അവസാനമായി കിടത്താൻ ഒരുതുണ്ട് ഭൂമിപോലുമില്ല..!; റിദ ഫാത്തിമയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചത് അയൽവീടിന്റെ മുറ്റത്ത്
text_fieldsപനയമ്പാടത്ത് അപകടത്തിൽ മരിച്ച റിദ ഫാത്തിമയുടെ മൃതദേഹത്തിനരികെ നെഞ്ചിൽ കൈവെച്ച് കരയുന്ന മാതൃസഹോദരി സജ്ന
ചിത്രം-പി. അഭിജിത്ത്
കല്ലടിക്കോട്: വാടകവീട്ടിൽ താമസിക്കുന്ന റിദ ഫാത്തിമയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചത് അയൽവീടിന്റെ മുറ്റത്ത്. മാങ്കുർശി പിലാത്തൊടി റഫീഖിന്റെയും ജസീനയുടെയും മൂത്ത മകളാണ് പനയംപാടത്ത് വാഹനാപകടത്തിൽ മരിച്ച റിദ ഫാത്തിമ. ബി.പി.എൽ കാർഡുടമകളായ ഇവർ നാല് വർഷമായി വാടകവീട്ടിലാണ് താമസം.
ഓട്ടോ ഡ്രൈവറായ റഫീഖിന്റെ വരുമാനം മാത്രമാണ് ആശ്രയം. റഫീഖ് ഹൃദ്രോഗിയുമാണ്. ചികിത്സയും മറ്റ് കടബാധ്യതകളും മൂലം വീട് വിറ്റാണ് വാടകവീട്ടിൽ താമസം തുടങ്ങിയത്. ഭാര്യപിതാവ് മോനുപ്പ മരിച്ചതോടെ ഭാര്യമാതാവ് ആത്തിക്കയുടെ സംരക്ഷണം കൂടി പരിഗണിച്ചാണ് കുടുംബം തുപ്പനാട്ട് താമസം തുടങ്ങിയത്. കരിമ്പ ജി.യു.പി സ്കൂൾ അഞ്ചാംതരം വിദ്യാർഥി മുഹമ്മദ് റിസ്വാൻ, ഒന്നാം തരം വിദ്യാർഥി റിയ ഫാത്തിമ എന്നിവരാണ് റിദയുടെ സഹോദരങ്ങൾ.
പാലക്കാട് കല്ലടിക്കോട് നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിക്കടിയിൽപെട്ട് നാല് സ്കൂൾ വിദ്യാർഥിനികളാണ് മരിച്ചത്. കരിമ്പ തുപ്പനാട് ചെറുള്ളി സ്വദേശികളായ പള്ളിപറമ്പിൽ അബ്ദുൽ സലീമിന്റെയും ഫാരിസയുടെയും മകൾ ഇർഫാന ഷെറിൻ (13), പട്ടേത്തൊടി അബ്ദുൽ റഫീഖിന്റെയും ജസീനയുടെയും മകൾ റിദ ഫാത്തിമ (13), കവളേങ്ങിൽ അബ്ദുൽ സലീമിന്റെയും നബീസയുടെയും മകൾ നിദ ഫാത്തിമ (13), അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീന്റെയും സജ്നയുടെയും മകൾ ആയിഷ (13) എന്നിവരാണ് മരിച്ചത്.
പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ കരിമ്പ ക്കടുത്ത് പനയംപാടത്ത് വ്യാഴാഴ്ച വൈകീട്ട് 3.45 ഓടെയായിരുന്നു അപകടം. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ നാല് പേരും.

