‘കള്ളൻ വിജയൻ’ എഴുതിയത് ദേശാഭിമാനിക്കുവേണ്ടിതന്നെ, വിജയൻചേട്ടനെ പ്രതീക്ഷിച്ചതിനുമപ്പുറം പ്രശസ്തനാക്കിയതിൽ എല്ലാവർക്കും നന്ദി -ടി.സി. രാജേഷ്
text_fieldsകൊച്ചി: ദേശാഭിമാനി പത്രത്തിന്റെ വാരാന്തപ്പതിപ്പിനുവേണ്ടി തന്നെയാണ് ‘കള്ളൻ വിജയൻ’ എന്ന ലേഖനമെഴുതിയതെന്ന് മാധ്യമ പ്രവർത്തകൻ ടി.സി. രാജേഷ്. സാങ്കേതിക കാരണങ്ങൾകൊണ്ടാണ് വാരാന്തപ്പതിപ്പ് മുടങ്ങിയതെന്ന് വിശദീകരണവുമായി റസിഡന്റ് എഡിറ്ററും സി.പി.എം നേതാവുമായ എം. സ്വരാജ് ഇന്ന് രാവിലെ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫേയ്സ്ബുക്കിൽ ടി.സി. രാജേഷ് അഭിപ്രായം പങ്കുവെച്ചത്. വാരാന്തത്തിന്റെ ചുമതലയുണ്ടായിരുന്ന കെ.ആർ. അജയനാണ് ലേഖനമെഴുതാൻ അനുവാദം തന്നത്. കഴിഞ്ഞയാഴ്ച ഫീച്ചർ തയ്യാറാക്കി ഫോട്ടോ സഹിതം വാരാന്തപ്പതിപ്പിന്റെ ഇ-മെയിലിലേക്ക് അയക്കുകയും ചെയ്തു.
ഒമ്പതു വർഷത്തെ ഇവേളക്കുശേഷം ഞാൻ ആസ്വദിച്ചെഴുതിയ ഫീച്ചറാണ് ‘കള്ളൻ വിജയൻ, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ’ എന്നത്. അത് വെറുതേ സിസ്റ്റത്തിലെ ഒരു ഫോൾഡറിൽ വെളിച്ചംകാണാതെ ഒതുക്കിവെക്കാൻ തോന്നിയില്ല. അതുകൊണ്ടുമാത്രമാണ് ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്തത്. എന്തായാലും മുത്തിപ്പാറക്കാരൻ വിജയൻ ചേട്ടനെ തേടിച്ചെല്ലാൻ മാധ്യമങ്ങളൊക്കെ തയ്യാറായതിലും അദ്ദേഹത്തെ ഞാൻ പ്രതീക്ഷിച്ചതിനുമപ്പുറം പ്രശസ്തനാക്കിയതിലും എല്ലാവർക്കും നന്ദിയെന്നും ടി.സി. രാജേഷ് എഫ്ബിയിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ഫീച്ചറുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇന്നുരാവിലെ സഖാവ് എം. സ്വരാജ് പറഞ്ഞ കാര്യങ്ങളോട് പൂർണമായും യോജിക്കുകയാണ്. രാവിലെ മുതൽ പല ചാനലുകളിൽ നിന്നും കോളുകൾ വരുന്നതിനാലും ആരോടും നേരിട്ട് പ്രതികരിക്കേണ്ടതില്ലെന്നു തീരുമാനിച്ചിരിക്കുന്നതിനാലുമാണ് ഈ കുറിപ്പ്.
ദേശാഭിമാനി എന്നല്ല ഏതു മാധ്യമത്തിന്റെയും ഉള്ളടക്കം സംബന്ധിച്ച അവസാന തീർപ്പ് അതിന്റെ പത്രാധിപസമിതിക്ക് തന്നെയാണ്. എഴുത്തിലേക്ക് വരുന്ന കാലത്ത് തയ്യാറാക്കി അയച്ച പല മാറ്ററുകളും പത്രാധിപർമാർ നിർദ്ദാക്ഷിണ്യം തിരസ്‌കരിച്ച് തിരിച്ചയിച്ചിട്ടുണ്ട്. നേരിട്ടു കൊണ്ടുപോയി കൊടുത്ത ഫീച്ചറുകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കാനാകില്ലെന്ന് ജോസ് പനച്ചിപ്പുറത്തേയും എൻആർഎസ് ബാബുവിനേയും പോലുള്ള പത്രാധിപർമാർ നേരിട്ടു പറഞ്ഞിട്ടുണ്ട്.
