കണ്ണൂരിലും കോട്ടയത്തുമായി ചികിത്സയിലുള്ളത് 65 പേർ; റെഡ് സോണിലെ സ്ഥിതി ഇങ്ങനെയാണ്
text_fieldsകണ്ണൂർ/കോട്ടയം: കേന്ദ്ര സർക്കാർ ജില്ലകളെ സോണുകളായി വീണ്ടും പുനക്രമീകരിച്ചപ്പോൾ കേരളത്തിൽനിന്ന് റെഡ് സോണിൽ ഉൾപ്പെട്ടത് രണ്ട് ജില്ലകളാണ്. കണ്ണൂരും കോട്ടയവും. ഈ ജില്ലകളിൽ രണ്ടാംഘട്ട ലോക്ഡൗൺ പൂർത്തിയാകുന്ന മെയ് മൂന്നിന് ശേഷവും കർശന നിയന്ത്രണങ്ങൾ തുടർന്നേക്കും. സംസ്ഥാന സർക്കാർ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തരുതെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള കണ്ണൂർ നേരത്തെ തന്നെ റെഡ് സോണിൽ ഉൾപ്പെട്ടിരുന്നു. അതേസമയം, കഴിഞ്ഞ ഏതാനും ദിവസങ്ങൾ തുടർച്ചയായി കേസുകൾ റിപ്പോർട്ട് ചെയ്തതാണ് നേരത്തെ കേരളത്തിന്‍റെ കണക്കിൽ ഗ്രീൻ സോണിലായിരുന്ന കോട്ടയം റെഡ് സോണിലേക്ക് മാറാൻ കാരണം.
കണ്ണൂരിൽ നിലവിൽ 47 പേരാണ് കോവിഡ് ബാധിതരായിട്ടുള്ളത്. 2683 പേർ നിരീക്ഷണത്തിലുമുണ്ട്. 23 ഹോട്ട്സ്പോട്ടുകളാണ് കണ്ണൂരിലുള്ളത്. മൂന്ന് മുനിസിപ്പാലിറ്റികളും 20 പഞ്ചായത്തുകളും ഇവയിൽ ഉൾപ്പെടുന്നു.
കൂത്തുപറമ്പ്, പയ്യന്നൂര്‍, പാനൂര്‍ എന്നിവയാണ് ഇപ്പോഴും ഹോട്ട്സ്പോട്ട് ആയി തുടരുന്ന മുന്‍സിപ്പാലിറ്റികൾ. പാട്യം, മാടായി, നടുവില്‍, പെരളശേരി, കോട്ടയം, ചിറ്റാരിപ്പറമ്പ, കുന്നോത്തുപറമ്പ്, പാപ്പിനിശ്ശേരി, മാട്ടൂല്‍, മാങ്ങാട്ടിടം, ഏഴോം, ന്യൂമാഹി, പന്ന്യന്നൂര്‍, കൂടാളി, മുഴപ്പിലങ്ങാട്, മൊകേരി, ചെങ്ങളായി, കണിച്ചാർ, കതിരൂർ, കോളയാട് എന്നീ പഞ്ചായത്തുകളാണ് ഹോട്ട് സ്പോട്ടുകളായി തുടരുന്നത്.
കൊറോണ പോസിറ്റീവ് കേസുകള്‍, പ്രൈമറി-സെക്കൻഡറി കോണ്‍ക്ടാക്റ്റുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇവയെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിരിക്കുന്നത്.
കോട്ടയം ജില്ലയിൽ 18 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 1393 പേർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ 18 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാറും കോട്ടയത്തെ റെഡ് സോണായി പ്രഖ്യാപിച്ചിരുന്നു.
കോവിഡ് റെഡ് സോണായി പ്രഖ്യാപിക്കപ്പെട്ടതോടെ കോട്ടയത്തെ മുനിസിപ്പാലിറ്റികളിലെയും ഗ്രാമപഞ്ചായത്തുകളിലെയും മാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഉദയനാപുരം പഞ്ചായത്തിനെ പുതിയ ഹോട്ട്സ്പോട്ടായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് ഇന്‍സിഡന്‍റ് കമാന്‍ഡര്‍മാരായ തഹസില്‍ദാര്‍മാര്‍ക്ക് ചുമതല നല്‍കിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. മാര്‍ക്കറ്റുകൾക്കുള്ളില്‍ ലൈസന്‍സ് ഇല്ലാത്ത കച്ചവടവും വഴിയോരകച്ചവടവും പൂര്‍ണ്ണമായും നിരോധിച്ചു. എല്ലാ സ്ഥാപനങ്ങളിലും ഓരോ ദിവസവും ജോലി ചെയ്യുന്ന ജീവനക്കാരുടെ പേരും മേല്‍വിലാസവും അതത് സ്ഥാപന ഉടമകള്‍ ദിവസേന എഴുതി സൂക്ഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
