കാനത്തിൽ ജമീലയുടെ ഖബറടക്കം ചൊവ്വാഴ്ച; സി.പി.എം ജില്ല കമ്മിറ്റി ഓഫിസിലും കൊയിലാണ്ടി ടൗൺഹാളിലും പൊതുദർശനം
text_fieldsകോഴിക്കോട്: കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയുടെ ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട് ആറിന് അത്തോളി കുനിയിൽ കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. രാവിലെ 8 മുതൽ 10 വരെ സി.പി.എം ജില്ല കമ്മിറ്റി ഓഫിസായ സി.എച്ച് കണാരൻ സ്മാരക മന്ദിരത്തിൽ പൊതുദർശനമുണ്ടാകും. 11 മുതൽ ഒരു മണി വരെ കൊയിലാണ്ടി ഇ.എം.എസ് സ്മാരക ടൗൺ ഹാളിൽ പൊതു ദർശനത്തിനു വെക്കും.
പകൽ രണ്ടിനുശേഷം വൈകീട്ട് അഞ്ചുവരെ കൊയിലാണ്ടി അസംബ്ലി മണ്ഡലത്തിൽ എൽ.ഡി.എഫ് നേതൃത്വത്തിൽ ഹർത്താൽ ആചരിക്കുമെന്ന് സി.പി.എം ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ അറിയിച്ചു. കൊയിലാണ്ടിയിലേക്ക് ഭൗതിക ശരീരം കൊണ്ടുവരുമ്പോൾ വഴിയിൽ പൊതുദർശനമുണ്ടാകില്ലെന്നും എല്ലാവരും കൊയിലാണ്ടി ടൗൺ ഹാളിൽ എത്തേണ്ടതാണെന്നും സി.പി.എം അറിയിച്ചു.
കാനത്തിൽ ജമീലയുടെ വേർപാടിൽ ചൊവ്വാഴ്ച ഒരു മണിവരെ ഹോട്ടൽ, കൂൾബാർ ഒഴികെയുള്ള കടകൾ അടച്ച് അനുശോചിക്കുമെന്ന് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ (കെ.എം.എ) അറിയിച്ചു.
ബുധനാഴ്ച വൈകീട്ട് 4.30ന് കൊയിലാണ്ടിയിൽ മൗനജാഥയും അനുശോചന യോഗവും നടക്കും. ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് കാനത്തിൽ ജമീല അന്തരിച്ചത്. കാൻസർ ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. വിദേശത്തുള്ള മകൻ എത്തേണ്ടതിനാലാണ് സംസ്കാരം ചൊവ്വാഴ്ചയിലേക്ക് മാറ്റിയത്. ജനപ്രിയ എം.എൽ.എയുടെ വിയോഗവാർത്ത വേദനയോടെയാണ് നാട് ഉൾകൊണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

