കൽപറ്റ കെട്ടിടം തകർച്ച: ലോറി വന്നത് ട്രാവലറും ഇടിച്ച് തെറിപ്പിച്ച്
text_fieldsഹിറ്റാച്ചിയുടെ സഹായത്തോടെ കെട്ടിടം പൊളിച്ചുനീക്കുന്നു
കല്പറ്റ: അമിതവേഗത്തിൽ സിമൻറ് ലോഡുമായി എത്തിയ ലോറി ഇടിച്ചുകയറിയതാണ് കോൺക്രീറ്റ് തൂണുകളിൽ കെട്ടിപ്പൊക്കിയ മൂന്നുനില കെട്ടിടത്തിെൻറ തകർച്ചക്ക് കാരണം. കെട്ടിടത്തിനുള്ളിലേക്ക് ലോറിയുടെ മുക്കാൽഭാഗവും കയറിപ്പോയി.
പുലർച്ച അഞ്ചോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തുനിന്നാണ് ലോറി വന്നത്. കെട്ടിടത്തിലേക്ക് ഇടിച്ചുകയറുന്നതിന് മുമ്പായി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ട്രാവലറും ഇടിച്ചുതെറിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ട്രാവലറിലെ ഒരുകുട്ടി ഉൾപ്പെടെ ഏതാനും യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. ട്രാവലർ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.
ലോറി ഇടിച്ച് മറിഞ്ഞ ട്രാവലർ
ഇതിന് ശേഷമാണ് ലോറി ഇറക്കത്തില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനുള്ളിലേക്ക് ഇടിച്ചുകയറിയത്. കോൺക്രീറ്റ് ബീമുകൾ തകർന്നതിനാൽ ഏഴോടെ കെട്ടിടം മുൻഭാഗത്തേക്ക് ചെരിയാൻ തുടങ്ങി.
അപകടാവസ്ഥയിലായ കെട്ടിടം ദേശീയ പാതയിലേക്ക് വീഴാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്ന് ചുണ്ട മുതല്‍ കല്പറ്റവരെ ദേശീയപാതയിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു.
പകരം ചുണ്ട-മേപ്പാടി റൂട്ടിലൂടെയും വെള്ളാരംകുന്ന് കോളജ് വഴിയും കുന്നമ്പറ്റ-പുത്തൂര്‍വയല്‍ വഴിയും വാഹനങ്ങള്‍ കടത്തിവിട്ടു. ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു.
തുടർന്ന് ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്നാണ് കെട്ടിടം പൊളിച്ചുനീക്കാൻ തീരുമാനിച്ചത്. എന്നാൽ, ഹിറ്റാച്ചി എത്താൻ വൈകി.
വെങ്ങപ്പള്ളിയിലുള്ള ഹിറ്റാച്ചി കൊണ്ടുവരാനുള്ള വാഹനം ജില്ലയിൽ ലഭ്യമല്ലാത്തതിനാൽ കോഴിക്കോട്ട് നിന്നെത്തിക്കുകയായിരുന്നു. വൈകീട്ട് 6.30ഓടെയാണ് പൊളിക്കൽ നടപടികൾ ആരംഭിച്ചത്.
ഹിറ്റാജി ഉപയോഗിച്ച് കെട്ടിടത്തിെൻറ ഭാഗങ്ങൾ ഓരോന്ന് പൊളിച്ചുനീക്കുകയായിരുന്നു. നിയമപരമായി എല്ലാ അനുമതിയോടുകൂടിയും ശാസ്ത്രീയമായാണ് കെട്ടിടം നിർമിച്ചതെന്നും ഒന്നര കോടിയോളം രൂപ ചെലവായെന്നും ഉടമകളിലൊരാളായ കെ.ടി. റിയാസ് പറഞ്ഞു.
Also Read:ലോറി ഇടിച്ചു കയറി; കൽപറ്റയിൽ റോഡിലേക്ക് വീഴാനൊരുങ്ങി കെട്ടിടം VIDEO