പണം തട്ടാൻ പല വിദ്യകൾ, അന്വേഷണം തുടങ്ങിയപ്പോൾ ദുരൂഹ മരണം; ഇത് കഞ്ഞിക്കുഴി മോഡൽ
text_fieldsഒരു സഹകരണബാങ്കിനെതിരെ നിരവധി ആരോപണങ്ങൾ ഉയരുകയും അത് കേസും അന്വേഷണവുമായപ്പോൾ സെക്രട്ടറി ദുരൂഹ സാഹചര്യത്തിൽ മരിക്കുകയും ചെയ്താൽ സത്യങ്ങൾ പലതും ഒളിഞ്ഞിരുക്കുന്നുണ്ടെന്ന് ഉറപ്പാണ്. ഇടുക്കി കഞ്ഞിക്കുഴി സഹകരണ ബാങ്കിലാണ് ഈ നിഗൂഡ സംഭവങ്ങൾ.
ദീർഘകാല വായ്പകൾ നിയമവിരുദ്ധമായി അനുവദിക്കുക, ഇല്ലാത്തവരുടെ പേരിൽ വായ്പ നൽകുക, ആദിവാസികളുടെ പേരിൽ വായ്പ അനുവദിച്ച് കുറച്ചു കാലം കഴിഞ്ഞ് എഴുതിത്തള്ളുക തുടങ്ങിയ നിരവധി ആരോപണങ്ങളാണ് കഞ്ഞിക്കുഴി സഹകരണ ബാങ്കിനെതിരെ ഉയർന്നിരുന്നത്. ഈ ആരോപണങ്ങൾ സംബനധിച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതി അന്വേഷണം തുടങ്ങിയതുമാണ്.
അതിനിടെയാണ്, ബാങ്ക് മുൻ സെക്രട്ടറി എഴുത്തുപള്ളിൽ മണി 2021 ജൂൺ 26ന് ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്. മണിയെ വിഷം ഉള്ളിൽചെന്ന് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇതോടെ, അന്വേഷണവും നിലച്ചു.
ബന്ധുക്കളുടെയും ഇഷ്ടക്കാരുടെയും പേരിൽ ചട്ടം ലംഘിച്ച് വൻതുക വായ്പ നൽകിയതായി പരാതി ഉണ്ടായിരുന്നു.
എൽ.ഡി.എഫ് ഭരിക്കുന്ന ബാങ്കിന്റെ 2018-19ലെ ഓഡിറ്റ് റിപ്പോർട്ടിൽ 19 കോടിയുടെ അഴിമതി കണ്ടെത്തിയെന്നാണ് പരാതിയിൽ പറയുന്നത്.