ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ നാലിനെന്ന് കാണിപ്പയ്യൂർ, മൂന്നിനെന്ന് ദേവസ്വം
text_fieldsഗുരുവായൂര്‍: ഏകാദശി ഡിസംബര്‍ മൂന്നിന് ആചരിക്കാനുള്ള ദേവസ്വം തീരുമാനത്തില്‍ തനിക്ക് പങ്കില്ലെന്ന് പഞ്ചാംഗം ഗണിച്ച് തയാറാക്കിയ ജ്യോതിഷി കാണിപ്പയ്യൂര്‍ നാരായണന് നമ്പൂതിരിപ്പാട്. താന്‍ തയാറാക്കി നല്കിയ സോഫ്റ്റ് കോപ്പിയില്‍ ഡിസംബര്‍ നാലിനാണ് ഏകാദശി രേഖപ്പെടുത്തിയിരുന്നതെന്നും അദ്ദേഹം വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. കൈപ്പടയില്‍ എഴുതി നല്‍കിയതിലും നാലിന് ഏകാദശി എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഗുരുവായൂരിലെ പാരമ്പര്യ നിയമപ്രകാരം ഡിസംബര്‍ നാലിന് തന്നെയാണ് ഏകാദശി ആചരിക്കേണ്ടത്.
ദേവസ്വം പഞ്ചാംഗത്തില്‍ ഡിസംബര്‍ മൂന്നിന് ഏകാദശി എന്നത് യാദൃച്ഛികമായി സംഭവിച്ചതല്ലെന്നും അച്ചടി സമയത്ത് മനഃപൂര്‍വം ചെയ്തതാണെന്നും സംശയമുണ്ട്. ഇക്കാര്യം വിദഗ്ധരെകൊണ്ട് അന്വേഷിപ്പിക്കണം. ദേവസ്വം നിശ്ചയിച്ചതുപോലെ ഡിസംബര്‍ മൂന്നിന് ആഘോഷിച്ചാല്‍ യഥാര്‍ഥ ദിവസത്തിന് മുമ്പ് ഏകാദശി ആചരണം നടക്കും. ഇതെല്ലാം സൂചിപ്പിച്ച് ഒക്ടോബര്‍ 27ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് കത്ത് നല്‍കിയിരുന്നു.
ചെയര്മാന് ഡോ. വി.കെ. വിജയനെ ഇ-മെയില്‍ മുഖേനയും അറിയിച്ചു. നവംബര്‍ മൂന്നിന് ചെയര്‍മാനെയും അഡ്മിനിസ്ട്രേറ്ററെയും ഊരാളന്‍ പരമേശ്വരന് നമ്പൂതിരിപ്പാടിനെയും നേരില്‍ കണ്ട് എഴുതി നല്കി. പിന്നീട് തന്ത്രിയെ നേരില്‍ കണ്ടും അറിയിച്ചു. തെറ്റ് തിരുത്താനുള്ള ശ്രമം ഉണ്ടായില്ല. ദേവസ്വം ഔദ്യോഗിക പ്രസിദ്ധീകരണമായ ഭക്തപ്രിയയുടെ നവംബര്‍ ലക്കത്തില്‍ ഡിസംബര്‍ നാലിനാണ് ഏകാദശിയെന്ന് താന്‍ എഴുതിക്കൊടുത്തത് അതേ പ്രകാരം വന്നിട്ടുണ്ടെന്നും കാണിപ്പയ്യൂര്‍ അറിയിച്ചു.
ദേവസ്വം യോഗം വിളിച്ചു
ഗുരുവായൂർ: ഏകാദശിയുടെ തീയതി വിവാദമായ സാഹചര്യത്തിൽ ദേവസ്വം ജ്യോതിഷികളുടെ യോഗം വിളിച്ചു. ഈ മാസം 24 നാണ് യോഗം. ഗണിച്ചുനൽകുന്ന വിദഗ്ധരെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ടെന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ പറഞ്ഞു.
ഏകാദശി ഡിസംബര്‍ മൂന്നിനെന്ന് ദേവസ്വം
ഗുരുവായൂര്‍: ഈ വര്‍ഷത്തെ ഏകാദശി ഡിസംബര്‍ മൂന്നിന് തന്നെ ആഘോഷിക്കുമെന്ന് ദേവസ്വം. ഔദ്യോഗിക പ്രസിദ്ധീകരണമായ ഭക്തപ്രിയയിലാണ് തീയതി അർഥശങ്കയില്ലാതെ വിശദീകരിച്ചിരിക്കുന്നത്.
ദേവസ്വം കലണ്ടര്‍, ഡയറി, പഞ്ചാംഗം എന്നിവയിലെല്ലാം ഡിസംബര്‍ മൂന്നിനാണ് ഏകാദശിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. തീയതി സംബന്ധിച്ച് ആശയകുഴപ്പമുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഭരണസമിതി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. തന്ത്രിയുടെ അഭിപ്രായം വീണ്ടും ആരാഞ്ഞാണ് ഡിസംബര്‍ മൂന്നിന് തന്നെ ആചരിക്കാമെന്ന് തീരുമാനിച്ചതെന്നും ദേവസ്വം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

