കാനത്തിൽ ജമീല എം.എൽ.എ അന്തരിച്ചു
text_fieldsകോഴിക്കോട്: കൊയിലാണ്ടി എം.എൽ.എയും കോഴിക്കോട് ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ കാനത്തിൽ ജമീല അന്തരിച്ചു. 60 വയസ്സായിരുന്നു. അർബുദബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം ഡിസംബർ രണ്ടിന് അത്തോളി കുനിയിൽക്കടവ് ജുമാ മസ്ജിദിൽ.
മലബാറിൽ നിന്നുള്ള ആദ്യ മുസ്‍ലിം വനിത എം.എൽ.എയാണ്. 2021ൽ കൊയിലാണ്ടി നിയോജകമണ്ഡലത്തിൽ നിന്നാണ് എൽ.ഡി.എഫ് പ്രതിനിധിയായി നിയമസഭയിലെത്തിയത്. രണ്ടു തവണ കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, തലക്കുളത്തുർ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ച ശേഷമാണ് നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചത്.
കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡന്റായിരിക്കെ, കാനത്തിൽ ജമീലയുടെ നേതൃത്വത്തിൽ വൃക്കരോഗികൾക്കായി നടത്തിയ സ്നേഹസ്പർശം പദ്ധതി കേരളത്തിന് തന്നെ മാതൃകയായി. മുസ്‍ലിം ന്യൂനപക്ഷ വിഭാഗത്തിൽനിന്ന് സി.പി.എമ്മിൽ പടിപടിയായി വളർന്ന നേതാവായിരുന്നു ജമീല.
സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റിയംഗമായിരുന്നു. ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റാണ്. അർബുദബാധിതയായി വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്ന ജമീലയെ ശനിയാഴ്‌ചയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒമ്പതു മാസത്തോളമായി ചെന്നൈയിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലായിരുന്നു.
1966ൽ കുറ്റ്യാടിയിൽ ജനിച്ച ജമീല ആദ്യകാലങ്ങളിൽ സാക്ഷരത പ്രസ്ഥാനത്തിൽ സജീവമായിരുന്നു. വിവാഹം കഴിഞ്ഞ് തലക്കുളത്തൂർ പഞ്ചായത്തിലെത്തിയ ജമീല 1995ൽ കന്നി അങ്കത്തിൽ ജയിച്ച് പഞ്ചായത്ത് പ്രസിഡന്റായി. 2000ൽ വീണ്ടും പഞ്ചായത്തംഗമായി.
2005 മുതൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. 2010ലാണ് ആദ്യമായി ജില്ല പഞ്ചായത്ത് പ്രസിഡന്റായത്. 2020ലും കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡന്റായി. നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ചികിത്സയിൽ കഴിയുമ്പോഴും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
കുറ്റ്യാടി നടുവിലക്കണ്ടി വീട്ടിൽ പരേതരായ ടി.കെ. ആലിയുടെയും മറിയത്തിന്റെയും മകളാണ്. ഭർത്താവ്: കെ. അബ്ദുറഹ്മാൻ. മക്കൾ: ഐറിജ്റഹ്മാൻ (യു.എസ്.എ), അനൂജ സുഹൈബ് (ന്യൂനപക്ഷ വികസന കോർപറേഷൻ ഓഫിസ്, കോഴിക്കോട്). മരുമക്കൾ: സുഹൈബ്, തേജു. സഹോദരങ്ങൾ: ടി.കെ. ജമാൽ, ടി.കെ. അബ്ദുൽ കരീം, ടി.കെ. നസീർ, ആസ്യ, റാബിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