അയച്ച് മാസങ്ങൾ കഴിഞ്ഞശേഷം മറ്റാർക്കും കൊടുത്തില്ലെങ്കിൽ ലേഖനം നൽകാമെന്നു പറഞ്ഞ് എസ്. ജയചന്ദ്രൻ നായരെപ്പോലുള്ള പത്രാധിപർമാർ എന്നെ വിളിക്കുകയും ലേഖനം പ്രസിദ്ധീകരിക്കുകയും തുടർന്നും വിഷയങ്ങൾ തന്ന് എന്നെക്കൊണ്ട് എഴുതിക്കുകയും ചെയ്തിട്ടുണ്ട്.
ഞാൻ പത്രപ്രവർത്തന രംഗത്തുള്ള കാലത്ത് ഫയൽ ചെയ്തിട്ടുള്ള ഒട്ടേറെ സ്റ്റോറികൾ വരാതിരുന്നിട്ടുണ്ട്. വെട്ടിമുറിച്ച് വൈകല്യം വരുത്തി പ്രസിദ്ധീകരിക്കപ്പെട്ടവയുമുണ്ട്. എഴുതിക്കൊടുത്ത തലവാചകങ്ങളും ഇൻട്രോയുമൊക്കെ മനോഹരമാക്കിയും അല്ലാതെയും മാറ്റിയെഴുതപ്പെട്ടിട്ടുമുണ്ട്.
അക്കാര്യത്തിൽ അന്നും ഇന്നും മാധ്യമസംവിധാനങ്ങൾ ഒരേരീതിയിലാണ് പ്രവർത്തിക്കുന്നത്. കെ.ആർ. ഗൗരിയമ്മയെ സിപിഎമ്മിൽ നിന്നു പുറത്താക്കിയപ്പോൾ പ്രമുഖ പത്രം ആ വാർത്തക്കു കൊടുത്ത നിർദ്ദോഷകരമായ തലക്കെട്ടിലെ അപകടം അവസാന നിമിഷം കണ്ടെത്തുകയും പത്രാധിപസമിതി ആ തലക്കെട്ട് മാറ്റുകയും ചെയ്ത സംഭവം പത്രപ്രവർത്തനത്തിന്റെ തുടക്കകാലത്ത് ക്ലാസെടുത്തിട്ടുള്ളവർ പറഞ്ഞ് കേട്ടിട്ടുണ്ട്. മാധ്യമസ്ഥാപനത്തിന്റെ നയത്തിനും രീതികൾക്കും വിരുദ്ധമായോ ഇഷ്ടപ്പെടാത്തതായോ പത്രാധിപസമിതിയുടെ കണ്ണിൽപെടാതെ എന്തെങ്കിലും വന്നാൽ അതെഴുതിയ ലേഖകരെ നാടുകടത്തുകയോ പുകച്ച് പുറത്തുചാടിക്കുകയോ ചെയ്യുന്ന നടപടികളൊക്കെ നമ്മുടെ നാട്ടിലെ മാധ്യമങ്ങളിലുണ്ടെന്ന കാര്യം മറക്കരുത്.
