ഇനിയെത്രനാൾ ഈ കാനനസുന്ദരി...
text_fields‘‘കണ്ണാന്തളിയും കാട്ടുകുറിഞ്ഞിയും...’’ കവിഭാവനമാത്രമായി മാറുന്ന കാലം വിദൂരമല്ല. കവികൾ വാഴ്ത്തിയ കണ്ണാന്തളി പൂർണമായും മൺമറഞ്ഞുകൊണ്ടിരിക്കുന്നു. കണ്ണുകളെ വിരുന്നൂട്ടുന്ന ഈ കാനനസുന്ദരി ഓണപ്പൂക്കളിൽ പ്രധാന ഇനമാണ്. പശ്ചിമഘട്ടത്തിലെ നീർവാർചയുള്ള മണ്ണിലാണ് ഈ ചെടി കണ്ടുവരുന്നത്. മുൻകാലങ്ങളിൽ ഇടനാടൻ ചെങ്കൽക്കുന്നുകൾ ഉൾപ്പെടുന്ന പശ്ചിമഘട്ട മലനിരകളിൽ വ്യാപകമായി കണ്ടുവരുന്ന ഈ ചെറുസസ്യം അപൂർവമായി മാറിക്കൊണ്ടിരിക്കുകയാണ്. വംശനാശം നേരിടുന്ന പശ്ചിമഘട്ട സസ്യജാലങ്ങളിൽ ഒന്നാണിത്. അടിമുടി പൂത്തുനിൽക്കുന്ന കണ്ണാന്തളി ഓണക്കാലത്ത് മാവേലിയോടൊപ്പം കേരളത്തിലെത്തുന്നുവെന്നാണ് വിശ്വാസം.
ജി. ശങ്കരക്കുറുപ്പും തകഴിയും എം.ടിയും ഒ.എൻവിയും പി. ഭാസ്കരൻ മാസ്റ്ററുമുൾപ്പെടെയുള്ളവർ കണ്ണാന്തളിയുടെ സൗന്ദര്യം വാഴ്ത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഇതരഭാഷകളിലെ പ്രമുഖ കവികളും ഇൗ സുവർണസുന്ദരിയെ വർണിച്ചിട്ടുണ്ട്. മഴ പെയ്യുന്നതോടെയാണ് ഇവ മണ്ണിൽ കിളിർത്തുവരുന്നത്. െസപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് പുഷ്പിക്കുന്നത്. രണ്ടടിവരെ ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ തണ്ടിന് തീരെ ഉറപ്പില്ല. പച്ചനിറമാണ് തണ്ടിന്. മൂന്നിഞ്ചുവരെ നീളത്തിലുള്ള ഇലകളും നല്ല പച്ചയാണ്. ചെടിയുടെ അടിഭാഗം മുതൽ ശാഖകൾ ഉണ്ടാകും. ഈ ശാഖകളിലെല്ലാം പൂവും ഉണ്ടാവും.
പൂക്കൾ വേഗത്തിൽ കൊഴിയുന്നില്ലെന്നതാണ് മറ്റൊരു പ്രത്യേകത. എല്ലാ ശാഖകളിലും പൂവിരിയുന്നതുവരെ ആദ്യം വിരിഞ്ഞപൂവുകൾ വാടാതെ നിൽക്കുന്നുണ്ടാകും. ഏറ്റവും മുകളിലത്തെ പൂവിന്ന് വലുപ്പംകൂടും. വിടർന്ന പൂവിെൻറ ഇതളുകൾക്കടിയിൽ ഒരു മുഴപോലെ അണ്ഡം കാണപ്പെടുന്നു. സാധാരണയായി രണ്ടു തരത്തിലുള്ള ചെടികൾ കാണപ്പെടുന്നുണ്ട്. ചെടികൾ തമ്മിൽ വ്യത്യാസമില്ലെങ്കിലും പൂക്കളിൽ നേരിയ വ്യത്യാസം കാണാം. നീലകർന്ന വെള്ളയും മഞ്ഞകലർന്ന വെള്ളയുമാണ് ഈ വ്യത്യാസം. ഇതിൽ നീല കലർന്ന വെള്ളയാണ് കൂടുതൽ സുന്ദരി. പൂവിതളുകളുടെ മധ്യത്തിലെ മഞ്ഞ കേസരങ്ങൾക്ക് സൗന്ദര്യം വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുണ്ട്. വടക്കേ മലബാറിൽ കൃഷ്ണപ്പൂ, പറമ്പൻ പൂ എന്നും ഇതിനു വിളിപ്പേരുണ്ട്. ജന്മാഷ്ടമി നാളിൽ കൃഷ്ണവിഗ്രഹത്തിന് മുന്നിൽ ഈ പൂവിടാറുണ്ട്. ‘കോബ്രേറ്റേസിയ’ കുടുംബാംഗമായ ഈ ചെടിയുടെ ശാസ്ത്രനാമം ‘ടെർമിനാലായ കേബുലാ റെറ്റ്സ്’ എന്നാണ്. പശ്ചിമഘട്ടംതന്നെയാണ് ജന്മസ്ഥലം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
