'സാമ്പത്തിക ബുദ്ധിമുട്ടുള്ളതുകൊണ്ട് വസ്ത്രം ധരിക്കേണ്ടെന്ന് ആരെങ്കിലും പറയുമോ?'; കാറുകൾ വാങ്ങുന്നതിനെ ന്യായീകരിച്ച് കാനം
text_fieldsതിരുവനന്തപുരം: സാമ്പത്തിക നിയന്ത്രണത്തിനിടെ പുതിയ കാറുകൾ വാങ്ങാനുള്ള സർക്കാർ ഉത്തരവിനെ ന്യായീകരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സാമ്പത്തിക ഭദ്രതയുള്ളപ്പോൾ മാത്രം യാത്ര ചെയ്താൽ പോര. സാമ്പത്തിക ബുദ്ധിമുട്ടുള്ളതുകൊണ്ട് വസ്ത്രം ധരിക്കേണ്ടെന്ന് ആരെങ്കിലും പറയുമോ?. സർക്കാറിന്റെ സാധാരണ ചെലവുകൾ മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.
കടുത്ത സാമ്പത്തിക നിയന്ത്രണത്തിനിടെ കൂടുതല്‍ കാറുകള്‍ വാങ്ങാനുള്ള സര്‍ക്കാര്‍ ഉത്തരവ് വിവാദമായിരുന്നു. നവംബർ 17നാണ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജനും ഹൈകോടതി ജഡ്ജിമാര്‍ക്കായി നാലും കാറുകൾ വാങ്ങാൻ സർക്കാർ ഉത്തരവിറക്കിയത്.
ഹൈകോടതി രജിസ്ട്രാറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ജഡ്ജിമാർക്കായി കാർ വാങ്ങാൻ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടത്. ബി.എസ് 6 ഇന്നോവ ക്രിസ്റ്റ ഡീസല്‍ കാറുകള്‍ വാങ്ങാൻ ഒന്നിന് 24 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. ഇതേ ദിവസം തന്നെയാണ് സി.പി.എം നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി. ജയരാജന് 35 ലക്ഷം രൂപ മുടക്കി കാര്‍ വാങ്ങാനുള്ള ഉത്തരവ് വ്യവസായ വകുപ്പ് പുറത്തിറക്കിയത്.