കലൂർ സ്റ്റേഡിയം പൊതുസ്വത്ത്, നടപടിക്രമങ്ങൾ പാലിക്കാതെ കൈമാറിയത് ചട്ടവിരുദ്ധം; ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി
text_fieldsകൊച്ചി: കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി. ടെൻഡർ ഇല്ലാതെ നവീകരണ പ്രവർത്തനങ്ങൾക്ക് സ്റ്റേഡിയം കൈമാറിയെന്നും നടപടിക്രമങ്ങൾ ചട്ടവിരുദ്ധമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
ലയണൽ മെസ്സിയുടെയും അർജന്‍റീനിയൻ ടീമിന്‍റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ജി.സി.ഡി.എയുടെ ഉടമസ്ഥതയിലുള്ള കലൂർ സ്റ്റേഡിയം സ്പോൺസർക്ക് വഴിവിട്ട് കൈമാറിയെന്നാണ് ആക്ഷേപം. ടെൻഡർ വിളിക്കാത്തെ സ്വകാര്യ സ്ഥാപനത്തിന് സ്റ്റേഡിയം കൈമാറി. കരാറോ പാരിസ്ഥിതിക അനുമതിയോ തേടാതെയാണ് നവീകരണ പ്രവർത്തനങ്ങൾ നടന്നത്.
നവംബർ 17ന് മെസ്സിയുടെ സൗഹൃദമത്സരം നടക്കുമെന്നാണ് അറിയിച്ചത്. പിന്നീട് മത്സരം മാറ്റിവെച്ചു. എന്നാൽ, ഇപ്പോഴും നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. സ്റ്റേഡിയത്തിലെ മരങ്ങൾ മുറിച്ചുമാറ്റുന്നുണ്ട്. അനധികൃത നിർമാണ പ്രവർത്തനങ്ങളും നടന്നതോടെ കൊച്ചിൻ കോർപറേഷൻ വിഷയത്തിൽ ഇടപെട്ടിരുന്നു.
കലൂർ സ്റ്റേഡിയം പൊതുസ്വത്താണ്. പൊതുസ്വത്ത് നടപടിക്രമങ്ങൾ പാലിക്കാതെ കൈമാറുന്നത് ചട്ടവിരുദ്ധമാണ്. സർക്കാർ ഉത്തരവോ കരാറോ ഇല്ല. നവീകരണത്തിന് കരാറുണ്ടെന്നാണ് ആദ്യഘട്ടത്തിൽ ജി.സി.ഡി.എയും സർക്കാരും സ്പോൺസറും പറഞ്ഞിരുന്നത്. എന്നാൽ, മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടതോടെ കരാറില്ലെന്നും സർക്കാർ ഉത്തരവ് പ്രകാരമാണ് സ്റ്റേഡിയം കൈമാറിയതെന്നും അധികൃതർ സമ്മതിച്ചു.
കരാറുണ്ടോ?, ഉണ്ടെങ്കിൽ അവ പരസ്യപ്പെടുത്തണം, നിയമപരമായ നടപടിക്രമങ്ങൾ എന്താണ്? തുടങ്ങിയ കാര്യങ്ങളാണ് ഹരജിയിൽ ആവശ്യപ്പെട്ടത്. ഹരജി വിശദവാദത്തിനായി അടുത്ത വ്യാഴാഴ്ചത്തേക്ക് ഹൈകോടതി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

