വരുന്നത് സ്മോളല്ല; ലാർജ്
text_fieldsതിരുവനന്തപുരം: കഞ്ചിക്കോട്ട് ബ്രൂവറി സ്ഥാപിക്കാൻ അനുമതി നൽകിയ കമ്പനിക്ക് വാഴ്ത്തുപാട്ടുമായി സർക്കാർ ഉത്തരവ്. പരിസ്ഥിതി മലിനീകരണത്തിലും അഴിമതിയിലും നിയമനടപടി നേരിടുന്ന കമ്പനിയെയാണ് സർക്കാർ വാനോളം പുകഴ്ത്തുന്നത്. ദശലക്ഷക്കണക്കിന് ലിറ്റർ വെള്ളം ഊറ്റുന്ന കമ്പനി കേരളത്തിലെ കാർഷികമേഖലക്ക് സഹായകരമാകുമെന്നാണ് ഉത്തരവിൽ പറയുന്നത്.
വീര്യം കുറഞ്ഞ മദ്യം (എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ -ഇ.എൻ.എ) ഉണ്ടാക്കാന്‍ അനുമതി നല്‍കുമെന്ന മദ്യനയത്തിലെ പരാമർശം വളച്ചൊടിച്ചാണ് അനുമതി. ബ്രൂവറി എന്ന സ്മോൾ പറഞ്ഞിടത്ത് ഇ.എൻ.എ കൂടാതെ എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂനിറ്റ്, ഇന്ത്യന്‍ നിർമിത വിദേശമദ്യ ബോട്ടിലിങ് യൂനിറ്റ്, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി പ്ലാന്റ്- വൈനറി പ്ലാന്റ് സംയോജിത യൂനിറ്റ് തുടങ്ങി ലാർജിനാണ് അനുമതി നല്‍കിയിരിക്കുന്നത്.
ടെൻഡർ ഉൾപ്പെടെ നടപടിക്രമങ്ങൾ പാലിക്കാതെയും 1999ലെ എക്സിക്യൂട്ടിവ് ഉത്തരവ് മറികടന്നും മദ്യനയത്തിലെ പരാമർശം വളച്ചൊടിച്ചുമാണ് മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡിന് 15ന് ചേർന്ന മന്ത്രിസഭായോഗം ബ്രൂവറിക്ക് അനുമതി നൽകിയത്. കമ്പനിക്കാവശ്യമായ അസംസ്കൃത വസ്തുക്കളിൽ കേരളത്തിലെ കാർഷിക വിളകൾ ഉൾപ്പെടുന്നതിനാൽ കാർഷിക മേഖലക്ക് സഹായകരമാകുമെന്നാണ് സർക്കാർ വാദം. പരിസ്ഥിതി മന്ത്രാലയത്തിന്റെ എല്ലാ മാനദണ്ഡവും കമ്പനി പാലിക്കുമെന്ന് ഉറപ്പ് നൽകുന്ന സർക്കാർ, ഇതേ കമ്പനിക്കെതിരെ പഞ്ചാബില്‍ നടക്കുന്ന ജനകീയ പ്രതിരോധവും മലിനീകരണ നിയന്ത്രണ ബോർഡിലെ കേസും മറച്ചുവെച്ചു. കേന്ദ്ര സർക്കാറിന് കീഴിലെ എണ്ണക്കമ്പനികൾ വിളിച്ച ടെൻഡറിൽ എഥനോൾ ഉൽപാദനത്തിന് പരിചയസമ്പന്നരായ സംരംഭകരുടെ പട്ടികയിൽ ഒയാസിസ് കമ്പനിയുടെ പേര് മാത്രമാണുള്ളതെന്നാണ് സർക്കാർ വാദം. 20 വർഷമായി വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്തരം പദ്ധതികൾ നടത്തി വിജയിപ്പിച്ച പരിചയവും സാങ്കേതിക പ്രാവീണ്യവും ഈ കമ്പനിക്കുണ്ടെന്ന് പുകഴ്ത്താനും സർക്കാർ മറക്കുന്നില്ല. ഇക്കാരണങ്ങൾ കൊണ്ടാണ് എണ്ണക്കമ്പനികൾ ഒയാസിസ് ഗ്രൂപ്പിനെ കേരളത്തിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്തത്രെ. ഈ സ്ഥാപനം പാലക്കാട് ജില്ലയിൽ സ്ഥാപിക്കുകയാണെങ്കിൽ അത് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുമെന്നും സർക്കാറിന് സാമ്പത്തികനേട്ടം ഉണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

