കല്ലാമല ഡിവിഷന്: യു.ഡി.എഫിലെ പ്രതിസന്ധി ഇന്ന് തീര്‍ന്നേക്കും
text_fieldsവടകര: ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിലുണ്ടായ പ്രതിസന്ധി ഞായറാഴ്ച തീര്‍ന്നേക്കും. സംസ്ഥാന യു.ഡി.എഫ് നേതൃത്വം വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. നേതൃത്വമെടുക്കുന്ന തീരുമാനം അംഗീകരിക്കാന്‍ കെ.പി.സി.സി നേതൃത്വം തയാറായിരിക്കുകയാണ്. ഇതുപ്രകാരം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കാനാണ് സാധ്യത. എന്നാല്‍, ശനിയാഴ്ച വൈകീട്ടും അന്തിമ തീരുമാനം എന്തെന്ന് വടകര മേഖലയിലെ യു.ഡി.എഫ് നേതൃത്വത്തിന് ലഭിച്ചിട്ടില്ല.
ആര്.എം.പി.ഐയുമായി ജനകീയമുന്നണിയെന്ന സംവിധാനത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാനും മറ്റും നേതൃത്വം നല്കിയ അഞ്ചംഗ സമിതിയാണ് അക്ഷരാർഥത്തില്‍ വെട്ടിലായത്. ആര്.എം.പി.ഐക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള വടകര ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് ഡിവിഷനുകള്‍ വിട്ടുകൊടുത്തുകൊണ്ടാണ് കല്ലാമല ഡിവിഷന് ആര്.എം.പി.ഐ ഏറ്റെടുത്തത്. ഈ സാഹചര്യത്തില്‍ വടകര മേഖലയിലെ യു.ഡി.എഫ് നേതൃത്വം ആര്.എം.പി.ഐക്ക് ഒപ്പം നില്‍ക്കുകയാണ്.
കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രെൻറ ഇടപെടലാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതെന്നാണ് ആക്ഷേപം. ഇതില്‍, പ്രതിഷേധിച്ചാണ് കെ. മുരളീധരന് എം.പി വടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാല്‍, ഞായറാഴ്ച മുതല്‍ വടകരയില്‍ പ്രചാരണത്തിനിറങ്ങുമെന്ന് മാറ്റിച്ചിന്തിച്ചതിനു പിന്നില്‍ യു.ഡി.എഫ് നേതൃത്വം നല്കിയ ഉറപ്പാണെന്നാണ് സൂചന. മുന്നണിക്കകത്തെ പ്രതിസന്ധി അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വവും പ്രവര്‍ത്തകരും. ഇക്കാര്യത്തില്‍ പ്രകോപനപരമായി ഇടപെടേണ്ടതില്ലെന്ന നിലപാടാണ് ആര്.എം.പി.ഐക്കുള്ളത്.