കൽപാത്തി രഥോത്സവം: ഒരുക്കങ്ങൾ വിലയിരുത്തി
text_fieldsകൽപാത്തി രഥോത്സവം ക്രമീകരണങ്ങൾ വിലയിരുത്താൻ രമേഷ് പിഷാരടി എം.എൽ.എ, ജില്ല കലക്ടർ കെ. സുധീർ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗം
പാലക്കാട്: കൽപാത്തി രഥോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി രമേഷ് പിഷാരടി എം.എൽ.എ, ജില്ല കലക്ടർ കെ. സുധീർ എന്നിവരുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ഉത്സവ ദിനങ്ങളിൽ ഭക്തജനങ്ങളുടെ സുരക്ഷക്കും സൗകര്യങ്ങൾക്കും മുൻഗണന നൽകണമെന്ന് എം.എൽ.എ നിർദേശിച്ചു.
ജനത്തിരക്ക് പൂർണമായും നിയന്ത്രണവിധേയമാക്കാൻ പൊലീസിനെയും സിവിൽ ഡിഫൻസ് സേനയെയും സജ്ജമാക്കി നിർത്തും. മെഡിക്കൽ ക്യാമ്പുകളും ഫസ്റ്റ് എയ്ഡ് സ്റ്റാൻഡുകളും മൂന്ന് ദിവസങ്ങളിലും തുറന്നു പ്രവർത്തിക്കും. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മൂന്ന് ആംബുലൻസുകൾ എപ്പോഴും ‘സ്റ്റാൻഡ് ബൈ’ ആയി നിലയുറപ്പിക്കും. തീർഥാടകർക്കായി ആവശ്യത്തിന് ബയോ ടോയ്‌ലെറ്റുകൾ സ്ഥാപിക്കുമെന്നും കലക്ടർ യോഗത്തിൽ അറിയിച്ചു.
ഉത്സവത്തിന്റെ പ്രധാന ആകർഷണമായ രഥങ്ങളുടെ സുരക്ഷ കൃത്യമായി ഉറപ്പുവരുത്തുന്നതിനായി നവംബർ 11, 12 തീയതികളിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രഥങ്ങളുടെ പരിശോധന നടത്തും. ഉത്സവദിനങ്ങളിൽ കുടിവെള്ളലഭ്യത തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനും ഭക്ഷ്യസുരക്ഷ കർശനമാക്കുന്നതിനും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. മേഖലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പാർക്കിങ് സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും കലക്ടർ പറഞ്ഞു.
അപകടസാധ്യതകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി.യുടെ താഴ്ന്നുകിടക്കുന്ന ലൈനുകൾ ഉടൻ നീക്കം ചെയ്യാനും പ്രദേശത്തെ റോഡുകളുടെ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനും യോഗത്തിൽ നിർദേശം നൽകി. യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ക്ഷേത്രഭാരവാഹികൾ, ഉത്സവ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

