തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി ചന്ദ്രനെന്ന മണിച്ചനെ മോചിപ്പിക്കാൻ സർക്കാർ ശിപാർശ. മണിച്ചനടക്കം വിവിധ കേസുകളിൽപെട്ട 33 പേരുടെ ശിക്ഷ ഇളവുചെയ്ത് ജയിൽമോചിതരാക്കാനുള്ള മന്ത്രിസഭ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
'ആസാദി കാ അമൃത് മഹോത്സവ'ത്തിന്‍റെ ഭാഗമായാണിത്. 20 വർഷം ശിക്ഷ പൂർത്തിയാക്കിയ മണിച്ചനെ മോചിപ്പിക്കണമെന്ന മന്ത്രിസഭ ശിപാർശ ആഴ്ചകൾക്കുമുമ്പ് ഗവർണർക്ക് അയച്ചെങ്കിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ല. നിയമോപദേശം തേടിയശേഷം തീരുമാനമെടുക്കാനാണ് രാജ്ഭവൻ ആലോചിക്കുന്നതെന്നാണ് വിവരം.
കേരളത്തിൽ ഏറെ രാഷ്ട്രീയ വിവാദമുണ്ടാക്കിയ കേസിൽ മണിച്ചന്‍റെ കൈയിൽനിന്ന് മാസപ്പടി വാങ്ങിയതുമായി ബന്ധപ്പെട്ട് ഉന്നത രാഷ്ട്രീയ നേതാക്കൾക്കെതിരെയും എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെയും ആരോപണമുയർന്നിരുന്നു. കേസിലെ പ്രതികളും മണിച്ചന്‍റെ സഹോദരന്മാരുമായ കൊച്ചനി, മണികണ്ഠൻ എന്നിവർക്ക് സർക്കാർ കഴിഞ്ഞവർഷം ശിക്ഷ ഇളവ് നൽകിയിരുന്നു.
ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മണിച്ചൻ നെട്ടുകാൽത്തേരി തുറന്ന ജയിലിലാണ്. ജയിലിൽ പ്രശ്നങ്ങളുണ്ടാക്കാത്ത ആളായതിനാലാണ് പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് നെട്ടുകാൽത്തേരിയിലേക്ക് മാറ്റിയത്. മണിച്ചന്‍റെ മോചനവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ഭാര്യ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.