കല്ല്യാശേരിയിൽ ലീഗ് പ്രവർത്തകരുടെ കള്ളവോട്ട്; സ്ഥിരീകരണവുമായി മീണ
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ കല്യാശ്ശേരിയിൽ മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന് സ്ഥിരീകരിച്ചു. പുതിയങ്ങാടി സ്വദേശി മുഹമ്മദ് ഫയിസ്, മാടായി ജുമാമസ്ജിദിന് സമീപം താമസിക്കുന്ന അബ്ദുൽ സമദ്, കെ.എം. മുഹമ്മദ് എന്നിവരാണ് കള്ളവോട്ട് ചെയ്തതായി കലക്ടറുടെ പരിശോധനയിൽ വ്യക്തമായത്. ഇവർക്കെതിരെ കേസെടുക്കാനും പോളിങ് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ വിശദ അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനും കലക്ടർക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണ നിർദേശം നൽകി.
ആരോപണവിധേയനായ കെ.എം. ഹാഷിക്ക് കള്ളവോട്ട് ചെയ്തെന്ന് കണ്ടെത്താനായിട്ടില്ല. അതിനാൽ ഇക്കാര്യം പരിശോധിക്കാൻ കലക്ടറോട് ആവശ്യപ്പെട്ടു. ഇതോടെ നാല് സി.പി.എം പ്രവർത്തകരും മൂന്ന് ലീഗ് പ്രവർത്തകരുമുൾപ്പെടെ ഏഴു പേർ കള്ളവോട്ട് ചെയ്തതായി തെളിഞ്ഞെന്നും മീണ പറഞ്ഞു. കള്ളവോട്ട് ചെയ്തെന്ന് തെളിഞ്ഞവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 171 സി, ഡി, എഫ് വകുപ്പുകൾ പ്രകാരം കേസെടുക്കാനാണ് നിർദേശം.
കാസർകോട് മണ്ഡലത്തിലുൾപ്പെട്ട മാടായി പുതിയങ്ങാടി എച്ച്.എസ്.എസിലെ 69, 70 പോളിങ് ബൂത്തുകളിലാണ് കള്ളവോട്ട് ചെയ്തതായി തെളിഞ്ഞത്. പ്രശ്ന ബാധിത ബൂത്തായതിനാൽ ഇവിടെ വെബ്കാസ്റ്റിങ്, മൈക്രോ ഒബ്സർവർ സംവിധാനങ്ങളുണ്ടായിരുന്നു. മറ്റ് പരാതി ഉയർന്ന സ്ഥലങ്ങളിലെ വിവരം പരിശോധിച്ചുവരുകയാണ്.
കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിച്ച കോൺഗ്രസ് ബൂത്ത് ഏജൻറിനെതിരെ നടപടി സ്വീകരിക്കാനും കലക്ടർ മുമ്പാകെ ഹാജരാകാതെ ഗൾഫിലേക്ക് പോയ അബ്ദുൽ സമദിനെതിരെ വാറൻറ് പുറപ്പെടുവിക്കാനും ഹാഷിക്കിെൻറ നടപടി വീണ്ടും പരിശോധിക്കാനും നിർദേശം നൽകിയതായി ടിക്കാറാം മീണ പറഞ്ഞു.
മുഹമ്മദ് ഫയിസ്
70ാം നമ്പർ പോളിങ് ബൂത്തിൽ 4.10ന് എത്തുന്നു. 4.16ന് വോട്ട് ചെയ്തു. തുടർന്ന് 4.30ന് 69ാം നമ്പർ ബൂത്തിൽ എത്തി. 4.44ന് വോട്ട് ചെയ്തു. ഇതിൽ നിന്ന് കള്ളവോട്ട് ചെയ്തതായി തെളിഞ്ഞു.
അബ്ദുൽ സമദ്
4.38ന് 69ാം നമ്പർ ബൂത്തിൽ എത്തി. 4.47ന് വോട്ട് ചെയ്തു. 5.27ന് ഇതേ ബൂത്തിൽ വീണ്ടും എത്തി. 5.29ന് വീണ്ടും വോട്ട് ചെയ്തു. എന്നാൽ, ഇയാൾ കലക്ടർ മുമ്പാകെ ഹാജരായി മൊഴി നൽകിയിട്ടില്ല. ഹാജരാകാൻ സമൻസ് അയച്ചിട്ടും കൈപ്പറ്റിയില്ല. ഗൾഫിലേക്ക് മടങ്ങിയെന്നാണ് വിവരം. ആ സാഹചര്യത്തിൽ ഇയാൾക്കെതിരെ വാറൻറ് പുറപ്പെടുവിക്കും.
കെ.എം. മുഹമ്മദ്
4.05ന് 69ാം നമ്പർ ബൂത്തിൽ എത്തി. 4.08ന് ആദ്യവോട്ട് ചെയ്തു. 4.15ന് വീണ്ടും എത്തി കമ്പാനിയൻ വോട്ട് ചെയ്തു. 5.26 ന് വീണ്ടും എത്തി. 5.28ന് വോട്ട് ചെയ്തു. കലക്ടർക്ക് മുമ്പാകെ കമ്പാനിയൻ വോട്ട് ചെയ്തെന്ന് ആദ്യം പറഞ്ഞ ഇയാൾ പിന്നീട് മൊഴിമാറ്റി. ഗൾഫിലുള്ള സക്കീറെന്ന ആളുടെ വോട്ടാണ് താൻ ചെയ്തതെന്നാണ് മൊഴി മാറ്റിയത്. കോൺഗ്രസ് ബൂത്ത് ഏജൻറിെൻറ പ്രേരണ കൊണ്ടാണ് വോട്ട് ചെയ്തതെന്നാണ് വിശദീകരിച്ചത്. അതിെൻറ അടിസ്ഥാനത്തിലാണ് കോൺഗ്രസ് ഏജൻറിനെതിരെയും നടപടിക്ക് ശിപാർശ.
കെ.എം. ഹാഷിക്ക്
69ാം നമ്പർ ബൂത്തിലേക്ക് 4.59ന് എത്തുന്നു. പോളിങ് സ്റ്റേഷൻ ഒാഫിസർമാർക്ക് അരികിലേക്ക് പോകുകയും ബൂത്തിനുള്ളിൽ തുടരുകയും ചെയ്ത ശേഷം 5.11ന് വോട്ട് ചെയ്യാതെ പുറത്തേക്ക് പോകുന്നു. 5.12 ന് വീണ്ടും ബൂത്തിനകത്തേക്ക്. 5.14 ന് വോട്ട് ചെയ്ത് പുറത്തേക്ക്. കാമറയിൽ ഇയാൾ രണ്ട് വോട്ട് ചെയ്തതായി കണ്ടെത്താനായിട്ടില്ല. അതിനാൽ ദൃശ്യങ്ങൾ ഉൾപ്പെടെ കാര്യങ്ങൾ വിശദമായി പരിശോധിക്കാൻ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
