‍റെ ഹൃദയം കവർന്നു. അദ്ദേഹത്തിന്‍റെ സാന്നിധ്യത്തിലൂടെ ഫിറ്റ്നസ്, ക്ഷേമം, ആഗോള കൂട്ടായ്മ എന്നിവയുടെ ആഘോഷ വേദികൂടിയായി കണ്ണൂർ ബീച്ച് റണ്ണിന്‍റെ എട്ടാം എഡിഷൻ.
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിനായി കേരളത്തിലെത്തിയ മന്ത്രി ആഗോള ആരോഗ്യ സംരംഭകനും ബീച്ച് റണ്ണിന്‍റെ രക്ഷാധികാരിയുമായ ഡോ. ഷംഷീർ വയലിലിന്‍റെ പ്രത്യേക ക്ഷണപ്രകാരമാണ് കണ്ണൂരിലെത്തിയത്. കമ്യൂണിറ്റി സേവനം, സന്നദ്ധപ്രവർത്തനം, ഫലപ്രദമായ സംരംഭങ്ങൾ എന്നിവയിലൂടെ സമൂഹത്തിന് സജീവമായ സംഭാവനകൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് യു.എ.ഇ.യു 2025 ഇയർ ഓഫ് കമ്യൂണിറ്റി വർഷമായി ആചരിക്കുന്നത്.
മലയാളികൾക്ക് രണ്ടാം വീടായ യു.എ.ഇയിലെ വർഷാചരണത്തിന്‍റെ മൂല്യങ്ങൾ ഉൾക്കൊണ്ടാണ് അഞ്ചു കിലോമീറ്റർ കമ്യൂണിറ്റി റൺ പ്രത്യേകമായി കണ്ണൂർ ബീച്ച് റണ്ണിൽ ഉൾപ്പെടുത്തിയത്. നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ റൺ ഫ്ലാഗ് ഓഫ് ചെയ്തു. പ്രശസ്ത കായിക താരം പ്രീജ ശ്രീധരനും സന്നിഹിതയായിരുന്നു. മന്ത്രിക്കൊപ്പം യു.എ.ഇ ആസ്ഥാനമായുള്ള വി.പി.എസ് ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ അടക്കം നൂറിലധികം പേർ ഈ വിഭാഗത്തിൽ ഓടി. നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച കണ്ണൂർ ബീച്ച് റണ്ണിൽ ഈ വർഷം വിവിധ വിഭാഗങ്ങളിലായി ആയിരത്തോളം പേർ പങ്കെടുത്തു. ഹാഫ് മാരത്തണിനുള്ള കേരളത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയും എത്യോപ്യയിൽ നിന്നുള്ള ആറ് അന്താരാഷ്ട്ര റണ്ണർമാരുടെ പങ്കാളിത്തവും മത്സരത്തിന്‍റെ വീര്യം കൂട്ടി.
പുരുഷന്മാരുടെ 21 കിലോമീറ്റർ ഓട്ടത്തിൽ എത്യോപ്യൻ റണ്ണറായ കെബെഡെ ബെർഹാനു നെഗാഷ് ഒന്നാം സ്ഥാനവും ലോകേഷ് ചൗധരി രണ്ടാം സ്ഥാനവും എം.എൻ. ആകാശ് മൂന്നാം സ്ഥാനവും നേടി. വനിതകളുടെ ഹാഫ് മാരത്തണിൽ അബെതു മിൽകിതു മുലെറ്റ ഒന്നാം സമ്മാനം കരസ്ഥമാക്കി. ഹോർഡോഫ മെസെറെറ്റ് ദിരിബയും ടെക്കൂ ബെകെലു അബെബെയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഓപൺ 10 കിലോമീറ്റർ ഓട്ടത്തിൽ മടിവളപ്പ എസ്. ഹംബിയും പുരുഷ വിഭാഗത്തിൽ നീതു കുമാരിയും യഥാക്രമം വിജയിച്ചു. മെംബേഴ്‌സ് ആൻഡ് ഫാമിലി 10 കി.മീ. വിഭാഗത്തിൽ ഡോ. ബിനു നമ്പ്യാർ പുരുഷ വിഭാഗത്തിൽ ജേതാവായി, വെറ്ററൻസ് 10 കി.മീ. വിഭാഗത്തിൽ നവീൻ കുമാർ പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ജയ്‌മോൾ കെ.ജോസഫ് വനിത വിഭാഗത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. മൂന്നു കി.മീ ഹെൽത്ത് അവയർനസ് റണ്ണിൽ പുരുഷവിഭാഗത്തിൽ ആദർശ് ഗോപി ഒന്നാം സ്ഥാനം നേടി. മെംബേഴ്‌സ് ആൻഡ് ഫാമിലി മൂന്നുകി.മീ. വിഭാഗത്തിൽ പുരുഷ വിഭാഗത്തിൽ സി.പി. ശ്യാമളനും വനിത വിഭാഗത്തിൽ നിഷ വിനോദും വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

