കാനാംപുഴ; ഇനി എപ്പോഴും പറയാവുന്ന കഥ
text_fieldsകണ്ണൂർ: കഥകളിലും ഒാർമകളിലും മാത്രമാകുമായിരുന്ന ഒരു പുഴയെ കണ്ണൂർ വീണ്ടെടുത്തു. വർഷങ്ങളായി മാലിന്യം നിറഞ്ഞ് ഒഴുക്കുനിലച്ച കാനാംപുഴയാണ് ജനകീയ കൂട്ടായ്മയുെട കരുത്തിൽ ഇന്നലെ ഒഴുകിത്തുടങ്ങിയത്. ധനമന്ത്രി തോമസ് െഎസക് മുതൽ ഇങ്ങേയറ്റത്ത് കൂലിപ്പണിക്കാരും വിദ്യാർഥികളുമടക്കം 5000ത്തിലധികം പേർ ഒന്നിച്ചണിനിരന്നപ്പോൾ കേരളത്തിലെ പരിസ്ഥിതിപ്രവർത്തനരംഗത്തെ പച്ചപ്പുള്ള ചിത്രംകൂടിയായി അത്.
കണ്ണൂർ നിയോജകമണ്ഡലത്തിലാണ് ചരിത്രപ്രധാനമായ കാനാംപുഴ നിലകൊള്ളുന്നത്. പഴയ മുണ്ടേരി പഞ്ചായത്തിലെ അയ്യപ്പൻകുന്നിൽനിന്ന് ആരംഭിച്ച് ആദികടലായിയിൽ അവസാനിക്കുന്ന പുഴക്ക് 9.5 കിലോമീറ്ററാണ് ദൈർഘ്യം. കാനാംപുഴയിൽനിന്ന് കാനത്തൂരും പിന്നീട് കണ്ണൂരും ഉണ്ടായെന്നാണ് െഎതിഹ്യം. പണ്ട് തെളിനീരുറവകളുണ്ടായിരുന്ന പുഴ, സമൃദ്ധമായ മത്സ്യങ്ങളുടെയും കൂടാരമായിരുന്നു. കുടിക്കാനും കുളിക്കാനുമൊക്കെ ആളുകൾ ഇതിലെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, നാട് വളർന്നുതുടങ്ങിയതോടെ കാനാംപുഴ മാലിന്യക്കൂമ്പാരമായി മാറി.
ആറ് മീറ്റർ വീതിയുണ്ടായിരുന്ന പുഴ പലയിടത്തും ഒരു മീറ്റർ മാത്രമായി. കൈയേറ്റങ്ങളും പുഴയെ തകർത്തു. പലയിടങ്ങളിലും ഒഴുക്കുനിലച്ചു. മഴക്കാലത്തുമാത്രം കൈത്തോടുപോലെ പുഴ ഒഴുകി. കടുത്ത വേനലിൽ കുടിവെള്ളത്തിനടക്കം ജനങ്ങൾ ബുദ്ധിമുട്ടിയതോടെയാണ് കാനാംപുഴ വീണ്ടെടുക്കുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചത്. മണ്ഡലം എം.എൽ.എ കൂടിയായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ ചേർന്ന ജനകീയ കൂട്ടായ്മയാണ് പുഴയെ വീണ്ടെടുക്കുന്നതിന് തീരുമാനമെടുത്തത്. കഴിഞ്ഞ എട്ടാം തീയതി മന്ത്രിയുടെ നേതൃത്വത്തിൽ പുഴക്കരയിലൂടെ പദയാത്ര നടത്തി. യാത്രക്കിടയിൽ നൂറുകണക്കിനുപേർ പുഴ ശുചീകരിക്കുന്നതിന് പിന്തുണയുമായി എത്തി. പിന്നീട് എട്ട് പ്രാദേശികഘടകങ്ങൾ രൂപവത്കരിച്ച് ശുചീകരണത്തിന് വഴിയൊരുക്കുകയായിരുന്നു.
ഇന്നലെ രാവിലെ ഏഴുമുതൽ ആരംഭിച്ച മാലിന്യംനീക്കൽ ഉച്ച കഴിഞ്ഞാണ് അവസാനിച്ചത്. പ്ലാസ്റ്റിക്കുകളും മാലിന്യങ്ങളും നീങ്ങിയതോടെ പുഴക്ക് ജീവൻവെച്ചു. ഇന്നലത്തെ ശുചീകരണംകൊണ്ട് എല്ലാം ഇവർ അവസാനിപ്പിക്കുന്നില്ല. പുഴയുടെ വശങ്ങൾ കെട്ടിയുയർത്തി നടപ്പാതയൊരുക്കുന്നതുവരെ കാര്യങ്ങൾ ചെയ്യാനുണ്ട്. മാസ്റ്റർ പ്ലാൻ തയാറാക്കിയാൽ എത്ര പണവും നൽകാമെന്ന് ശുചീകരണം ഉദ്ഘാടനംചെയ്ത മന്ത്രി തോമസ് െഎസക് ഉറപ്പുനൽകി. ശുചീകരണത്തിനായി രൂപവത്കരിച്ച ജനകീയ കമ്മിറ്റികൾ ഇനി പുഴ സംരക്ഷിക്കാനുള്ള ജാഗ്രതാസമിതികളായി പ്രവർത്തിക്കും. പ്ലാസ്റ്റിക്കുകളോ മാലിന്യമോ പുഴയിൽ വീഴാൻ ഇനി അനുവദിക്കില്ലെന്ന് ഇവർ ഉറപ്പുപറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
