കാഞ്ഞങ്ങാട് കൊലപാതകം: അബ്ദുറഹ്മാൻ ഔഫിനെ കുത്തിയത് ഇർഷാദെന്ന് മൊഴി
text_fieldsകാസർകോട്: കല്ലുരാവിയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അബ്ദുറഹ്മാൻ ഔഫിനെ കുത്തിയത് കേസിലെ മുഖ്യപ്രതി യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പൽ ജനറൽ സെക്രട്ടറി മുണ്ടത്തോട് സ്വദേശി ഇർഷാദ് ആണെന്ന് മൊഴി.
വ്യാഴാഴ്ച പിടിയിലായ ഇസ്ഹാഖ് ആണ് ഇതുസംബന്ധിച്ച് പൊലീസിന് മൊഴി നൽകിയത്. അക്രമിസംഘത്തിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നുവെന്നും സംഘത്തോടൊപ്പം യൂത്ത് ലീഗ് പ്രവർത്തകൻ ഹാഷിറും ഉണ്ടായിരുന്നുവെന്നും ഇസ്ഹാഖ് മൊഴി നൽകിയതായാണ് വിവരം.
കല്ലൂരാവി മുണ്ടത്തോട്ട് ബുധനാഴ്ച രാത്രി 10മണിയോടെയാണ് പഴയ കടപ്പുറം സ്വദേശി അബ്ദുറഹ്മാൻ ഔഫ് കുത്തേറ്റ് മരിച്ചത്. അക്രമത്തിൽ ഒൗഫിന്റെ ഹൃദയധമിനിയിൽ മുറിവേറ്റിരുന്നു. ഇത് അതിവേഗം രക്തംവാർന്ന് മരിക്കാൻ കാരണമായി. ഒറ്റക്കുത്തിൽ ശ്വാസകോശം തുളച്ചുകയറിയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കൊലപാതകത്തിലെ മുഖ്യപ്രതി യൂത്ത്ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പൽ ജനറൽ സെക്രട്ടറി മുണ്ടത്തോട്ടെ ഇർഷാദിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘർഷത്തിൽ പരിക്കേറ്റ ഇർഷാദ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇയാളെ കാഞ്ഞങ്ങാട്ടെത്തിച്ചിട്ടുണ്ട്.
മുണ്ടത്തോട് സ്വദേശി ഇസ്ഹാഖിനെ വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മറ്റൊരു പ്രതിയായ മുണ്ടത്തോടെ ഹസൻ പിടിയിലായതായാണ് സൂചന. മൂന്നുപേരുടെയും അറസ്റ്റ് വെള്ളിയാഴ്ച രേഖപ്പെടുത്തിയേക്കും. കേസിൽ കൂടുതൽ പേരെ പ്രതി ചേർത്തേക്കും.

