ബ്രൂവറി പ്ലാന്റിനെതിരെ പ്രതിഷേധം ശക്തം; അടിയന്തര യോഗം വിളിച്ച് എലപ്പുള്ളി പഞ്ചായത്ത്; പ്രമേയം പാസാക്കും
text_fieldsപഞ്ചായത്ത് പ്രസിഡന്റ് കെ. രേവതി ബാബു
പാലക്കാട്: കുടിവെള്ളക്ഷാമം രൂക്ഷമായ എലപ്പുള്ളിയിൽ സ്വകാര്യ കമ്പനിക്ക് മദ്യനിർമാണശാല അനുവദിച്ചതിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാരും എലപ്പുള്ളി ഗ്രാമപഞ്ചായത്തും. വിവാദ വിഷയം ചർച്ച ചെയ്യാൻ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗം വിളിച്ചു. നാളെയാണ് യോഗം നടക്കുക. സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഭരണസമിതി പ്രത്യേക പ്രമേയം പാസാക്കുമെന്നും പ്രമേയം സർക്കാറിന് കൈമാറുമെന്ന് പ്രസിഡന്റ് കെ. രേവതി ബാബു മാധ്യമങ്ങളെ അറിയിച്ചു.
ഭൂഗർഭ ജലമൂറ്റുന്ന മദ്യനിർമാണശാല അനുവദിക്കില്ലെന്നും ഇതിനെതിരെ പ്രമേയം അവതരിപ്പിക്കുമെന്നും എലപ്പുള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുനിൽകുമാർ പറഞ്ഞു. പഞ്ചായത്തിൽ അപേക്ഷ ലഭിച്ചിട്ടില്ല. മാധ്യമവാർത്തകളിലൂടെയാണ് വിവരം അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എലപ്പുള്ളി പഞ്ചായത്ത് ആറാം വാർഡ് മണ്ണൂക്കാട്ട് 26 ഏക്കറിലാണ് ഫാക്ടറി ആരംഭിക്കാൻ നീക്കം നടക്കുന്നത്. ബ്രൂവറി-ഡിസ്റ്റലറി യൂനിറ്റ് ആരംഭിക്കാൻ കെ-സ്വിഫ്റ്റ് മുഖേനയാണ് ഒയാസിസ് ഡിസ്റ്റലറീസ് അപേക്ഷിച്ചത്. അതിനാലാണ് അറിയാഞ്ഞതെന്ന് എലപ്പുള്ളി പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
വേനലിൽ എലപ്പുള്ളിയിൽ വെള്ളം കിട്ടാതെ ഏക്കറുകണക്കിന് നെൽകൃഷി ഉണങ്ങിയിരുന്നു. മദ്യ ഉൽപാദനത്തിന് ദിനംപ്രതി രണ്ട് ലക്ഷം ലിറ്റർ വെള്ളം വേണം. വരൾച്ച നേരിടുന്ന പഞ്ചായത്തിൽ ഇത്ര വെള്ളം എങ്ങനെ കണ്ടെത്തുമെന്ന് നാട്ടുകാർ ചോദിക്കുന്നു.
അപേക്ഷ ലഭിച്ചാലേ ഫീൽഡ് സന്ദർശനം ഉൾപ്പെടെ നടക്കൂ. ഓയിൽ കമ്പനികൾക്കുള്ള എഥനോൾ ഉൽപാദനത്തിനുള്ള അപേക്ഷ മാത്രമാണ് ചിറ്റൂർ വാട്ടർ അതോറിറ്റിക്ക് നൽകിയതെന്നാണ് വിവരം. കഴിഞ്ഞ വേനലിൽ 12 ലക്ഷം രൂപ ചെലവിട്ടാണ് പഞ്ചായത്തിൽ കുടിവെള്ളം എത്തിച്ചത്. 150ഓളം മിനി കുടിവെള്ള പദ്ധതികളുണ്ടെങ്കിലും ഇരുമ്പിന്റെ അംശം ഉള്ളതിനാൽ വെള്ളത്തിന് രുചി വ്യത്യാസമുണ്ട്. ഇതിന് പരിഹാരമായി ചിറ്റൂർ പുഴയിലെ കുന്നങ്കാട്ടുപതി തടയണയിൽ നിന്നു പൈപ്പിടുന്ന ജോലികൾ പുരോഗമിക്കുകയാണ്.
ഈ പദ്ധതിയുടെ 50 ശതമാനമേ പൂർത്തിയായിട്ടുള്ളൂ. വാളയാർ ഡാമിൽ നിന്ന് കനാൽവഴിയുള്ള ജലസേചനവും കുഴൽകിണറുകളുമാണ് കൃഷിക്ക് പ്രയോജനപ്പെടുത്തുന്നത്. കുറച്ച് വാർഡുകളിൽ കുന്നങ്കാട്ടുപതി കനാൽ വഴി ആളിയാർ-പറമ്പിക്കുളം വെള്ളം ലഭിക്കുന്നുണ്ട്. കഞ്ചിക്കോട് വേറെയും മദ്യനിർമാണശാലകൾ ഉണ്ടെന്നിരിക്കെ സമീപ പഞ്ചായത്തിൽ പുതുതായൊന്നുകൂടി വരുന്നത് ഭൂഗർഭ ജലത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

