‘കഞ്ചാവ് കേസിലെ പ്രതി വനത്തിലെത്തിയത് ഒളിവിലിരിക്കാൻ; വന്യമൃഗത്തെ ഭയന്ന് അടിക്കാടിന് തീയിട്ടു’; കമ്പമല തീപിടിത്തത്തിൽ ചോദ്യം ചെയ്യൽ തുടരുന്നു
text_fieldsപിടിയിലായ സുധീഷ്
മാനന്തവാടി: വയനാട് കമ്പമലയിൽ പുല്‍മേടിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പിടിയിലായ സുധീഷിനെ ചോദ്യം ചെയ്യുന്നത് വനം വകുപ്പ് ഉദ്യോഗസ്ഥർ തുടരുകയാണ്. ഒളിവിൽ കഴിയാൻ വേണ്ടിയാണ് വനത്തിൽ എത്തിയതെന്ന് കഞ്ചാവ് കേസിലെ പ്രതിയായ സുധീഷ് വനം വകുപ്പിന് നൽകിയ മൊഴി. എന്നാൽ, വന്യമൃഗങ്ങൾ വരുമെന്ന ഭയത്തിൽ സുധീഷ് അടിക്കാടിന് തീ ഇടുകയായിരുന്നു.
ബേഗൂര്‍ റേഞ്ചിലെ തൃശ്ശിലേരി സെക്ഷന്‍ ഫോറസ്റ്റ് പരിധിയിലെ പുല്‍മേട്ടിലാണ് തൃശ്ശിലേരി തച്ചറക്കൊല്ലി ഉന്നതിയിലെ വെള്ളച്ചാലില്‍ സുധീഷ് (27) തീയിട്ടത്. തീപിടിത്തതിന് പിന്നാലെ സംശയാസ്പദമായ സാഹചര്യത്തില്‍ വനത്തില്‍ കണ്ട സുധീഷിനെ വനപാലകര്‍ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് ഇന്നലെ വൈകിട്ട് വനത്തിനുള്ളിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
കഞ്ചാവ് ചെടികള്‍ പിടികൂടിയ കേസ് അടക്കം മാനന്തവാടി, തിരുനെല്ലി സ്റ്റേഷനുകളിലായി വിവിധ കേസുകളില്‍ പ്രതിയാണ് സുധീഷ്. കഞ്ചാവ് കേസില്‍ ഒളിവിലായിരുന്ന സുധീഷിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. കൂടാതെ, ഒരു യുവതിയുടെ പരാതിയിലും സുധീഷിനെതിരെ കേസെടുത്തിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിൽ തോക്ക് പിടിച്ച് ഭീഷണി മുഴക്കിയ സംഭവത്തിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി വനപാലകര്‍ തന്നെ കോടതിയില്‍ ഹാജരാക്കും. തുടർന്ന് കസ്റ്റഡിയില്‍ ലഭിക്കാനായി പൊലീസ് അപേക്ഷ നൽകുമെന്നാണ് വിവരം.
കമ്പമലയിലെ 10 ഹെക്ടറിലധികം പുൽമേടാണ് തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെ ഉണ്ടായ തീപിടിത്തത്തിൽ കത്തി നശിച്ചത്. മലയുടെ ഏറ്റവും മുകൾ ഭാഗത്ത് തീപിടിത്തമുണ്ടായത്. മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാസേനയും വനം വകുപ്പും ചേർന്ന് തീ അണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

