കാലിയ റഫീഖ് വധം: നൂർ അലി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ; ജിയ ഉടനെ കീഴടങ്ങിയേക്കും
text_fieldsമഞ്ചേശ്വരം : ചൊവ്വാഴ്ച്ച രാത്രി മംഗളൂരു കോട്ടക്കാർ ദേശീയപാതയിൽ പെട്രോൾ പമ്പിന് സമീപം കൊല്ലപ്പെട്ട ഉപ്പള മണിമുണ്ടേ സ്വദേശി കാലിയ റഫീഖിൻറെ കൊലയാളികളായ നാലുപേരെ ഉള്ളാൾ പൊലീസ് അറസ്റ്റു ചെയ്തു.
മൂന്നു വർഷം മുമ്പ് കൊല്ലപ്പെട്ട മുത്തലിബിൻറെ സഹോദരനും ഉപ്പള പത്വാടി റോഡ് സ്വദേശിയുമായ നൂർ അലി (36 ) ഉപ്പള ടൗണിൽ ഖദീജ ബീവി ദർഗക്ക് സമീപത്തെ അബ്ദുൽ റൗഫ് (38 ) പൈവളിഗെ ബായിക്കട്ടയിലെ പത്മനാഭൻ (38 ) കർണാടക സാലത്തൂർ സ്വദേശി മുഹമ്മദ് റഷീദ് (32 ) എന്നിവരെയാണ് ഉള്ളാൾ പൊലീസ് പിടികൂടിയത്.
അറസ്റ്റിലായവർ നേരത്തെ നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.നൂർ അലി നാല് കേസുകളിലും,റൗഫ് ആറു കേസുകളിലും,പത്മനാഭൻ,ആസിഫ് കൊലക്കേസ് ഉൾപ്പെടെ നാല് കേസുകളിലും പ്രതികളാണ്.
കൊലപാതകത്തിൽ ഏഴു പേരാണ് നേരിട്ട് പങ്കെടുത്തത്.ഇതിൽ മൂന്നു പേരെക്കൂടി പിടികൂടാൻ ഉണ്ട്.കൊലയാളികൾക്ക് സഹായം ചെയ്തു കൊടുത്തവരെ കുറിച്ചും അന്വേഷണസംഘം വിവരം ശേഖരിച്ചിട്ടുണ്ട്. മംഗളൂരു സിറ്റി ക്രൈം ബ്യൂറോയും (സിസിബി), ഉള്ളാള്‍ പോലീസുമാണ് സംയുക്തമായി കേസ് അന്വേഷണം നടത്തുന്നത്.
കാലിയ റഫീഖിൻറെ നീക്കങ്ങൾ കൃത്യമായി കൊലയാളികൾക്ക് ചോർത്തി നൽകി കൊലക്ക് ഒത്താശ ചെയ്തു എന്ന് സംശയിക്കുന്ന റഫീഖിൻറെ ഡ്രൈവർ മുജീബിനെ കുറിച്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.ഇയാളും കേസിൽ പ്രതിയാകുമെന്നാണ് പൊലീസ് നൽകുന്ന വിവരം.
അതേസമയം,കാലിയ റഫീഖിനെ കൊല്ലിപ്പിച്ചത് താൻ ആണെന്ന് മാധ്യമങ്ങൾ വഴി സ്വയം കുറ്റം ഏറ്റെടുത്ത ബാളിഗെ അസീസ് കൊലക്കേസ് പ്രതിയായ പൈവളിഗെ സ്വദേശി സിയ എന്ന സിയാദ് തിങ്കളാഴ്ച്ച പൊലീസിൽ കീഴടങ്ങുമെന്നാണ് സൂചന. ദുബായിലുള്ള സിയാദ് ആണ് കാലിയ റഫീഖിനെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കിയതും കൊലയാളികളെ കൃത്യത്തിനു പ്രേരിപ്പിച്ചു സഹായങ്ങൾ ചെയ്തതും.
അറസ്റ്റിലായ നാലുപേരെയും സിയാദിനെയും ഒഴിച്ച് കൊലയിൽ നേരിട്ട് പങ്കെടുത്ത മറ്റു രണ്ടു പേരെ കുറിച്ചുള്ള വിവരവും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