കഴിഞ്ഞവർഷം അനിൽ രാധാകൃഷ്ണൻ ഫെലോഷിപ്പുമായി ബന്ധപ്പെട്ട് റോഡ് സുരക്ഷയെപ്പറ്റിയുള്ള പഠനത്തിന്റെ ഫലമായുള്ള പല കണ്ടെത്തലുകളും ലേഖനമാക്കി പല പ്രസിദ്ധീകരണങ്ങളേയും സമീപിച്ചുവെങ്കിലും പല കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുകയാണ് എല്ലാവരും ചെയ്തത്. അതിലെ ചില വിവരങ്ങൾ വച്ച് സ്റ്റോറി ചെയ്യാമെന്ന് പറഞ്ഞ് വിവരാവകാശ രേഖകളുൾപ്പെടെ എന്റെ കയ്യിൽ നിന്ന് ഒരു ചാനൽ വാങ്ങിയെങ്കിലും ഇതുവരെ അതൊന്നും വെളിച്ചം കണ്ടിട്ടില്ല. അതുകൊണ്ട് എനിക്കിതൊരു പുത്തരിയല്ല. അന്നത്തെ പല കണ്ടെത്തലുകളും ഞാൻ പങ്കുവച്ചത് ഫെയ്‌സ് ബുക്കിലൂടെയാണ്.
മുത്തിപ്പാറയിലെ വിജയൻ ചേട്ടനെപ്പറ്റി 2025 സെപ്റ്റംബറിലാണ് ഞാൻ ഫെയ്‌സ് ബുക്കിൽ പോസ്റ്റിടുന്നത്. അതിനുശേഷം മാതൃഭൂമിയുടെ ലോക്കൽ പേജിലും ന്യൂസ് മലയാളം ചാനലിലും ഏതാനും യൂട്യൂബർമാരുടെ പേജുകളിലും അദ്ദേഹത്തെപ്പറ്റി സ്റ്റോറി വന്നു. ഒന്നും മോഷ്ടിക്കാതെയും കള്ളത്തരങ്ങളില്ലാതെയും കള്ളനെന്നു വിളിക്കപ്പെടുന്ന ആളെന്നതുതന്നെയായിരുന്നു ആ സ്റ്റോറിയിലെ കൗതുകം. പലരോടും പിന്നീട് ഞാനിദ്ദേഹത്തെപ്പറ്റി പറഞ്ഞിരുന്നെങ്കിലും ആരും മൈൻഡ് ചെയ്തില്ല.
ദേശാഭിമാനി പത്രത്തിന്റെ വാരാന്ത്യപ്പതിപ്പിൽ ജൂൺ മാസത്തിൽ നാടകസംബന്ധിയായ ഒരു ലേഖനം ഞാൻ കൊടുക്കുകയും അത് പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് എന്തെങ്കിലുമൊക്കെ എഴുതൂ എന്ന് എന്നെ പ്രോൽസാഹിപ്പിച്ചത് വാരാന്ത്യത്തിന്റെ ചുമതലയുണ്ടായിരുന്ന കെ.ആർ. അജയനാണ്.
പഴയ ഫെയ്‌സ് ബുക് പോസ്റ്റിന്റെ ലിങ്ക് കൊടുത്ത് ഇതൊരു ഫീച്ചറാക്കട്ടെയെന്ന് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം അനുവാദം തന്നു. ജൂലൈ ഒന്നിന് ഞാൻ മുത്തിപ്പാറയിൽ പോയപ്പോൾ വിജയൻ ചേട്ടനുമായി സംസാരിച്ചു. ദേശാഭിമാനിക്കു വേണ്ടിയാണ് ഫീച്ചർ തയ്യാറാക്കുന്നതെന്നും പറഞ്ഞു. കഴിഞ്ഞയാഴ്ച ഫീച്ചർ തയ്യാറാക്കി ഫോട്ടോ സഹിതം വാരാന്ത്യപ്പതിപ്പിന്റെ ഇ-മെയിലിലേക്ക് അയക്കുകയും ചെയ്തു. കേരള കൗമുദിയിൽ ജോലി ചെയ്യവേ എന്നെക്കൊണ്ട് നിരന്തരം നിർബന്ധിച്ച് വാരാന്ത്യകൗമുദിയിൽ ഫീച്ചറുകളെഴുതിച്ചിരുന്ന സുഗതരാജെന്ന പത്രാധിപരെ ഞാനോർത്തുപോയി.
