അടിച്ച് നിലത്ത് വീഴ്ത്തി, നായെ വിട്ട് കടിപ്പിക്കാൻ ശ്രമിച്ചു, മുഖത്ത് തുപ്പി; വാഴയില വെട്ടിയതിന് ദലിത് യുവാവിന് ക്രൂരമർദനം
text_fieldsകാഞ്ഞങ്ങാട്: എളേരിത്തട്ടിൽ പറമ്പിൽ കയറി വാഴയുടെ കൈ വെട്ടിയെന്നാരോപിച്ച് ദലിത് യുവാവിനെ സ്ത്രീകൾ ഉൾപ്പെട്ട സംഘം ക്രൂരമായി ആക്രമിച്ചു. നായെ ഉപയോഗിച്ച് കടിപ്പിക്കാനും ശ്രമിച്ചു. നാലുപേർക്കെതിരെ പട്ടികജാതി-വർഗ പീഡന നിരോധന നിയമപ്രകാരം ജാമ്യമില്ല വകുപ്പിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു.
എളേരിത്തട്ട് മയിലുവള്ളിയിലെ കെ.വി. വിജേഷിന്റെ (32) പരാതിയിൽ എളേരിത്തട്ട് സ്വദേശികളായ റജി, രേഷ്മ, രതീഷ്, നിധിന എന്നിവർക്കെതിരെയാണ് കേസ്. കഴിഞ്ഞദിവസം രാത്രി 9.30നാണ് സംഭവം. മാവിലൻ സമുദായക്കാരനായ യുവാവിനെ ഉയർന്ന ജാതിയിൽപെട്ട പ്രതികൾ ആക്രമിച്ചെന്നാണ് പരാതി. തടഞ്ഞുനിർത്തി കൈകൊണ്ട് അടിച്ചും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചശേഷം പിടിച്ചുകൊണ്ടുപോയി റജിയുടെ കടയിലെത്തിച്ച് മരവടി കൊണ്ട് അടിച്ചും അടിയേറ്റ് നിലത്തുവീണ സമയം മറ്റ് പ്രതികൾ കാൽകൊണ്ട് ചവിട്ടിയും പരിക്കേൽപിച്ചു. റജി കാർക്കിച്ച് മുഖത്ത് തുപ്പിയതായും പരാതിയിൽ പറഞ്ഞു.
റജിയുടെ പറമ്പിലെ വാഴയുടെ കൈ പരാതിക്കാരൻ വെട്ടിയ വിരോധമാണ് ആക്രമണകാരണം. യുവാവിനെ ക്രൂരമായി ആക്രമിക്കുന്നതിന്റെ കാമറദൃശ്യം പുറത്തുവന്നിട്ടുണ്ട്. കേസ് കാസർകോട് എസ്.എം.എസ് ഡിവൈ.എസ്.പിക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

