കമ്പകക്കാനം കൂട്ടക്കൊല: കുറ്റപത്രം കോടതിയിൽ; നാലുപേർ പ്രതികൾ
text_fieldsതൊടുപുഴ: വണ്ണപ്പുറത്തിനു സമീപം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. തൊടുപുഴ മുട്ടം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസാണ് രണ്ടായിരത്തോളം പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് കൃഷ്ണന് (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്ജുന് (17) എന്നിവരെ തലക്കടിച്ചും വെട്ടിയും കുത്തിയും കൊന്നശേഷം മൃതദേഹങ്ങള്‍ വീടിനു പിന്‍ഭാഗത്തെ കുഴിയില്‍ മൂടിയെന്നാണ് കേസ്.
കൊലപാതകത്തിെൻറ ആസൂത്രകനും കൃഷ്ണെൻറ ശിഷ്യനുമായിരുന്ന അടിമാലി കൊരങ്ങാട്ടി തേവര്‍കുടിയില്‍ അനീഷ്, സുഹൃത്ത് തൊടുപുഴ കാരിക്കോട് സാലിഭവനില്‍ ലിബീഷ് ബാബു, തൊടുപുഴ ആനക്കൂട് ചാത്തന്മല ഇലവുങ്കല്‍ ശ്യാംപ്രസാദ്, മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്ന് പട്ടരുമഠത്തില്‍ സനീഷ് എന്നിവരാണ് ഒന്നു മുതല്‍ നാലുവരെ പ്രതികള്‍. സംഭവം നടന്ന് ഒരു വര്‍ഷം പിന്നിട്ടപ്പോഴാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഒന്നും രണ്ടും പ്രതികള്‍ക്കെതിരെ കൊലപാതകം, മോഷണം, ഭവനഭേദനം, തെളിവുനശിപ്പിക്കല്‍ എന്നിവക്ക് പുറമെ സുശീലയുടെയും ആര്‍ഷയുടെയും മൃതദേഹങ്ങളോട് അനാദരവ് കാട്ടിയെന്ന പേരില്‍ ബലാത്സംഗ കുറ്റവും ചുമത്തിയിട്ടുണ്ട്. സ്വര്‍ണാഭരണങ്ങള്‍ കവരുക എന്ന ലക്ഷ്യത്തോടെയായിരുന്നു കൊലപാതകമെന്നാണ് പൊലീസ് കണ്ടെത്തൽ. മന്ത്രവാദിയായിരുന്ന കൃഷ്ണെൻറ പക്കലുള്ള താളിയോലകള്‍ സ്വന്തമാക്കാനും പ്രതികള്‍ ലക്ഷ്യമിട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈ 29ന് അര്‍ധരാത്രിയിലായിരുന്നു കേരളത്തെ നടുക്കിയ കൊലപാതകം. മുൻകൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച് കൃഷ്ണെൻറ വീട്ടിലെത്തിയ അനീഷും ലിബീഷും കൃഷ്ണനെയും കുടുംബാംഗങ്ങളെയും തലക്കടിച്ചു വീഴ്ത്തിയ ശേഷമാണ് വെട്ടിയും കുത്തിയും കൊന്നത്. ഇതിനു ശേഷം വീട്ടിൽനിന്ന് ആഭരണങ്ങൾ കവർന്ന് സ്ഥലംവിട്ടു. പിറ്റേന്ന് രാത്രിയിൽ മടങ്ങിയെത്തി മൃതദേഹങ്ങൾ മറവുചെയ്യാൻ ശ്രമിക്കുമ്പോൾ അർജുന് ജീവനുള്ളതായി കണ്ടെത്തി. വീണ്ടും തലക്കടിച്ച് മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് മൃതദേഹങ്ങൾ കുഴിച്ചുമൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
