ആൻറിവൈറൽ കൂടുതൽ പേരിൽ പരീക്ഷിക്കാനൊരുങ്ങി കളമശ്ശേരി മെഡിക്കൽ കോളജ്
text_fieldsകൊച്ചി: കോവിഡ് ചികിത്സയിൽ പ്രതീക്ഷ നൽകുന്ന ചുവടുവെപ്പ് നടത്തിയ കളമശ്ശേരി മെഡിക്കൽ കോളജ്, രോഗം ഗുരുതരമായ കൂടുതൽ പേരിൽ മരുന്ന് പരീക്ഷണത്തിന് തയാറെടുക്കുന്നു. മറ്റൊരു മരുന്നും ഫലപ്രദമാകാത്ത സാഹചര്യത്തിൽ ജീവൻ നിലനിർത്തുക എന്ന ഒറ്റലക്ഷ്യത്തോടെയാണ് ഡോക്ടർമാരുടെ സംഘം ഇൗ ദൗത്യത്തിലേക്ക് കടക്കുന്നത്. അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവരുകയും ചെയ്ത 57കാരനായ ബ്രിട്ടീഷ് പൗരൻ ബ്രയാൻ നീലിന് നൽകിയ ആൻറിവൈറൽ മരുന്നുകളാണ് മറ്റ് ചിലർക്കും ജീവൻരക്ഷക്കായി നൽകാൻ ഒരുങ്ങുന്നത്.
കോവിഡിന് ഫലപ്രദമായ മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തതിനാൽ ആൻറി വൈറൽ മരുന്നുകളും അതിെൻറ കോമ്പിനേഷനുകളുമാണ് പല രാജ്യങ്ങളിലും പ്രയോഗിക്കുന്നത്. പരീക്ഷണം എന്ന രീതിയിൽ ഇവ നൽകുേമ്പാൾ ഏറ്റവും പ്രധാനം രോഗിയുടെ പ്രതിരോധ ശേഷിയാണെന്ന് കളമശ്ശേരി മെഡിക്കൽ കോളജിലെ പൾമനറി മെഡിസിൻ വിഭാഗം മേധാവി ഡോ. ഫത്തഹുദ്ദീൻ ‘മാധ്യമ’ത്തോട് പറഞ്ഞു. മറ്റുവഴികളില്ലാതെ വരുേമ്പാൾ ബന്ധുക്കളുടെ സമ്മതത്തോടെയാണ് ഇത്തരം മരുന്നുകൾ പരീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡിനെ തുടർന്ന് ഗുരുതരമായി ന്യുമോണിയ ബാധിച്ചാണ് നീൽ മെഡിക്കൽ കോളജിൽ എത്തുന്നത്. വെൻറിലേറ്ററിൽ ചികിത്സയിലായിരുന്നു. ഒരു മരുന്നും ഇനി നൽകാനില്ലാത്ത സാഹചര്യം വന്നതോടെയാണ് ബന്ധുക്കളുടെ സമ്മതത്തോടെ എച്ച്.െഎ.വിക്ക് നൽകുന്ന ആൻറിവൈറൽ മരുന്നുകളായ റിറ്റോനാവിർ, ലോപിനാവിർ കോമ്പിനേഷൻ നൽകിയത്. അങ്ങനെ നീൽ ജീവിതത്തിലേക്ക് തിരിച്ചെത്തി. കോവിഡ് ചികിത്സയിൽ ഇത് കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ്. എങ്കിലും നിരവധി പരീക്ഷണങ്ങളും ഗവേഷണങ്ങളും ഇക്കാര്യത്തിൽ നടക്കേണ്ടിയിരിക്കുന്നുവെന്നും ഡോ. ഫത്തഹുദ്ദീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
