ബ്രൂവറി: അവഗണനയിൽ മലബാർ ഡിസ്റ്റലറീസ്
text_fieldsപാലക്കാട്: എലപ്പുള്ളിയിൽ പുതുതായി ബ്രൂവറി ആരംഭിക്കാൻ സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയപ്പോൾ കഞ്ചിക്കോട് മലബാർ ഡിസ്റ്റലറീസ് എന്ന പൊതുമേഖല സ്ഥാപനത്തിന് സർക്കാർ അവഗണന. കടബാധ്യതയെ തുടർന്ന് പൂട്ടിയ ചിറ്റൂർ ഷുഗർ ഫാക്ടറിയുടെ മേനോൻപാറയിലെ സ്ഥലത്ത് 2009ലാണ് മലബാർ ഡിസ്റ്റലറീസ് സ്ഥാപിച്ചത്.
പ്ലാന്റിൽ വെള്ളമെത്തിക്കാനുള്ള നടപടി എങ്ങുമെത്തിയിട്ടില്ല. നീണ്ട കാത്തിരിപ്പിനൊടുവിൽ ജവാൻ മദ്യം ഉൽപാദിപ്പിക്കാൻ 2024 ജൂലൈയിൽ തീരുമാനമായിരുന്നു. അഞ്ച് ലൈൻ ബോട്ടിലിങ് പ്ലാന്റ് സ്ഥാപിക്കാനാണ് ഭരണാനുമതി ലഭിച്ചത്. ഇതിന് ബിവറേജസ് കോർപറേഷന് 25 കോടി രൂപയും അനുവദിച്ചിരുന്നു. 29.5 കോടിയുടെ പദ്ധതിയിൽ ആദ്യഘട്ടത്തിൽ 15 കോടി മുടക്കാനായിരുന്നു തീരുമാനം. എന്നാൽ, സാങ്കേതികാനുമതി ലഭിക്കാതിരുന്നതോടെ തുടർപ്രവർത്തനം മുടങ്ങി.
ജലക്ഷാമം രൂക്ഷമായ മേഖലയിൽ മദ്യം ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളം എത്തിക്കുന്നതും പ്രതിസന്ധിയായി. കുന്നങ്കാട്ടുപതി തടയണയിൽനിന്ന് വെള്ളമെത്തിക്കാനുള്ള ശ്രമം പഞ്ചായത്തിന്റെ എതിർപ്പിൽ മുടങ്ങി. മൂന്ന് പൂർണ ഓട്ടോമാറ്റിക് ബോട്ടിലിങ് ലൈനിൽ നിത്യവും 12,500 കെയ്സ് വരെ മദ്യം ഉൽപാദിപ്പിക്കാനാണ് പുതിയ തീരുമാനം. ഇതിന് 25,000 ലിറ്റർ വരെ വെള്ളം വേണം. നിലവിൽ ഇരുഭാഗത്തുമുള്ള പുഴകളിൽനിന്ന് ശുദ്ധീകരിക്കാത്ത വെള്ളം പ്ലാന്റ് പരിസരത്തെ സംഭരണിയിലെത്തിച്ച് ശുദ്ധീകരിക്കാനുള്ള സമാന്തര പദ്ധതി വാട്ടർ അതോറിറ്റി തയാറാക്കിയിട്ടുണ്ട്.
സർക്കാരിനെതിരെ കെ.സി.ബി.സി
കൊച്ചി: കുറ്റകൃത്യങ്ങള്‍ പെരുകുംപോലെ മദ്യശാലകളും പെരുകുകയാണെന്നും കുടിവെള്ളമില്ലാത്ത നാട്ടില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കാന്‍ മദ്യനിർമാണക്കമ്പനിക്ക് അനുമതി നൽകിയത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി. പാലക്കാട്ട് സ്വകാര്യ ബ്രൂവറി കമ്പനിക്ക് നൽകിയ അനുമതി പിന്‍വലിക്കണം. ചര്‍ച്ച കൂടാതെ എടുക്കുന്ന നയങ്ങളിൽ അഴിമതി ഉണ്ടാകുമെന്ന് യോഗം ചൂണ്ടിക്കാട്ടി. ചെയര്മാന് ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