ഞായറാഴ്ച പത്തുമണിയോടെ ഒരു മാധ്യമ സുഹൃത്ത് വിളിച്ചു പറഞ്ഞതിൽ നിന്നാണ് ഞാനെഴുതിയ ഫീച്ചർ മൂലമാണ് ദേശാഭിമാനിയുടെ വാരാന്ത്യപ്പതിപ്പ് ഞായറാഴ്ച പുറത്തിറങ്ങാതിരുന്നതെന്ന് മനസ്സിലാക്കിയത്. എന്റെ ലേഖനമാണോ കാരണമെന്ന് ആവർത്തിച്ചു ചോദിച്ചപ്പോൾ ഔദ്യോഗികമായിട്ടല്ല, അനൗദ്യോഗികമായി അങ്ങനെയൊരു വിവരം ലഭിച്ചുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ചോദിച്ചുവാങ്ങുന്ന ലേഖനം പ്രസിദ്ധീകരിക്കപ്പെടണമെന്നൊന്നും നിർബന്ധമില്ല.
പക്ഷേ വാരാന്ത്യപ്പതിപ്പ് ഇറങ്ങാതിരുന്നത് അതുമൂലമാണെങ്കിൽ എനിക്ക് അതിൽ പങ്കുണ്ടെന്ന് ഞാൻ കരുതി. എനിക്ക് അതുണ്ടാക്കിയ ബുദ്ധിമുട്ട് ചില്ലറയല്ല. തുടർന്നാണ് പിഴവുണ്ടായത് എന്റെ ഭാഗത്തുനിന്നാണെന്നു പറഞ്ഞ് ഞാൻ ഫെയ്‌സ് ബുക്കിൽ സ്വമേധയാ പോസ്റ്റിട്ടത്. അപ്പോഴും ആ ലേഖനം സംബന്ധിച്ച സൂചനകളൊന്നും കൊടുത്തിരുന്നുമില്ല. അതിനുശേഷം ഉച്ചയ്ക്ക്, ഇത്തരമൊരു ലേഖനം ഇല്ലെന്ന് സഖാവ് എം. സ്വരാജ് പറയുമ്പോൾ എനിക്ക് അസ്വാഭാവികതയൊന്നും തോന്നിയില്ല. അങ്ങനെയൊരു ലേഖനം റെസിഡന്റ് എഡിറ്റർ കണ്ടിരിക്കണമെന്ന് ദേശാഭിമാനിയിൽ നിർബന്ധമുണ്ടാകണമെന്നില്ലെന്നുതന്നെ ഞാൻ കരുതി.
2016 ഡിസംബറിൽ കലാകൗമുദിയിൽ മണിയാശാനെപ്പറ്റിയെഴുതിയ ഫീച്ചറാണ് ഞാൻ അവസാനമായി എഴുതിയ ഫീച്ചറെന്നാണ് ഓർമ. അതിന്റെ പത്രാധിപരായിരുന്ന വി.ഡി. ശെൽവരാജ് പറഞ്ഞെഴുതിപ്പിച്ച ഫീച്ചറായിരുന്നു അത്. ഒൻപതു വർഷത്തെ ഇവേളയ്ക്കുശേഷം ഞാൻ ആസ്വദിച്ചെഴുതിയ ഫീച്ചറാണ് 'കള്ളൻ വിജയൻ, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ.' എന്നത്. അത് വെറുതേ സിസ്റ്റത്തിലെ ഒരു ഫോൾഡറിൽ വെളിച്ചംകാണാതെ ഒതുക്കിവയ്ക്കാൻ തോന്നിയില്ല. അതുകൊണ്ടുമാത്രമാണ് എന്റെ ഇടമായ ഫെയ്‌സ് ബുക്കിൽ ആ ഫീച്ചർ ഞാൻ പോസ്റ്റുചെയ്തത്. തിരിച്ചയക്കപ്പെടുന്ന സൃഷ്ടികളെ വെളിച്ചംകാണിക്കാനുള്ള ഇടംകൂടിയാണല്ലോ ഇവിടം. എന്തായാലും മുത്തിപ്പാറക്കാരൻ വിജയൻചേട്ടനെ തേടിച്ചെല്ലാൻ മാധ്യമങ്ങളൊക്കെ തയ്യാറായതിലും അദ്ദേഹത്തെ ഞാൻ പ്രതീക്ഷിച്ചതിനുമപ്പുറം പ്രശസ്തനാക്കിയതിലും എല്ലാവർക്കും നന്ദി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

