കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ: മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നിർമാണ കമ്പനി നഷ്ടപരിഹാരം നല്‍കും മന്ത്രി ടി. സിദ്ദിഖ്
text_fieldsകൽപറ്റ: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും നിർമാണ കമ്പനി നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ടി. സിദ്ദിഖ്. മരിച്ച കമ്പനി ജീവനക്കാരായ ഏഴുപേരുടെ കുടുംബങ്ങൾക്ക് ആറുലക്ഷം രൂപ അടിയന്തര സഹായം നൽകുമെന്ന് മന്ത്രി പറഞ്ഞു. കരാർ ജീവനക്കാരനായ അൽമോന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപയും അടിയന്തര സഹായമായി നൽകും. പരുക്കേറ്റ ഒമ്പത് പേരിൽ ആറുപേർക്ക് രണ്ടര ലക്ഷം രൂപ അടിയന്തര സഹായം നൽകുമെന്നും കമ്പനി ഉറപ്പു നൽകിയതായി മന്ത്രി അറിയിച്ചു.
ഗുരുതരാവസ്ഥയിൽ കഴിയുന്ന മൂന്നുപേർക്ക് രണ്ടര ലക്ഷത്തിൽ കൂടുതൽ തുക നൽകാൻ നിർദേശിച്ചതായും മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് മാറ്റാൻ ദിലീപ് ബിൽ കോൺ കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ട്. സ്കൂളിലേക്ക് അടക്കം അവശ്യ സർവിസുകൾക്കുള്ള ഗതാഗതം മീനാക്ഷി പാലത്തിലൂടെ അനുവദിക്കും. പാലത്തിന്റെ ബലക്ഷയം പരിശോധിക്കാൻ പി.ഡബ്ല്യു.ഡിയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
അതേസമയം, ദുരന്തത്തിൽ കാണാതായ ആളുടെ മൃതദേഹം ഇന്ന് കണ്ടെത്തിയിരുന്നു. കൺസ്ട്രക്ഷൻ മാനേജരായ വിക്രം റാണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനും എംബാം നടപടികൾക്കും ശേഷം മൃതദേഹം ജന്മനാടായ ഹിമാചൽ പ്രദേശിൽ എത്തിക്കും. ആറാം ദിനത്തിൽ അഗ്നിരക്ഷ സേനയും എൻ.ഡി.ആർ.എഫ് സംഘത്തിനും ഒപ്പം സന്നദ്ധ സംഘടനകളും കൂടി ചേർന്ന് നടത്തിയ തിരച്ചിലിലാണ് മീനാക്ഷി പാലത്തിന് 100 മീറ്റർ അകലെ ഒലിച്ചുവന്ന ഇരുമ്പ് പൈപ്പുകൾക്കിടയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. ഇതോടെ കള്ളാടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി.
അതേസമയം, കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാനും സർക്കാരിന് വിദഗ്ധ ശിപാർശകൾ സമർപ്പിക്കുന്നതിനുമായി രൂപവത്കരിച്ച സമിതിയുടെ അന്വേഷണത്തിൽ തുരങ്ക നിർമാണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ മാത്രം പോരെന്ന് പരിസ്ഥിതി സംഘടനകൾ ആവശ്യപ്പെട്ടു. സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതുവരെ തുരങ്ക നിർമാണം നിർത്തിവെക്കാനുമുള്ള സർക്കാർ തീരുമാനം ഇവർ സ്വാഗതം ചെയ്തു.
തുരങ്ക നിർമിതിക്ക് മുമ്പ് ലഭിക്കേണ്ട പരിസ്ഥിതി അനുമതിയടക്കമുള്ള വിവിധ ക്ലിയറൻസുകൾ നേടിയെടുക്കുന്നതിന് സംസ്ഥാന സർക്കാരും പി.ഡബ്ല്യു.ഡിയും ഉദ്യോഗസ്ഥരും നടത്തിയ വഴിവിട്ട സമ്മർദത്തെക്കുറിച്ചും കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടുകൾ നൽകിയത് അടക്കമുള്ള കാര്യങ്ങളും അന്വേഷിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതിയും കേരളത്തിലെ വിവിധ പരിസ്ഥിതി സംഘടനകളുടെയും ശാസ്ത്രജ്ഞന്മാരുടെയും കൂട്ടായ്മയായ കോഎക്സിസ്റ്റൻസ് കലക്ടീവും മുഖ്യമന്ത്രിക്ക് കത്തെഴുതി. രൂപവത്കരിക്കുന്ന സമിതിയിൽ പരിസ്ഥിതി ശാസ്ത്രജ്ഞരും വിദഗ്ധരും ഉണ്ടായിരിക്കണം.
പരിസ്ഥിതി ആഘാത നിർണയവും സാമൂഹ്യ ആഘാതനിർണയവും തെറ്റായും ഗൂഢാലോചനപരമായും ആണ് ഉണ്ടാക്കിയത്. വനം വകുപ്പ് അടക്കം വിവിധ വകുപ്പുകളിൽ തെറ്റായ റിപ്പോർട്ടുകൾ നൽകാൻ അന്നത്തെ സർക്കാർ സമ്മർദം ചെലുത്തി. പി.ഡബ്ല്യു.ഡി വകുപ്പും അന്നത്തെ കോഴിക്കോട് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയറും ചേർന്നാണ് എല്ലാവിധ ഗൂഢാലോചനയും നടത്തിയതെന്നും ഇവർ ആരോപിച്ചു. സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ സമിതിക്കും കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിനും നൽകിയ റിപ്പോർട്ടിൽ തുരങ്കം കടന്നുപോകുന്ന പ്രദേശം റെഡ് സോണിൽപ്പെട്ട പ്രദേശമാണെന്നും സംസ്ഥാന, ജില്ല ദുരന്തനിവാരണ അതോറിറ്റികളുടെ പട്ടികയിൽ റെഡ് സോണിൽപെട്ട മലനിരയാണെന്നുമുള്ള സത്യം ബോധപൂർവം മറച്ചുവെച്ചുവെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

