കണ്ണൂര്‍ വിമാനത്താവളത്തില്‍ സമഗ്ര മാറ്റം വരും -മുഖ്യമന്ത്രി
text_fieldsമട്ടന്നൂർ: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ സമഗ്ര വികസനം സാധ്യമാക്കുന്ന വിധത്തിലുള്ള വലിയ മാറ്റങ്ങള്‍ ഒരു വര്‍ഷത്തിനകം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. വിമാനത്താവളത്തില്‍ പുതുതായി ആരംഭിച്ച അന്താരാഷ്ട്ര എയര്‍ കാര്‍ഗോ കോംപ്ലക്സ്, നാല് മെഗാവാട്ട് സോളാര്‍ പവര്‍ പ്രോജക്ട് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിന് ‘പോയന്റ് ഓഫ് കോള്‍’ പദവി ഇല്ലാത്തതുകൊണ്ട് അന്താരാഷ്ട്ര സര്‍വിസുകള്‍ ഉള്‍പ്പെടെ നടത്താന്‍ പറ്റാത്ത സ്ഥിതിയുണ്ട്. ഇതിനൊരു പരിഹാരം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള എയര്‍ലൈനുകള്‍ പുതുതായി രണ്ടായിരത്തോളം വിമാനങ്ങളാണ് നിലവില്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. അവ വരുന്നതോടെ പൈലറ്റുമാരുടെ വലിയ കുറവ് രാജ്യത്തുണ്ടാകും. ഇതു മുന്നില്‍ കണ്ട് ഒരു പൈലറ്റ് പരിശീലന കേന്ദ്രം കണ്ണൂരില്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി വിമാനത്താവളത്തില്‍ സ്ഥലപരിമിതിയുള്ളതിനാല്‍ അവിടത്തെ സോളാര്‍ സംവിധാനത്തിന്റെ ഒരു ഭാഗം കണ്ണൂരിലേക്ക് മാറ്റുന്നത് പരിഗണനയിലുണ്ട്. കണ്ണൂര്‍ നഗരത്തെ എയര്‍പോര്‍ട്ടുമായി ബന്ധിപ്പിക്കുന്ന രണ്ട് റോഡുകളുടെ നിര്‍മാണം വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
റണ്‍വേ വികസനത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ച 240 ഏക്കര്‍ ഭൂമി അതിന് അനുയോജ്യമാണോ എന്ന കാര്യം പരിശോധിക്കുമെന്നും പ്രദേശവാസികളുടെ പ്രശ്നത്തിന് രണ്ടു മാസത്തിനുള്ളില്‍ ശാശ്വതമായ പരിഹാരമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. എം.പിമാരായ കെ. സുധാകരന്‍, പി. സന്തോഷ് കുമാര്‍, എം.എല്‍.എമാരായ ടി.ഒ. മോഹനന്‍, വി.കെ. സനോജ്, പി.കെ. പ്രവീണ്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍, കലക്ടര്‍ പി. വിഷ്ണുരാജ്, മേയര്‍ പി. ഇന്ദിര, മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ എന്‍. ഷാജിത്ത്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. സരള, കീഴല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വനജാക്ഷി, ഡോ. എം.പി. ഹസന്‍ കുഞ്ഞി, കിയാല്‍ എം.ഡി സി. ദിനേശ് കുമാര്‍, എൻജിനീയറിങ് വിഭാഗം തലവന്‍ അബ്ദുല്‍ സലാം, മുന്‍ കേന്ദ്ര സെക്രട്ടറി അശോക് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

